Asianet News MalayalamAsianet News Malayalam

വീടുകളെല്ലാം വെള്ളത്തിൽ, ജീവിതവും വെള്ളത്തിൽ; ഇന്തോനേഷ്യയിൽ നിന്നുള്ള വീഡിയോ

റോഡിലാകെയും വെള്ളമാണ്. ഈ വെള്ളത്തിലൂടെയാണ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതും വരുന്നതും തങ്ങളുടെ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും ചെയ്യുന്നതുമെല്ലാം. 

coastal village in Indonesia in underwater rlp
Author
First Published Feb 10, 2024, 4:59 PM IST

കാലാവസ്ഥാവ്യതിയാനം ഇന്ന് ലോകം നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്. മഞ്ഞുരുകുന്നതും സമുദ്രനിരപ്പ് ഉയരുന്നതും എല്ലാം നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ, ഇന്തോനേഷ്യയിലെ ജനവിഭാ​ഗങ്ങൾ അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. 

വീഡിയോയിൽ കാണുന്നത് വെള്ളത്തിന്റെ നിരപ്പ് ഉയരുന്നതിനനുസരിച്ച് വെള്ളത്തിൽ തന്നെ താമസിക്കേണ്ടി വരുന്ന ആളുകളെയാണ്. ടിംബുൾ സ്ലോകോ, ബെഡോനോ എന്നിവ പൂർണമായും വെള്ളത്തിനടിയിലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന്റെ വിവിധ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ടിംബുൾ സ്ലോകോയിലെ ജനവാസ മേഖലയിലേക്ക് എത്രമാത്രം വെള്ളം കയറിയിട്ടുണ്ട് എന്ന് ഈ വീഡിയോകൾ കാണുമ്പോൾ മനസിലാവും. 

​വീടുകളിലേക്ക് നടന്നുവരുന്നതിനും പുറത്തേക്ക് പോകുന്നതിനും വേണ്ടി മരം കൊണ്ടുള്ള താല്ക്കാലികമായ ഒരു പാതയും തയ്യാറാക്കിയിരിക്കുന്നതായി കാണാം. ഇവിടെ മൊത്തം വെള്ളം കയറി വീടുകളെല്ലാം പാതി മുങ്ങിയിരിക്കുകയാണ് എന്നാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്. 

ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലെ ടെഗലിൽ സ്ഥിതി ചെയ്യുന്ന ആലം ഇന്ദാ ബീച്ചിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഇവിടേയും തീരത്തെല്ലാം വെള്ളം കയറി മുങ്ങിയ സ്ഥിതിയാണുള്ളത് എന്നും വീഡിയോകളിൽ നിന്നും മനസിലാക്കാം. റോഡിലാകെയും വെള്ളമാണ്. ഈ വെള്ളത്തിലൂടെയാണ് ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതും വരുന്നതും തങ്ങളുടെ നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും ചെയ്യുന്നതുമെല്ലാം. 

ഈ പ്രതിസന്ധികൾ കാരണം, ഇന്തോനേഷ്യൻ സർക്കാർ തലസ്ഥാനം നുസന്താരയിലേക്ക് മാറാൻ പദ്ധതിയിട്ടിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. ജക്കാർത്തയിലെ വെള്ളപ്പൊക്കവും മലിനമായ വായുവും എല്ലാം ഈ തീരുമാനത്തിന് പിന്നിലുണ്ട്. 2024 ഓഗസ്റ്റിൽ ഇന്തോനേഷ്യയുടെ 79 -ാമത് സ്വാതന്ത്ര്യദിനാഘോഷം നുസന്തരയിൽ നടത്താൻ പ്രസിഡൻ്റ് ജോക്കോ വിഡോഡോ പദ്ധതിയിടുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇവിടെ തുടക്കത്തിൽ 500,000 നിവാസികൾക്കുള്ള പ്രധാന അടിസ്ഥാന സൗകര്യങ്ങളാവും പൂർത്തിയാക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios