വീടിനുള്ളിലേക്ക് കയറുമ്പോൾ അവൾക്കായി മനോഹരമായി തന്നെ അവിടം ഒരുക്കിയിട്ടുണ്ട് എന്നും കാണാം. പൂവിതളുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ച തുണി നിലത്ത് വിരിച്ചിരിക്കുന്നു. അതിനുപുറമെ, ഇരുവശങ്ങളിലുമായി അടുക്കി വെച്ച സമ്മാനപ്പൊതികളും കാണാം.

നമ്മുടെ കുട്ടിക്കാലത്തെ ചില അനുഭവങ്ങൾ ഒരിക്കലും മറക്കാത്ത ഓർമ്മയായി നമ്മിൽ നിലനിൽക്കാറുണ്ട്. അതെന്തെങ്കിലും വലിയ സംഭവമാകണം എന്നില്ല, സ്നേഹത്തിൽ പൊതിഞ്ഞ ഒരു നിമിഷമാണെങ്കിലും മതി. അതുപോലെ, വൈറലാവുകയാണ് ഈ വീഡിയോ. വീട്ടിലൊരുക്കിയ ഒരു കുഞ്ഞു ജന്മദിനാഘോഷത്തിന്റെ വീഡിയോയാണ് ഇത്. ജ്യോതി വ്യാസ് എന്ന ഇൻസ്റ്റഗ്രാം യൂസറാണ് റിദ്ധി എന്ന കൊച്ചു മിടുക്കിയുടെ ഹൃദയം കവരുന്ന ജന്മദിനാഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 'ഹാപ്പി ബർത്ത്ഡേ റിദ്ധി, ബെസ്റ്റ് മെമ്മറി' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീടിന്റെ മുന്നിൽ റിദ്ധി എത്തുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. അവിടെ ഒരു റിബൺ കെട്ടിയിട്ടുണ്ടായിരുന്നു. സ്വന്തം ജന്മദിനത്തിൽ ഒരു വിശിഷ്ട വ്യക്തിയെപ്പോലെ അത് മുറിച്ച് അകത്തേക്ക് പ്രവേശിക്കാൻ വേണ്ടി റിദ്ധിക്ക് ഒരു കത്രിക നൽകുന്നതും കാണാം.

തുടർന്ന് വീടിനുള്ളിലേക്ക് കയറുമ്പോൾ അവൾക്കായി മനോഹരമായി തന്നെ അവിടം ഒരുക്കിയിട്ടുണ്ട് എന്നും കാണാം. പൂവിതളുകൾ കൊണ്ട് മനോഹരമായി അലങ്കരിച്ച തുണി നിലത്ത് വിരിച്ചിരിക്കുന്നു. അതിനുപുറമെ, ഇരുവശങ്ങളിലുമായി അടുക്കി വെച്ച സമ്മാനപ്പൊതികളും കാണാം. ഈ കാഴ്ച കണ്ട് ഞെട്ടലോടെയും അതിലേറെ സന്തോഷത്തോടെയും റിദ്ധി നിൽക്കുന്നതും, പിന്നീട് ഓരോ സമ്മാനമായി എടുത്ത് മാറോട് ചേർത്ത് പിടിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ കേക്കും മറ്റ് സാധനങ്ങളും വെച്ച മേശയ്ക്ക് അരികിലേക്ക് അവൾ എത്തിച്ചേരുന്നതോടെ സർപ്രൈസ് പൂർണ്ണമാകുന്നു.

വിലകൂടിയ ആഘോഷങ്ങളേക്കാൾ ഇത്തരം ചെറിയ കാര്യങ്ങളാണ് ജീവിതത്തിൽ കൂടുതൽ സന്തോഷം നൽകുന്നത് എന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ എന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. 'ഈ വർഷം എന്റെ ജന്മദിനം ഇങ്ങനെ ആഘോഷിക്കണം എന്നാണ് ആഗ്രഹം' എന്നായിരുന്നു ഒരാളുടെ കമന്റ്. റിദ്ധിക്കിത് ഒരിക്കലും മറക്കാനാവാത്ത ജന്മദിനമായിരിക്കും എന്നായിരുന്നു മറ്റ് ചിലർ കമന്റ് നൽകിയത്. അതുപോലെ, ഒരുപാടുപേർ റിദ്ധിക്ക് ജന്മദിനാശംസകളും നേർന്നു.