ഓഫീസിൽ വൈകിയെത്തിയതിന് തന്‍റെ ശമ്പളത്തിൽ നിന്ന് 11,000 രൂപ പിഴയായി ഈടാക്കിയതായി യുവത്. സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന സ്വാതി എന്ന യുവതിയാണ് തന്‍റെ ദുരനുഭവം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.  

ഓഫീസിൽ വൈകി എത്തിയതിന് ജീവനക്കാരിയുടെ മാസശമ്പളത്തിൽ നിന്നും ഈടാക്കിയത് 11,000 രൂപ. സ്വാതി എന്ന യുവതിയാണ് തന്റെ സങ്കടകരമായ അനുഭവം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഒരു സ്വകാര്യ കമ്പനിയിലാണ് സ്വാതി ജോലി ചെയ്യുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് 11,000 രൂപയാണത്രെ വൈകി എത്തിയെന്ന പേരിൽ കമ്പനി വെട്ടിക്കുറച്ചത്. ശമ്പളത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന ഒരാളെ സംബന്ധിച്ചിടത്തോളം 11,000 രൂപ എന്നത് വലിയൊരു തുകയാണ്. അത് തന്റെ ബജറ്റിനെ സാരമായി ബാധിച്ചെന്നുമാണ് അത്യധികം വേദനയോടെ സ്വാതി പറയുന്നത്.

പബ്ലിക് ട്രാൻസ്പോർട് വൈകിയത് കാരണമാണ് താനും വൈകിയത്. ഇക്കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നു. വിഷയം സംസാരിച്ചപ്പോൾ പരിഗണിക്കാമെന്ന് അവർ ഉറപ്പും നൽകി. എന്നാൽ, പേ-സ്ലിപ്പ് വന്നപ്പോൾ തുക കുറച്ചതായാണ് കണ്ടതെന്ന് യുവതി പറയുന്നു. ശമ്പളം ലഭിക്കുന്ന ദിവസം സാധാരണ ആശ്വാസത്തിന്റേതായിരിക്കും. എന്നാൽ, തനിക്കുണ്ടായത് കടുത്ത ആശങ്കയാണ്.

യുവതിയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. സ്വകാര്യ മേഖലയിലെ ജീവനക്കാർ നേരിടുന്ന സമ്മർദ്ദത്തിന്റെ ഉദാഹരണമാണിതെന്നാണ് പലരും കമന്റ് ചെയ്തത്. നിയമങ്ങൾ പാലിക്കപ്പെടേണ്ടത് തന്നെയാണെങ്കിലും, ജീവനക്കാരുടെ സാഹചര്യങ്ങൾ പരിഗണിക്കാനുള്ള മനസും സ്ഥാപനങ്ങൾ കാണിക്കണമെന്നാണ് മറ്റ് ചിലർ പറഞ്ഞത്. 11,000 രൂപ എന്നത് ഒരു സാധാരണ ജീവനക്കാരന്റെ കുടുംബ ബജറ്റിനെ തകർക്കുന്ന തുകയാണെന്നും ആളുകൾ സമ്മതിച്ചു.

View post on Instagram

അതേസമയം, തന്റെ പോസ്റ്റ് ഏതെങ്കിലും ഒരു പ്രത്യേക സ്ഥാപനത്തെ തകർക്കാനോ പ്രതികാരം ചെയ്യാനോ ഉദ്ദേശിച്ചുള്ളതല്ല, മറിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണക്കാർ നേരിടുന്ന യാഥാർത്ഥ്യം തുറന്നു കാണിക്കാനാണ് എന്നും സ്വിതി പറഞ്ഞു.