ഉത്തർപ്രദേശിലെ നോയിഡയിലുള്ള ഒരു ഹൗസിംഗ് സൊസൈറ്റിയിൽ, ബംഗാൾ തെരഞ്ഞെടുപ്പിനെ തുടർന്ന് തൊഴിലാളികളുടെ ക്ഷാമം നേരിട്ടപ്പോൾ വീട്ടുജോലിക്കാർ സംഘടിച്ച് ശമ്പളം വർദ്ധിപ്പിച്ചു. ഈ സാഹചര്യം മുതലെടുത്ത തൊഴിലാളികൾ ഒരു 'അലിഖിത സഖ്യം' രൂപീകരിച്ച് വിലപേശുകയും, താമസക്കാർക്ക് അവരുടെ ആവശ്യങ്ങൾ അംഗീകരിക്കേണ്ടി വരികയും ചെയ്തു.  

Add Asianetnews as a Preferred SourcegooglePreferred

ത്തർപ്രദേശിലെ നോയിഡയിലുള്ള ഒരു പ്രമുഖ ഹൗസിംഗ് സൊസൈറ്റിയിൽ വീട്ടുജോലിക്കാർ ഒത്തുചേർന്ന് തങ്ങളുടെ ശമ്പളം വർദ്ധിപ്പിച്ച സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് സൊസൈറ്റിയിലെ ഭൂരിഭാഗം ബംഗാളി തൊഴിലാളികളും നാട്ടിലേക്ക് മടങ്ങിയതാണ് അപ്രതീക്ഷിതമായ ഈ 'സാമ്പത്തിക വിപ്ലവത്തിന്' വഴിയൊരുക്കിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

ബംഗാൾ തെരഞ്ഞെടുപ്പ്

സൊസൈറ്റിയിലെ താമസക്കാരനായ വിക്രാന്ത് കുമാറാണ് രസകരമായ ഈ സംഭവം എക്സിലൂടെ (X) പങ്കുവെച്ചത്. ബംഗാളിൽ നിന്നുള്ള തൊഴിലാളികൾ വോട്ട് ചെയ്യാൻ പോയതോടെ സൊസൈറ്റിയിൽ വീട്ടുജോലിക്കാരുടെ വലിയ ക്ഷാമം അനുഭവപ്പെട്ടു. ഈ സാഹചര്യം മുതലെടുത്ത മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള (യു.പി, ബിഹാർ, ഛത്തീസ്ഗഡ്) തൊഴിലാളികൾ സംഘടിക്കുകയും സേവന നിരക്കുകൾ ഒറ്റയടിക്ക് വർദ്ധിപ്പിക്കുകയും ചെയ്തു. "വേതനം കൂട്ടുക, അല്ലെങ്കിൽ ഞങ്ങൾ ജോലി നിർത്തിപ്പോകും" എന്ന തൊഴിലാളികളുടെ കർശന നിലപാടിന് മുന്നിൽ താമസക്കാർക്ക് വഴങ്ങേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തൊഴിലാളികൾ ഒരു 'അലിഖിത സഖ്യം' രൂപീകരിച്ചാണ് വിലപേശൽ നടത്തിയതെന്നും വിക്രാന്ത് കുറിച്ചു.

വാട്സാപ്പ് ഗ്രൂപ്പുകളിലെ തർക്കം

വീട്ടുജോലിക്കാരുടെ ശമ്പള വർദ്ധനവിനെ ചൊല്ലി സൊസൈറ്റിയിലെ താമസക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ വലിയ തർക്കങ്ങളാണ് നടക്കുന്നത്. "ആർ.ബി.ഐയുടെ പോളിസി മീറ്റിംഗുകളെ അനുസ്മിപ്പിക്കും വിധമാണ് ഗ്രൂപ്പിലെ ചർച്ചകൾ. വീട്ടുജോലിക്കാരുടെ വേതനത്തെക്കുറിച്ച് ഇത്രത്തോളം ഗൗരവമായ വിശകലനം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല," വിക്രാന്ത് പരിഹസിച്ചു. പ്രതിസന്ധി പരിഹരിക്കാൻ അപ്പാർട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷൻ (AOA) ഇടപെടണമെന്നും വേതനം ഏകീകരിക്കണമെന്നും ചില താമസക്കാർ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, വോട്ട് കഴിഞ്ഞ് തിരിച്ചെത്തിയ ബംഗാളി തൊഴിലാളികളും നിലവിലെ ഈ ശമ്പള വർദ്ധനവിൽ സന്തുഷ്ടരാണ്.

ഏറ്റെടുത്ത് നെറ്റിസെൺസും

സോഷ്യൽ മീഡിയയിൽ ഈ വാർത്തയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർ തൊഴിലാളികൾക്ക് കുറഞ്ഞ ശമ്പളം നൽകുന്നതിനെതിരെ പ്രതിഷേധിക്കുന്നതിലെ വിരോധാഭാസം പലരും ചൂണ്ടിക്കാട്ടുന്നു. "കമ്പോളത്തിലെ 'അദൃശ്യ കൈകൾ' തൊഴിലാളികൾക്ക് അനുകൂലമായി പ്രവർത്തിക്കുമ്പോൾ മുതലാളിത്തം പറയുന്നവർ പോലും സോഷ്യലിസ്റ്റുകളായി മാറുന്നു," എന്ന് ഒരു ഉപയോക്താവ് കുറിച്ചു. ഗുരുഗ്രാമിലെയും മറ്റ് മെട്രോ നഗരങ്ങളിലെയും സൊസൈറ്റികളിലും സമാനമായ രീതിയിൽ തൊഴിലാളികൾ സംഘടിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.