രാവിലെ 7.00 മണിയോടെ കുട്ടികളെ സ്കൂളിലാക്കിയ ശേഷം ആളുകൾ നേരിട്ട് ഓഫീസിലേക്ക് എത്തും. 'ആദ്യം വന്നാൽ ആദ്യം പോകാം' എന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. നേരത്തെ ജോലിക്ക് എത്തിയാൽ അത്രയും നേരത്തെ വീട്ടിലെത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും.

വിദേശരാജ്യത്ത് പോകുന്നവർ മിക്കവാറും പറയുന്ന പ്രധാന വ്യത്യാസങ്ങളിലൊന്നാണ് അവിടെയുള്ള വർക് കൾച്ചർ. നേരവും കാലവുമില്ലാതെ ജോലി ചെയ്യേണ്ടി വരുന്നവരാണ് പലപ്പോഴും പല ഇന്ത്യൻ കമ്പനികളിലെയും ജീവനക്കാർ. എന്നാൽ, വിദേശത്ത് ജോലി സമയം മാത്രം ജോലി ചെയ്യുക, ബാക്കി സമയത്ത് അവരവരുടെ ജീവിതം ജീവിക്കുക ഇതാണ് സംഭവിക്കുന്നത്. ഇതേക്കുറിച്ച് പല ഇന്ത്യക്കാരും പുകഴ്ത്താറുണ്ട്. അതുപോലെ, ഒരു പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. സ്വീഡനിലേക്ക് താമസം മാറിയ സ്വാതിയെന്ന ഇന്ത്യൻ യുവതിയാണ് അവിടെയുള്ള ഓഫീസുകളിലെ സമയം തനിക്ക് വലിയ അത്ഭുതമായിരുന്നു എന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

ഇന്ത്യയിൽ നിന്ന് വ്യത്യസ്തമായി സ്വീഡനിൽ ആളുകൾ വളരെ നേരത്തെയാണ് ഓഫീസുകളിൽ എത്തുന്നത്. രാവിലെ 7.45 -ന് ഓഫീസിൽ എത്തിയപ്പോൾത്തന്നെ പാർക്കിംഗിൽ 70 ശതമാനവും നിറഞ്ഞിരുന്നുവെന്ന് സ്വാതി പറയുന്നു. എന്നാൽ, ഇന്ത്യയിൽ സാധാരണയായി രാവിലെ 9.00 മണിക്ക് മുമ്പ് ആരും ഓഫീസിൽ എത്താറില്ല.

ചില ദിവസങ്ങളിൽ രാവിലെ 8.15 -ന് ഓഫീസിൽ എത്തിയാൽ പോലും പാർക്കിംഗ് ലോട്ടിൽ അവസാനത്തെ മൂന്നോ നാലോ കാറുകളിൽ ഒന്നായിരിക്കും തന്റേതെന്ന് അവർ പറയുന്നു. പ്രത്യേകിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തിരക്ക് കൂടുതലായിരിക്കും. രാവിലെ 7.00 മണിയോടെ കുട്ടികളെ സ്കൂളിലാക്കിയ ശേഷം ആളുകൾ നേരിട്ട് ഓഫീസിലേക്ക് എത്തും. 'ആദ്യം വന്നാൽ ആദ്യം പോകാം' എന്ന രീതിയാണ് ഇവർ പിന്തുടരുന്നത്. നേരത്തെ ജോലിക്ക് എത്തിയാൽ അത്രയും നേരത്തെ വീട്ടിലെത്തി കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും.

View post on Instagram
 

താൻ ജോലി ചെയ്യുന്നതുപോലുള്ള ഡെസ്ക്, ഓഫീസ് ജോലികളെക്കുറിച്ചാണ് താൻ പറയുന്നതെന്നും സ്വാതി വ്യക്തമാക്കുന്നുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. നേരത്തെ ജോലി തീർത്ത് നേരത്തെ വീട്ടിൽ പോകുന്നത് നല്ല കാര്യമാണ് എന്നാണ് പലരും പ്രതികരിച്ചത്. എന്നാൽ, ഇന്ത്യയിൽ മിക്കവാറും കമ്പനികളിൽ നേരത്തെ ജോലിക്ക് കയറിയാലും വൈകി മാത്രമേ ഇറങ്ങാനാവൂ എന്ന അവസ്ഥയാണ് അല്ലേ?