വിവാഹത്തിരക്കിനിടയിൽ, ബ്ലിങ്കിറ്റ് വഴി ഓർഡർ ചെയ്ത സാധനങ്ങൾക്ക് പണം നൽകാൻ ഒരു കുടുംബം കണ്ടെത്തിയ മാർഗ്ഗമാണ് ഇപ്പോൾ വൈറലാകുന്നത്. ഡെലിവറി ഏജന്റിന് പണത്തിന് പകരം 2100 രൂപയുടെ നോട്ടുമാലയാണ് ഇവർ നൽകിയത്. 

ഇന്ത്യയിലെ വിവാഹങ്ങളിൽ എന്തെങ്കിലുമൊക്കെ വെറൈറ്റി പലപ്പോഴും കാണാറുണ്ട്. വലിയ വലിയ ആഘോഷങ്ങളാണ് ഇന്ത്യൻ വിവാഹങ്ങൾ. ഇപ്പോഴിതാ, വിവാഹത്തിരക്കിനിടയിൽ ഓൺലൈൻ ഡെലിവറി ഏജന്റിന് പണം നൽകാൻ വ്യത്യസ്തമായൊരു വഴി കണ്ടെത്തിയ ഒരു കുടുംബമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ​ഗ്രോസറി എത്തിച്ചുനൽകിയ ബ്ലിങ്കിറ്റ് ഏജന്റിന് പണം നൽകിയത് നോട്ടുമാലയായിട്ടാണ്. ഇതിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഭവ്യ ശ്രീധർ എന്ന യുവതിയാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. വീട്ടിൽ വിവാഹ ആഘോഷങ്ങൾ നടക്കുമ്പോഴാണ് 2,000 രൂപയുടെ സാധനങ്ങൾ ബ്ലിങ്കിറ്റ് വഴി ഓർഡർ ചെയ്തത്. സാധനങ്ങൾ എത്തിച്ച ഡെലിവറി ഏജന്റ് പണം ചോദിച്ചതോടെയാണ് വീട്ടുകാർ ഈ വഴി തിരഞ്ഞെടുത്തത്. കയ്യിൽ നോട്ടായി ഇല്ലാത്തതിനാൽ 2,100 രൂപയുടെ നോട്ടുകൾ കോർത്ത മാല തന്നെ ഏജന്റിന് നൽകുകയായിരുന്നു. മാല കഴുത്തിലണിഞ്ഞ ഡെലിവറി ഏജന്റ് ചിരിച്ചുകൊണ്ടാണ് ഇത് സ്വീകരിച്ചത്. 'ഞങ്ങൾ വിവാഹത്തിന്റെ തിരക്കിലാണ്, അതുകൊണ്ട് ഈ മാലയിലെ നോട്ടുകൾ താങ്കൾ തന്നെ അഴിച്ചെടുക്കണം' എന്ന് കുടുംബാംഗങ്ങൾ തമാശയായി പറയുന്നതും വീഡിയോയിൽ കേൾക്കാം.

View post on Instagram

'ബ്ലിങ്കിറ്റ് ഏജന്റ് വിവാഹവീട്ടിൽ സാധനങ്ങൾ എത്തിക്കുമ്പോൾ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയുടെ താഴെ രസകരമായ കമന്റുകളാണ് വരുന്നത്. 'ഇന്ത്യയിൽ മാത്രമേ ഇങ്ങനെ ഡെലിവറിക്കുള്ള പേയ്‌മെന്റ് നൽകുന്നത് വിവാഹ ചടങ്ങ് പോലെ മാറ്റാൻ കഴിയൂ' എന്നാണ് ഒരാൾ കമന്റ് നൽകിയത്. 'അയാൾ സാധനങ്ങൾ നൽകാൻ വന്നു, പക്ഷേ മടങ്ങുന്നത് വരന്റെ അടുത്ത സുഹൃത്തിനെപ്പോലെയാണ്' എന്നായിരുന്നു മറ്റൊരു കമന്റ്. നോട്ടുകൾ അഴിച്ചെടുക്കുന്ന കഷ്ടപ്പാടിനുള്ള കൂലിയാണ് അധികം നൽകിയ 100 രൂപയെന്നും ചിലർ കുറിച്ചു.