മുംബൈ ലോക്കൽ ട്രെയിനിൽ ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ സാഹസിക പ്രകടനം. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വന്‍ വിമര്‍ശനം. വിമർശനം ഉയർന്നതോടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇയാളെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സോഷ്യൽ മീഡിയയിൽ വൈറലാവുന്നതിന് വേണ്ടി സാഹസികപ്രവൃത്തികൾ ചെയ്യുന്ന അനേകങ്ങളെ നാം കാണാറുണ്ട്. അതുപോലെയുള്ള അനേകം വീഡിയോ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ വലിയ വിമർശനം നേരിട്ടു കൊണ്ടിരിക്കുന്നത്. മുംബൈ ലോക്കൽ ട്രെയിനിൽ ജീവൻ പണയപ്പെടുത്തി അത്യന്തം അപകടകരമായ രീതിയിൽ സാഹസികമായി സഞ്ചരിക്കുന്ന യുവാവിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിൽ ഒരു ഹാർനെസ്സ് ഉപയോഗിച്ച് സ്വയം ബന്ധിപ്പിച്ച ശേഷം പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന യുവാവിനെയാണ് വീഡിയോയിൽ കാണുന്നത്.

Mumbai Khabar എന്ന യൂസറാണ് വീഡിയോ എക്സിൽ‌ (ട്വിറ്ററിൽ) പോസ്റ്റ് ചെയ്തിരിക്കുന്നത്. ഹാർബർ ലൈൻസ് കോട്ടൺ ഗ്രീൻ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് പറയുന്നത്. റെയിൽവേ സേവയും പോസ്റ്റിനോട് പ്രതികരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളിലേക്ക് വിഷയം എത്തിച്ചിട്ടുണ്ട് എന്നാണ് റെയിൽവേ സേവയുടെ പ്രതികരണം. അതിസാഹസികമായ ഈ പ്രകടനം നടത്തിയതിന് യുവാവിനെ ആർപിഎഫ് (Railway Protection Force) അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Scroll to load tweet…

ഡിസംബർ 31 -ന് ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടുണ്ട്. പിന്നാലെ റെയിൽവേ ആക്ട് സെക്ഷൻ 145, 145 (ബി) എന്നിവ പ്രകാരം ഈ യുവാവിനെതിരെ കേസ് എടുത്തിട്ടുണ്ട്. ഇയാളുടെ വീടിന് പരിസരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത് എന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഇതിന് നേരെ ഉയർന്നത്. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ​ഗൗനിക്കാത്ത ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടികൾ തന്നെ വേണമെന്ന് പലരും അഭിപ്രായപ്പെട്ടു.