ഐസ് സ്കേറ്റിംഗിനിടെ പരിക്കുപറ്റി. ആശുപത്രിയിൽ പോയപ്പോൾ ചെലവായത് 1.65 ലക്ഷം രൂപ. അതും ഇൻഷുറൻസിന് പുറമെ. അമേരിക്കയില്‍ ശമ്പളം കൂടുതലാണ്. അതുപോലെ, ചിലവും കൂടുതലാണെന്ന് യുവാവ്. 

പല വിദേശരാജ്യങ്ങളിലും ആശുപത്രിയിൽ പോവുക എന്നത് വലിയ ചടങ്ങാണ്. ഡോക്ടറെ കാണണമെങ്കിൽ പോലും വലിയ പ്രയാസമാണ് അവിടങ്ങളിൽ. അതിനേക്കാൾ താങ്ങാനാവാത്തതാണ് അവിടുത്തെ ചികിത്സാ ചിലവ്. അതുപോലെ, തന്റെ അനുഭവം പങ്കുവയ്ക്കുകയാണ് യുഎസ്സിൽ താമസിക്കുന്ന ഇന്ത്യക്കാരനായ ഒരു യുവാവ്. ആശുപത്രിയിലേക്കുള്ള ഒരു ചെറിയ സന്ദർശനത്തിന് തന്നെ $1,800 (1,65,015) പോക്കറ്റിൽ നിന്ന് ചെലവഴിച്ചതിനെക്കുറിച്ചാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്നത്. വിദേശത്ത് ശമ്പളം വളരെ കൂടുതൽ കിട്ടുമെങ്കിലും അതോടൊപ്പം ഇതുപോലെയുള്ള ചിലവുകൾ വർധിക്കുന്നതിനെ കുറിച്ചും വലിയ ചർ‌ച്ച തന്നെ പോസ്റ്റിന് താഴെയുണ്ടായി.

'യുഎസ്സിലെ ചികിത്സാ ചിലവ് - ശരിക്കുള്ള അനുഭവം' എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. 'അമേരിക്കയിലെ ജീവിതം ചെലവേറിയതാണെന്ന് പലരും പറയാറുണ്ട്, അത് എത്രത്തോളം ചെലവേറിയതാണെന്ന് വിശദീകരിക്കാൻ ഒരു ഉദാഹരണം ഞാൻ പറയാം' എന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് തന്റെ അനുഭവം വിശദീകരിച്ചിരിക്കുന്നത്. എമർജൻസി ഡിപാർട്മെന്റ് സന്ദർശിച്ചതിനെ കുറിച്ചാണ് യുവാവ് പറയുന്നത്. ഐസ് സ്കേറ്റിംഗിനിടെ പരിക്കേറ്റതിനെത്തുടർന്നാണ് യുവാവിന് ആശുപത്രിയിൽ പോകേണ്ടി വന്നത്. വേദനയുണ്ടായിട്ടും ചെലവ് കാരണം ആംബുലൻസ് വിളിക്കാതെ തന്റെ കാറിൽ തന്നെയാണ് യുവാവ് ആശുപത്രിയിൽ പോകുന്നത്.

ഒന്നര മണിക്കൂർ എമർജൻസി വിഭാ​ഗത്തിൽ ചെലവഴിച്ചു. ഏകദേശം മൂന്നാഴ്ച കഴിഞ്ഞപ്പോൾ, ഇൻഷുറൻസ് കമ്പനിയിൽ നിന്നും യുവാവിന് ഒരു ബിൽ ലഭിച്ചു. അതിൽ പറഞ്ഞിരിക്കുന്നത് അദ്ദേഹം ആശുപത്രിയിലേക്ക് ഏകദേശം 1,800 ഡോളർ (ഏകദേശം 1.5 ലക്ഷം രൂപ) അടയ്ക്കേണ്ടി വരും എന്നായിരുന്നു. തന്റെ ചികിത്സയ്ക്കായി ഇതിനകം അടച്ചിരുന്ന ഏകദേശം 4,000 ഡോളർ (ഏകദേശം 3.6 ലക്ഷം) ഇൻഷുറൻസ് തുകയ്ക്ക് പുറമെയായിരുന്നു ഈ ചെലവ് എന്നും പോസ്റ്റിൽ പറയുന്നു.

View post on Instagram

'ഇത്രയും കൂടുതലാണ് അമേരിക്കയിലെ ചിലവ്, അതുകൊണ്ട് തന്നെയാണ് ഇവിടെ ശമ്പളവും കൂടുതൽ' എന്നും പോസ്റ്റിൽ പറയുന്നുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. ഇതാണ് അമേരിക്കയിലെ യാഥാർത്ഥ്യം എന്ന് പലരും അഭിപ്രായപ്പെട്ടു.