രോഷാകുലരായ നാട്ടുകാർ റിക്ഷാഡ്രൈവറോട് ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഈ സംഭവം എവിടെ, എപ്പോൾ നടന്നതാണ് എന്ന് വ്യക്തമല്ല. എങ്കിൽ കൂടിയും സംഭവത്തെ ഗുരുതരമായി കാണണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം.
ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ യുവാവിനെ വണ്ടിയിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ റെഡ്ഡിറ്റിലൂടെ പുറത്ത് വന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ രോഷാകുലരാക്കി.
ഓട്ടോറിക്ഷയുടെ പുറകിൽ രക്ഷപ്പെടാൻ ആകാത്തവിധം കുടുങ്ങിക്കിടക്കുന്ന ഒരാളെ അതിവേഗത്തിൽ റിക്ഷ ഓടിച്ച് റോഡിലൂടെ വലിച്ചിഴയ്ക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ഓട്ടോയുടെ തൊട്ടുപുറകിലായി ഉണ്ടായിരുന്ന ബൈക്ക് യാത്രികനാണ് ഈ സംഭവം വീഡിയോയിൽ പകർത്തിയത്. ആക്രമണത്തിന് ഇരയായ വ്യക്തി സഹായത്തിനായി നാട്ടുകാരോട് അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ നാട്ടുകാർ ചേർന്ന് വണ്ടി തടഞ്ഞ് നിർത്തിയാണ് ഇയാളെ രക്ഷിച്ചത്.
രോഷാകുലരായ നാട്ടുകാർ റിക്ഷാഡ്രൈവറോട് ദേഷ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ഈ സംഭവം എവിടെ, എപ്പോൾ നടന്നതാണ് എന്ന് വ്യക്തമല്ല. എങ്കിൽ കൂടിയും സംഭവത്തെ ഗുരുതരമായി കാണണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം. വീഡിയോയുടെ ആധികാരികത മനസ്സിലാക്കി അധികൃതർ സംഭവത്തിൽ ഇടപെടണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെട്ടു.
അടുത്തിടെ സമാനമായ മറ്റൊരു സംഭവം അസമിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ബിഹു ആഘോഷത്തിനിടെ ഗുവാഹത്തിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു ഇ-റിക്ഷാ ഡ്രൈവർ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി അസം ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തിരുന്നു. ഓട്ടോറിക്ഷയിൽ ബിഹു പ്രകടനത്തിനായി പെൺകുട്ടി ഗുവാഹത്തിയിലെ ചന്ദ്മാരി ഫീൽഡിലേക്ക് പോകുകയായിരുന്നു. എന്നാൽ, ഇ-റിക്ഷാ ഡ്രൈവർ പെൺകുട്ടി ആവശ്യപ്പെട്ട സ്ഥലത്ത് വണ്ടി നിർത്താതെ അവളെ ഗീതാനഗർ ഏരിയയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പെൺകുട്ടി ഡ്രൈവറുടെ ഉദ്ദേശ്യം മനസ്സിലാക്കിയ പെൺകുട്ടി നിലവിളിച്ച് നാട്ടുകാരെ അറിയിക്കുകയും ഒടുവിൽ അവൾ റിക്ഷയിൽ നിന്ന് ചാടിയിറങ്ങുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഇ-റിക്ഷാ ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
