ഒരു വിവാഹവേദിയിൽ നിന്നുള്ള ഹൃദയസ്പർശിയായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തന്റെ പ്രിയപ്പെട്ട വളർത്തുനായ്ക്കളെ വിട്ടുപിരിയാനാവാതെ വിതുമ്പുന്ന വധുവാണ് വീഡിയോയിൽ.
വിവാഹശേഷം ഭർത്താവിനൊപ്പം പുതിയ വീട്ടിലേക്ക് യാത്രയാകുന്ന വധുവിന്റെ സങ്കടം പലപ്പോഴും നാം കണ്ടിട്ടുണ്ടാവും. അച്ഛനേയും അമ്മയേയും സഹോദരങ്ങളേയും ബന്ധുക്കളേയും ഒക്കെ വിട്ടുപിരിയുന്ന വേദന അവർക്കുണ്ടാവും. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ നിന്നുമുള്ള വധുവിനെ യാത്രയയക്കുന്ന ഒരു ചടങ്ങാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കാണുന്നവരുടെ കൂടി കണ്ണ് നിറഞ്ഞുപോകുന്ന രംഗമാണിത് എന്ന കാര്യത്തിൽ സംശയമില്ല. തന്നെ വിട്ടുപിരിയാൻ സമ്മതിക്കാതെ ബാൽക്കണിയിൽ നിന്ന് നോക്കുന്ന തന്റെ മൂന്ന് വളർത്തുനായ്ക്കൾക്ക് അരികിലേക്ക് ഓടിയെത്തുന്ന ഗൗരി സിംഗ് എന്ന വധുവാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
ഗൗരിയുടെ വളർത്തുമൃഗങ്ങളാണ് സ്നോവി, മിഷ്കു, ലൈല എന്നിവ. ഇവർക്കായി തുടങ്ങിയ 'ഡോഗു സ്ക്വാഡ്' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വിവാഹച്ചടങ്ങുകൾക്ക് ശേഷം ഗൗരിയും ഭർത്താവും വീട്ടിൽ നിന്നും ഇറങ്ങുന്ന സമയത്തായിരുന്നു സംഭവം. നായകൾ ആ സമയത്ത് ബാൽക്കണിയിൽ നിന്ന് നിർത്താതെ കുരയ്ക്കുകയും അവരുടെ സങ്കടം പ്രകടിപ്പിക്കുകയും ആയിരുന്നു. അത് കണ്ടപ്പോൾ ഗൗരിക്കും തന്റെ വികാരങ്ങൾ നിയന്ത്രിക്കാനായില്ല. കലങ്ങിയ കണ്ണുകളുമായി ഗൗരി തിരികെ ബാൽക്കണിയിലേക്ക് ഓടിച്ചെല്ലുകയായിരുന്നു.
പിന്നാലെ അവയെ ഓരോരുത്തരെയായി ചേർത്തുപിടിച്ച് ഉമ്മ നൽകുകയും, 'അമ്മ ഇവിടെത്തന്നെയുണ്ട്' എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഗൗരിയെ വീഡിയോയിൽ കാണാം. ഹൃദയസ്പർശിയായ ഈ രംഗങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയത്. വീഡിയോ ഇതിനോടകം തന്നെ 4.3 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു. 2.7 മില്യണിലധികം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. 'യഥാർത്ഥ പെറ്റ് പേരെന്റ്സിന് മാത്രമേ ഈ വികാരം മനസ്സിലാക്കാൻ സാധിക്കൂ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. നായ്ക്കളെയും കൂടെ കൊണ്ടുപോകണമെന്നാണ് മറ്റ് ചിലർ ആവശ്യപ്പെട്ടത്. 'മൃഗങ്ങൾ മനുഷ്യരേക്കാൾ വിശ്വസ്തരാണ്' എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്.
