മീറ്റിംഗിലുണ്ടായിരുന്ന സഹപ്രവർത്തകരാകട്ടെ 'നമസ്തേ അങ്കിൾ' എന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുണ്ട്. പിന്നാലെ, മകൾ ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലും സേവ് ചെയ്യുന്നില്ലെന്ന പരാതിയും അദ്ദേഹം അവരോട് തുറന്നുപറഞ്ഞു.

ഓഫീസ് മീറ്റിംഗുകൾക്കിടയിലെ അപ്രതീക്ഷിത സംഭവങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്താറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. ഒരു യുവതിയുടെ രാത്രി വൈകിയുള്ള വർക്ക് മീറ്റിംഗ് നടക്കവെ അച്ഛൻ ക്യാമറയ്ക്ക് മുന്നിലേക്ക് യാദൃച്ഛികമായി കയറിവരുന്നതാണ് വീഡിയോയിൽ കാണുന്നത്. പിന്നാലെ അവളുടെ ഓൺലൈൻ ഷോപ്പിംഗിനെ കുറിച്ചും ശമ്പളത്തെ കുറിച്ചുമെല്ലാം പറയുന്നതും കാണാം. @lifeatzorcha എന്ന യൂസറാണ് ഈ രസകരമായ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

രാത്രി 11:45 ആയിരുന്നു സമയം. സഹപ്രവർത്തകരുമായി വീഡിയോ കോളിൽ ഔദ്യോ​ഗികമായ ഒരു മീറ്റിം​ഗിലായിരുന്നു ശ്രേയ എന്ന യുവതി. ഈ സമയത്താണ് അച്ഛൻ ക്യാമറയ്ക്ക് മുന്നിലേക്ക് കടന്നുവന്ന് മകളുടെ ഓൺലൈൻ ഡെലിവറികളെക്കുറിച്ചും ഷോപ്പിംഗിനെക്കുറിച്ചും ചോദിക്കാൻ തുടങ്ങിയത്.

രാത്രി പന്ത്രണ്ടര മണിക്ക് വരെ പാഴ്സലുകൾ വരുന്നതിനെക്കുറിച്ചും, അത് കണ്ട് തന്റെ ബി.പി കൂടുന്നതിനെ കുറിച്ചുമെല്ലാം അച്ഛൻ മീറ്റിംഗിനിടയിൽ വെച്ച് തന്നെ മകളോട് പരാതിപ്പെടുന്നത് കാണാം. താൻ മീറ്റിംഗിലാണെന്ന് മകൾ ആവർത്തിച്ചു പറഞ്ഞെങ്കിലും, 'എന്ത് മീറ്റിംഗ്?' എന്ന് ചോദിച്ച് അച്ഛൻ പറയുന്നത് തുടരുകയാണ്.

View post on Instagram

മീറ്റിംഗിലുണ്ടായിരുന്ന സഹപ്രവർത്തകരാകട്ടെ 'നമസ്തേ അങ്കിൾ' എന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നുണ്ട്. പിന്നാലെ, മകൾ ശമ്പളത്തിൽ നിന്ന് ഒരു രൂപ പോലും സേവ് ചെയ്യുന്നില്ലെന്ന പരാതിയും അദ്ദേഹം അവരോട് തുറന്നുപറഞ്ഞു. ശമ്പളം നൽകുന്നത് ആരാണെന്ന് ചോദിച്ചറിഞ്ഞ അദ്ദേഹം, ആ തുക ഇനി മുതൽ തന്റെ അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടുകയും, ആ പണം മുഴുവൻ താൻ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമെന്ന് തമാശയായി പറയുകയും ചെയ്തു.

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. 'കോർപ്പറേറ്റുകൾ ഇനി മുതൽ പാരന്റ്-ടീച്ചർ മീറ്റിംഗുകൾ നടത്തണം' എന്ന് ഒരാൾ കുറിച്ചു. വിവാഹത്തെക്കുറിച്ചല്ല, മറിച്ച് മകളുടെ ഭാവിയിലെ സേവിം​ഗ്സിനെ കുറിച്ച് ആശങ്കപ്പെട്ട അച്ഛനെ അഭിനന്ദിച്ചും നിരവധിപേർ രംഗത്തെത്തി.