അടിയന്തര ആവശ്യമുണ്ടായിട്ടും സ്ത്രീകൾക്ക് വാഷ്‌റൂം ഉപയോഗിക്കാൻ അനുമതി നൽകിയില്ലെന്ന് യുവതി വീഡിയോയിൽ ദേഷ്യത്തോടെ ആരോപിക്കുന്നുണ്ട്.

ഡൽഹിയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ വാഷ്‌റൂം ഉപയോഗിക്കാൻ അനുമതി നിഷേധിച്ചുവെന്ന് അവകാശപ്പെട്ട് യുവതി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഹോട്ടലുകൾ അവരുടെ ​ഗസ്റ്റുകളല്ലാത്ത ആളുകൾക്കും ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണോ എന്ന കാര്യത്തിലാണ് വാദപ്രതിവാദങ്ങൾ നടക്കുന്നത്.

പ്രഗ്യ എന്ന യുവതിയാണ് എക്സ് (ട്വിറ്റർ) ൽ ഈ വീഡിയോ റീഷെയർ ചെയ്തിരിക്കുന്നത്. ന്യൂഡൽഹിയിലെ പ്രശസ്തമായ ഹോട്ടലിന് പുറത്തുനിന്നാണ് ഒരു യുവതി ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അടിയന്തര ആവശ്യമുണ്ടായിട്ടും സ്ത്രീകൾക്ക് വാഷ്‌റൂം ഉപയോഗിക്കാൻ അനുമതി നൽകിയില്ലെന്ന് യുവതി വീഡിയോയിൽ ദേഷ്യത്തോടെ ആരോപിക്കുന്നുണ്ട്.

യാത്രക്കാർക്കോ പൊതുജനങ്ങൾക്കോ വാഷ്‌റൂം സൗകര്യം ഒരുക്കാൻ ഹോട്ടലുകൾക്ക് നിയമപരമായ ബാധ്യതയുണ്ടോ എന്ന ചോദ്യമുയർത്തി ബ്രിട്ടീഷ് കാലത്തെ 'ഇന്ത്യൻ സരായി ആക്റ്റ്, 1867' ഇതിനിടയിൽ ചിലർ ചർച്ചയിലേക്ക് കൊണ്ടുവന്നു. എന്തായാലും, ഈ സംഭവത്തിൽ സോഷ്യൽ മീഡിയ രണ്ട് തട്ടിലാണ്. എമർജൻസി ഘട്ടങ്ങളിൽ ആർക്കെങ്കിലും വാഷ്‌റൂം ഉപയോഗിക്കേണ്ടി വന്നാൽ ഹോട്ടലുകൾ മാനുഷിക പരിഗണന നൽകണമെന്നാണ് ഒരു പക്ഷം.

Scroll to load tweet…

ഹോട്ടലുകൾ സ്വകാര്യ സ്വത്താണെന്നും അവിടെ പ്രവേശിക്കുന്നവരെയും സൗകര്യങ്ങൾ ഉപയോഗിക്കുന്നവരെയും നിയന്ത്രിക്കാൻ ജീവനക്കാർക്ക് അവകാശമുണ്ടെന്നാണ് മറ്റൊരു വാദം. മാത്രമല്ല, ഭൂരിഭാഗം പേരും ഈ സംഭവത്തെ തള്ളിക്കളയുകയും ഇന്റർനെറ്റിൽ ശ്രദ്ധ നേടാൻ വേണ്ടി മാത്രമുള്ള നാടകമാണിതെന്ന് വിമർശിക്കുകയും ചെയ്യുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ലോബിക്ക് സമീപം തന്നെ വാഷ്‌റൂമുകൾ ഉണ്ടെന്നും, സാധാരണയായി ലോബിയിലേക്ക് കയറുന്നവരോട് ആരും ​ഗസ്റ്റാണോ എന്ന് ചോദിച്ച് തടയാറില്ലെന്നും പലരും ചൂണ്ടിക്കാണിച്ചു. വൈറലാകാൻ വേണ്ടി ചെയ്തതാണോ എന്നും പലരും വീഡിയോയുടെ താഴെ കമന്റായി ചോദിക്കുന്നുമുണ്ട്.