തുർക്കിയിലെ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ കണക്കനുസരിച്ച്, ഇസ്താംബൂളിൽ ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടതായിട്ടാണ് പറയുന്നത്.
ടിവിയിൽ ലൈവ് ബ്രോഡ്കാസ്റ്റ് അവതരിപ്പിക്കുന്നതിനിടെ ഭൂകമ്പത്തിൽ ഞെട്ടി അവതാരിക. സംഭവം തുർക്കിയിലാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ബുധനാഴ്ചയാണ് തുർക്കിയിൽ റിക്ടർ സ്കെയിലിൽ 6.02 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്.
സിഎൻഎൻ തുർക്കിയിലെ ന്യൂസ് റൂമിനുള്ളിൽ വാർത്താ അവതാരകയായ മെൽറ്റെം ബോസ്ബെയോഗ്ലു വാർത്ത വായിക്കുന്നതിനിടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. നഗരത്തെ പിടിച്ചുകുലുക്കിയ ഭൂകമ്പം ഉണ്ടായ സമയത്ത് ബോസ്ബെയോഗ്ലു ഒരു തത്സമയ പരിപാടി അവതരിപ്പിക്കുകയായിരുന്നു.
ഭൂകമ്പത്തിൽ അവർ ആകെ ഇളകുന്നത് കാണാം. എന്നാൽ, ആ സമയത്തും അവർ സമചിത്തത കൈവിടാതെ ശാന്തമായി വാർത്ത അവതരിപ്പിക്കാനുള്ള ശ്രമം നടത്തുന്നതും കാണാമായിരുന്നു. 'വളരെ ശക്തമായ ഒരു ഭൂകമ്പമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഇസ്താംബുളിൽ വളരെ ശക്തമായ ഒരു ഭൂകമ്പം അനുഭവപ്പെടുന്നു' എന്ന് വീഡിയോയിൽ ബോസ്ബെയോഗ്ലു പറയുന്നത് കേൾക്കാം.
തുർക്കിയിലെ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയുടെ കണക്കനുസരിച്ച്, ഇസ്താംബൂളിൽ ഒന്നിലേറെ തവണ ഭൂചലനം അനുഭവപ്പെട്ടതായിട്ടാണ് പറയുന്നത്. ബുധനാഴ്ച 6.2 തീവ്രത രേഖപ്പെടുത്തിയതായിരുന്നു അനുഭവപ്പെട്ടവയിൽ ഏറ്റവും വലുത്.
നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളൊന്നുമില്ലെങ്കിലും, ബോസ്ഫറസ് കടലിടുക്കിന്റെ യൂറോപ്യൻ, ഏഷ്യൻ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന നഗരത്തെയാകെ ഭൂകമ്പം പിടിച്ചു കുലുക്കിയതിനാൽ ഇവിടെയുള്ള കെട്ടിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. റിപ്പോർട്ടുകൾ പ്രകാരം ഇസ്താംബൂളിലെ മാര്‍മര കടലില്‍ 6.9 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പറയുന്നത്.
😱Earthquake live on air: Turkish news anchor reports tremors during broadcast
— NEXTA (@nexta_tv) April 23, 2025
A visibly shaken presenter, trying to remain calm, says: "A very strong earthquake is happening right now. A very strong earthquake is being felt in Istanbul."
🙏🙏 pic.twitter.com/POtABihAtq
അതേസമയം, 2023 -ലും തുര്‍ക്കിയിലും സിറിയയിലും ശക്തമായ ഭൂകമ്പം ഉണ്ടായിരുന്നു. അന്നത് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു വലിയ ഭൂകമ്പവുമുണ്ടാവുകയായിരുന്നു. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പം തുര്‍ക്കിയിലെ 11 പ്രവിശ്യകളെ ബാധിച്ചു. ആ മഹാദുരന്തത്തില്‍ 53,000 ആളുകളാണ് മരിച്ചത്. അന്ന് സിറിയയില്‍ 6,000 പേരും മരിച്ചിരുന്നു.
