ധാക്കയിലെ BRAC യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. എസ്കലേറ്റർ അപ്രതീക്ഷിതമായി അതിവേഗത്തിൽ നീങ്ങിയതിനെ തുടർന്ന് വിദ്യാർത്ഥികൾ ഭയപ്പെട്ട് സഹായത്തിനായി നിലവിളിക്കുന്നത് വീഡിയോയില്‍ കാണാം.
ബംഗ്ലാദേശിലെ ധാക്കയിലുള്ള BRAC യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ എക്സിൽ (ട്വിറ്റർ) വൈറലായി മാറുന്നത്. എസ്കലേറ്ററിന്റെ വേഗത പെട്ടെന്ന് കൂടുന്നതും ബാലൻസ് ചെയ്ത് നിൽക്കാൻ സാധിക്കാതെ വിദ്യാർത്ഥികൾ പാടുപെടുന്നതുമായ വീഡിയോയാണ് ഇത്. 16 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. വീഡിയോയിൽ എസ്കലേറ്ററിന്റെ ഒരു ഭാഗം സാധാരണ വേഗതയിൽ നീങ്ങുന്നതായി കാണാം. എന്നാൽ, അതേസമയത്ത് മറുഭാഗം പതിവിലും വളരെ വേഗത്തിൽ നീങ്ങുന്നതാണ് കാണുന്നത്.
വിദ്യാർത്ഥികൾ വളരെ ശ്രദ്ധാപൂർവ്വം എസ്കലേറ്ററിൽ കാലുകുത്തുന്നതാണ് വീഡിയോ തുടങ്ങുമ്പോൾ കാണുന്നത്. പക്ഷേ പെട്ടെന്ന് തന്നെ അത് അതിവേഗത്തിൽ നീങ്ങുന്നതാണ് പിന്നെ കാണുന്നത്. അതോടെ വിദ്യാർത്ഥികളെല്ലാം പരിഭ്രാന്തരായി തീർന്നു. പെട്ടെന്ന് നീങ്ങൂ എന്നൊക്കെ അവർ പറയുന്നതും ബഹളം വയ്ക്കുന്നതും വീഡിയോയിൽ കാണാം. എത്രയും പെട്ടെന്ന് തന്നെ അടുത്ത നിലയിലേക്ക് എത്താൻ അവർ തിടുക്കപ്പെടുന്നതും അതിനിടയിൽ നിലവിളിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം. ചിലരൊക്കെ കഷ്ടിച്ചാണ് തങ്ങളുടെ ബാലൻസ് നിലനിർത്തുന്നത്. അവർ പരസ്പരം പിടിക്കുന്നതും എസ്കലേറ്ററിന്റെ ഹാൻഡ്‍റെയിലിൽ പിടിക്കുകയും ഒക്കെ ചെയ്യുന്നത് വീഡിയോയിൽ കാണാം. വിദ്യാർത്ഥികളുടെ പേടിയും പരിഭ്രമവും എല്ലാം വീഡിയോയിൽ വ്യക്തമാണ്. എന്തായാലും, ഒടുവിൽ വിദ്യാർത്ഥികളെല്ലാം സുരക്ഷിതമായി താഴെ എത്തുന്നുണ്ട്.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അനേകം പേർ വീഡിയോയ്ക്ക് കമന്റുകൾ നൽകി. ഇതിന് സമാനമായ ഒരു സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റോമിൽ ഉണ്ടായി എന്നും അതിൽ ആളുകൾക്ക് പരിക്കേറ്റിരുന്നു എന്നുമാണ് ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയത്. എവിടെ നടന്നതായാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത് എന്നും വലിയ അപകടത്തിലേക്ക് ഇത് പോയേക്കാമായിരുന്നു എന്നുമൊക്കെ ആളുകൾ വീഡിയോയ്ക്ക് കമന്റ് നൽകി.


