പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ആണ് ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ചത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ മനോഹരമായ കാഴ്ചയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.

പശ്ചിമ ബംഗാളിലെ ബാഗ്ദോ​ഗ്രയിൽ തിരക്കേറിയ റോഡിൽ ഗതാഗതം തടഞ്ഞ് കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി വഴിയൊരുക്കിയ വനപാലകരാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൻ പ്രശംസ നേടുന്നത്. കുർസിയോങ് ഫോറസ്റ്റ് ഡിവിഷനിലെ ഉദ്യോഗസ്ഥരാണ് ആനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നതുവരെ വാഹനങ്ങൾ തടഞ്ഞ് മാതൃകയായത്.

പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ആണ് ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമമായ എക്സിൽ പങ്കുവെച്ചത്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സഹവർത്തിത്വത്തിന്റെ മനോഹരമായ കാഴ്ചയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. റോഡുകൾ വന്യജീവികൾ കടന്നുപോകുന്ന പാതകളിലൂടെയാവുമ്പോൾ പാലിക്കേണ്ട സംയമനത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യമാണ് ഈ സംഭവം ഓർമ്മിപ്പിക്കുന്നത്. ബഹളം കൂട്ടുകയോ ആനകളെ ഭയപ്പെടുത്തുകയോ ചെയ്യാതെ വാഹനയാത്രക്കാർ പൂർണ്ണ സഹകരണമാണ് നൽകിയത്.

'മനുഷ്യരെയും വന്യജീവികളെയും ഒരുപോലെ സംരക്ഷിക്കുന്നത് ഇങ്ങനെയാണ്' എന്ന കുറിപ്പോടെയാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. ആനകളുടെ സഞ്ചാരത്തിന് തടസ്സം വരാത്ത രീതിയിൽ മേൽപ്പാലങ്ങളോ അടിപ്പാതകളോ നിർമ്മിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വന്യജീവികൾക്കനുസരിച്ച് മാറണമെന്നും ചിലർ അഭിപ്രായപ്പെട്ടു.

Scroll to load tweet…

തീവണ്ടി അപകടം ഒഴിവാക്കി ധീരനായ വനപാലകൻ

സമാനമായ മറ്റൊരു സംഭവത്തിൽ, റെയിൽവേ പാളത്തിലൂടെ ആനക്കൂട്ടം കടന്നുപോകുമ്പോൾ ട്രെയിൻ നിർത്തിക്കാൻ ചുവന്ന തുണി വീശിയ വനപാലകന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ പർവീൺ കാസ്വാൻ ആണ് ഈ വീഡിയോ പങ്കുവെച്ചത്. കുർസിയോങ് ഡിവിഷനിലെ ആകാശ് കെർകെറ്റ എന്ന വനപാലകന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബാഗ്ഡോഗ്ര-നക്സൽബാരി റൂട്ടിൽ വന്ന സിക്കിം മഹാനന്ദ എക്സ്പ്രസ് ഇടിക്കുന്നത് തടയാൻ അദ്ദേഹത്തിനും ട്രെയിൻ പൈലറ്റുമാർക്കും സാധിച്ചു.

Scroll to load tweet…

വനമേഖലകളിലൂടെ കടന്നുപോകുന്ന മൃഗങ്ങളുടെ ജീവൻ രക്ഷിക്കാൻ വനപാലകർ നടത്തുന്ന ഇത്തരം ഇടപെടലുകൾ വലിയ തോതിലാണ് പ്രശംസിക്കപ്പെടുന്നത്.