ആദ്യം കാളകൾ കടയിലേക്ക് വരുന്നത് കാണുമ്പോൾ പെൺകുട്ടികൾ ചിരിക്കുന്നതാണ് കാണുന്നത്. എന്നാൽ, പിന്നീട് ഇരുവരും പരിഭ്രമിച്ചുപോയി.

ഇന്ത്യയിലെ ഒട്ടുമിക്ക ന​ഗരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികളെ കാണാം. പലപ്പോഴും ഇവ വഴിയാത്രക്കാർക്കും മറ്റും ശല്ല്യമായിത്തീരാറുമുണ്ട്. അതുപോലെ തന്നെ കടകളിലേക്കും മറ്റും കയറി ആകെ ഉപദ്രവം സൃഷ്ടിക്കുന്ന കന്നുകാലികളും ഉണ്ട്. അതുപോലെയുള്ള അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലായി മാറാറുമുണ്ട്. അതുപോലെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇതും. 

വെള്ളിയാഴ്ച, ഋഷികേശിലെ രാം ജുല പ്രദേശത്താണ് സംഭവം നടന്നത്. തെരുവിൽ വച്ച് അങ്ങോട്ടുമിങ്ങോട്ടും പോരാടുകയായിരുന്ന രണ്ട് കാളകൾ അപ്രതീക്ഷിതമായി എത്തിയത് ഒരു ​ബാ​​ഗുകടയിലാണ്. അതിനകത്ത് രണ്ട് പെൺകുട്ടികളുണ്ടായിരുന്നു. കാളകൾ കടയ്ക്കകത്ത് കയറിയതോടെ പെൺകുട്ടികൾക്ക് പുറത്തിറങ്ങാൻ പറ്റാതെയായി. ഇരുവരും ഭയന്നുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പെൺകുട്ടികൾ കാളകളുടെ പിന്നിൽ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

മാധ്യമപ്രവർത്തകയായ നൈന യാദവാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 'രണ്ട് കാളകൾ തമ്മിലുള്ള പോരിൽ രണ്ട് പെൺകുട്ടികളുടെ ജീവൻ അപകടത്തിലായി. ഭാഗ്യത്തിന് കടയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ പെൺകുട്ടികളുടെ മേൽ വീണതിനാൽ അവർ രക്ഷപ്പെട്ടു. ഋഷികേശിലെ മുനികിരേതി രാം ജുലയിൽ നിന്നുള്ളതാണ് വീഡിയോ. അലഞ്ഞുതിരിയുന്ന മൃഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇവിടുത്തെ ജനങ്ങൾ പലതവണ ഭരണകൂടത്തെ അറിയിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ല' എന്നാണ് അവർ കാപ്ഷനിൽ പറയുന്നത്. 

വീഡിയോയിൽ ആദ്യം കാളകൾ കടയിലേക്ക് വരുന്നത് കാണുമ്പോൾ പെൺകുട്ടികൾ ചിരിക്കുന്നതാണ് കാണുന്നത്. എന്നാൽ, പിന്നീട് ഇരുവരും പരിഭ്രമിച്ചുപോയി. ഒരു പെൺകുട്ടി അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതും കാണാം. കലി കയറിയ കാള പെൺകുട്ടികളെ അക്രമിക്കാനായുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഒരാൾ കാളകളുടെ അടുത്തെത്തി അവയെ പുറത്താക്കാൻ നോക്കുന്നതും വീഡിയോയിൽ കാണുന്നുണ്ട്. 

Scroll to load tweet…

വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. അലഞ്ഞുതിരിഞ്ഞു നടക്കുന്ന മൃ​ഗങ്ങളെ കുറിച്ചുള്ള ആശങ്കയാണ് പലരും കമന്റ് ബോക്സുകളിൽ പറഞ്ഞത്.