സൗത്ത് ഡൽഹിയിലെ നടപ്പാതയിലിരുന്ന് തെരുവിലെ കുട്ടികളെ പഠിപ്പിക്കുന്ന കൃഷ്ണൻ കുമാർ എന്ന അധ്യാപകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് അധ്യാപകനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വരുന്നത്. 

തെരുവിൽ കഴിയുന്ന കുട്ടികൾക്കായി സമയം മാറ്റിവെക്കുന്ന ഒരു അധ്യാപകന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സൗത്ത് ഡൽഹിയിലെ ഷെയ്ഖ് സരായിയിലെ ഒരു നടപ്പാതയിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്ന കൃഷ്ണൻ കുമാർ എന്ന അധ്യാപകനാണ് ഈ വീഡിയോയിലെ താരം. യാതൊരു വിധ ആധുനിക സൗകര്യങ്ങളോ ക്ലാസ് മുറികളോ ഇല്ലാതെ, വെറും തറയിലിരുന്നാണ് അദ്ദേഹം കുട്ടികൾക്ക് പാഠങ്ങൾ പകർന്നു നൽകുന്നത്. അധ്യാപകന്റെ ഈ നിസ്വാർത്ഥ സേവനം അതിവേ​ഗത്തിലാണ് ആളുകളുടെ പ്രശംസ പിടിച്ചുപറ്റിയത്. പിന്നാലെ, വൈറലായ വീഡിയോയ്ക്ക് താഴെ കമന്റ് ബോക്സിൽ അദ്ദേഹം തന്നെ പ്രതികരണവുമായി എത്തുകയും ചെയ്തു. 'വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാണ്' എന്നാണ് അദ്ദേഹം പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

'ദക്ഷിണ ഡൽഹിയിലെ ഷെയ്ഖ് സരായിയിൽ പകർത്തിയത്. ലോകം മുഴുവൻ തിരക്കിട്ട് മുന്നോട്ടോടുമ്പോൾ, ചില മനുഷ്യർ മാത്രം അല്പനേരം ആ തിരക്കുകൾ മാറ്റിവെച്ച് കാരുണ്യം പകർന്നുനൽകാൻ തീരുമാനിക്കുകയാണ്. ഒരു മനുഷ്യൻ തെരുവിലെ കുട്ടികളെ പഠിപ്പിക്കുന്നു, പ്രശസ്തിക്കോ കൈയടിക്കോ വേണ്ടിയല്ല, മറിച്ച് മാനുഷിക പരിഗണനയാൽ മാത്രം. കാരുണ്യം ഇന്നും ലോകത്ത് ബാക്കിയുണ്ടെന്ന് അദ്ദേഹത്തെപ്പോലുള്ളവർ നമ്മെ ഓർമ്മിപ്പിക്കുന്നു. സർ, ഞങ്ങൾക്ക് നിങ്ങളെക്കുറിച്ച് അഭിമാനമുണ്ട്. സ്വാർത്ഥമായ ഈ ലോകത്ത് നിന്ന് നിങ്ങൾക്ക് വലിയൊരു നന്ദി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.

View post on Instagram

വീഡിയോ കണ്ട അദ്ദേഹത്തിന്റെ ഒരു പഴയ വിദ്യാർത്ഥി, പത്താം ക്ലാസിൽ തന്നെ പഠിപ്പിച്ച പ്രിയപ്പെട്ട അധ്യാപകനാണിതെന്ന് തിരിച്ചറിഞ്ഞു. 'അദ്ദേഹം എത്രത്തോളം കരുണയുള്ളവനാണെന്ന് എനിക്കറിയാം' എന്ന് ആ ശിഷ്യൻ കുറിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 10 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 'അദ്ദേഹമാണ് എല്ലാ അർത്ഥത്തിലും ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ' എന്നാണ് ഒരാൾ കുറിച്ചത്. അധികാരമല്ല, മറിച്ച് സഹാനുഭൂതിയാണ് ഒരു നല്ല രാജ്യത്തെ കെട്ടിപ്പടുക്കുന്നത് എന്ന സന്ദേശവും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.