തനിക്ക് ലഭിക്കുന്ന 36,000 രൂപയില്‍ നിന്നും 15,000 രൂപയും തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാനായി ചെലവഴിച്ച് ഡെൽഹിയിലെ ഡെലിവറി റൈഡറായ ആകാശ് സരോജ്. സ്പോണ്‍സര്‍മാരോ, സംഭാവനയോ ഇല്ലാതെയാണ് ആകാശ് ഇത് ചെയ്യുന്നത്.

കിട്ടുന്ന ശമ്പളം വലുതായാലും ചെറുതായാലും അതിൽ നിന്നും മറ്റുള്ളവരെ സഹായിക്കാൻ തോന്നണമെങ്കിൽ അതിനൊരു മനസ് വേണം അല്ലേ? പ്രത്യേകിച്ചും അപരിചിതരായ ആളുകളെ സഹായിക്കണമെങ്കിൽ. എന്നാൽ, തനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ പകുതിയോളം അപരിചിതരായ ആളുകളുടെ വിശപ്പടക്കാൻ ചിലവഴിക്കുന്ന ഒരു യുവാവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നത്. ഡെൽഹിയിൽ ഡെലിവറി റൈഡറായ യുവാവിന്റെ വീഡിയോയാണ് ഇത്. തെരുവില്‍ കാണുന്ന മനുഷ്യര്‍ക്ക് ഒരു നേരം നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് യുവാവ് തന്റെ വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കുന്നത്.

ഡെൽഹി സ്വദേശിയായ ആകാശ് സരോജ് എന്ന ഡെലിവറി റൈഡർക്ക് മാസം ലഭിക്കുന്നത് 36,000 രൂപയോളമാണ്. എന്നാൽ, ഇതിൽ നിന്നും 15,000 രൂപയോളം അപരിചിതരായ ഈ മനുഷ്യർക്ക് ഭക്ഷണം നൽകാനാണ് അദ്ദേഹം ഉപയോഗിക്കുന്നത്. സ്പോൺസർമാരോ സംഭാവനകളോ ഇല്ലാതെയാണ് ആകാശ് ഇങ്ങനെ ഭക്ഷണം നൽകുന്നത്. മരിച്ചുപോയ തന്റെ അച്ഛൻ പകർന്നുതന്ന ചില മൂല്ല്യങ്ങളാണ് ഈ കാരുണ്യപ്രവർത്തി ചെയ്യാൻ ആകാശിന് പ്രചോദനമാകുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് എഴുതുന്നു.

കഴിഞ്ഞ ആറ് വർഷമായി സരോജ് ഡെൽഹിയിൽ ഡെലിവറി എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്. എന്നാൽ, ജോലി കഴിഞ്ഞ് വീട്ടിൽ പോയി വിശ്രമിക്കുന്നതിന് പകരം, ഭക്ഷണം തയ്യാറാക്കി വീടില്ലാത്ത ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലേക്ക് പോവുകയാണ് അവൻ ചെയ്യുന്നത്. വിശക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരെ സഹായിക്കുക എന്നതാണ് ലക്ഷ്യം.

View post on Instagram

യാത്രയ്ക്കിടയിൽ ഈ ഭക്ഷണ വിതരണം ആകാശ് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. എന്നാൽ, ആളുകൾ താൻ ചെയ്യുന്ന പ്രവൃത്തികൾ കാണുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതിലൂടെ സാമ്പത്തികമായ സഹായങ്ങളൊന്നും ഈ മനുഷ്യരെ സഹായിക്കാൻ തനിക്ക് ലഭിക്കുന്നില്ല എന്നാണ് ആകാശ് പറയുന്നത്. താൻ ഡെലിവറി ജോലി ചെയ്ത് സമ്പാദിക്കുന്ന കാശിൽ നിന്നുമാണ് 100 ശതമാനവും ഇവർക്ക് ഭക്ഷണം നൽകാനായി ചെലവഴിക്കുന്നത് എന്നും ആകാശ് പറയുന്നു. ദിവസേന ശരാശരി 1200 രൂപയോളം ലഭിക്കുന്നുണ്ട്. ഇതിൽ നിന്ന് ഏകദേശം 500 രൂപ ഓരോ ദിവസവും ഭക്ഷണം തയ്യാറാക്കാനും ആവശ്യക്കാരെ സഹായിക്കാനുമായി താൻ ചെലവഴിക്കുന്നു എന്നാണ് ആകാശ് പറയുന്നത്. യുവാവിന്റെ നല്ല മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വരുന്നത്.