യൂറോപ്യന്മാർ ഇന്ത്യക്കാരിൽ നിന്ന് പഠിക്കേണ്ട അഞ്ച് കാര്യങ്ങൾ പങ്കുവെച്ച് വർഷങ്ങളായി ഇന്ത്യയിൽ താമസിക്കുന്ന ലിത്വാനിയൻ യുവതിയായ മോനിക കുഞ്ജേശ്വരി ദാസി. എന്തൊക്കെയാണ് അവ?

വർഷങ്ങളായുള്ള തന്റെ ഇന്ത്യൻ ജീവിതത്തിനിടയിൽ മനസ്സിലാക്കിയ സാംസ്കാരിക മൂല്യങ്ങളെയും അനുഭവങ്ങളെയും കുറിച്ച് ഒരു ലിത്വാനിയൻ യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുന്നു. മോനിക കുഞ്ജേശ്വരി ദാസി എന്ന യുവതിയാണ് യൂറോപ്യൻമാർ ഇന്ത്യക്കാരിൽ നിന്നും കണ്ടുപഠിക്കേണ്ട അഞ്ച് പ്രധാന കാര്യങ്ങൾ എന്ന പേരിൽ വീഡിയോ പങ്കുവെച്ചത്. പാശ്ചാത്യ രാജ്യങ്ങൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന പല മൂല്യങ്ങളും ഇന്ത്യയിൽ ഇപ്പോഴും സജീവമാണെന്ന് മോനിക വ്യക്തമാക്കുന്നു.

Add Asianetnews as a Preferred SourcegooglePreferred

'ഇതൊരു വിവാദപരമായ വിഷയമായി മാറിയേക്കും എന്നെനിക്കറിയാം. എന്നാൽ വർഷങ്ങളായി ഇന്ത്യയിൽ ജീവിക്കുന്ന ഒരാളെന്ന നിലയിൽ, പാശ്ചാത്യ രാജ്യങ്ങൾക്ക് ഇന്ത്യൻ സംസ്കാരത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. യൂറോപ്പിൽ നിന്നുള്ള പലരും ഇന്ത്യയിലെ ഗ്രാമങ്ങളോ ചെറിയ നഗരങ്ങളോ സന്ദർശിക്കുമ്പോൾ അവിടുത്തെ ആളുകൾ വളരെ 'ലളിതമായി' ജീവിക്കുന്നവരാണെന്ന് ചിന്തിക്കാറുണ്ട്. എന്നാൽ സത്യം പറഞ്ഞാൽ, പാശ്ചാത്യ ലോകത്ത് നമുക്ക് പതുക്കെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ചില മികച്ച മൂല്യങ്ങളാണ് ഞാൻ ഇവിടെ കണ്ടത്' മോനിക തന്റെ കുറിപ്പിൽ പറയുന്നു.

യൂറോപ്യന്മാർ മാതൃകയാക്കേണ്ടതായി മോനിക ചൂണ്ടിക്കാണിക്കുന്ന 5 പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

അതിഥി സത്കാരം

ഇന്ത്യയിലെ അതിഥി സത്കാര ശീലത്തെയാണ് മോനിക ഒന്നാമതായി പ്രശംസിച്ചത്. 'ഇന്ത്യയിൽ അതിഥികളോട് പെരുമാറുന്ന രീതി ശരിക്കും അത്ഭുതപ്പെടുത്തുന്നതാണ്. ആരെങ്കിലും വീട്ടിൽ വന്നാൽ അവർക്ക് ഭക്ഷണവും ചായയും നൽകി പരമാവധി കംഫർട്ടബിൾ ആക്കാൻ ശ്രമിക്കുന്നത് ഇവിടെയൊരു അടിസ്ഥാന മര്യാദയാണ്. എന്റെ ജന്മനാടായ ലിത്വാനിയയിലും സമാനമായ രീതിയുണ്ടെങ്കിലും, ഇന്ത്യയിലെ ആതിഥേയത്വം ശരിക്കും മറ്റൊരു തലത്തിലാണ്.'

ശക്തമായ സാമൂഹിക ബന്ധങ്ങൾ

ഇന്ത്യയിലെ ജനങ്ങൾക്കിടയിലുള്ള പരസ്പര സഹായ മനസ്സിനെക്കുറിച്ചാണ് മറ്റൊന്ന്. 'ഇവിടെ സുഹൃത്തുക്കൾ സുഹൃത്തുക്കളെ സഹായിക്കുന്നു, അയൽക്കാർ പരസ്പരം നന്നായി അറിയുന്നു. ആർക്കെങ്കിലും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ സഹായിക്കാൻ ചുറ്റും എപ്പോഴും ആരെങ്കിലുമുണ്ടാകും. ഇന്നത്തെ കാലത്ത് യൂറോപ്പിൽ ഒരുപാട് ആളുകൾ ഒറ്റപ്പെടൽ അനുഭവിക്കുന്നുണ്ട്; നമുക്ക് ഈ സാമൂഹിക ബന്ധങ്ങൾ നഷ്ടപ്പെടുന്നതാണ് അതിന്റെ പ്രധാന കാരണം'.

ഭക്ഷണത്തോടുള്ള വൈകാരിക ബന്ധം

ഇന്ത്യൻ വീടുകളിൽ ഭക്ഷണത്തിന് ഇപ്പോഴും വലിയ മൂല്യമുണ്ടെന്ന് അവർ നിരീക്ഷിക്കുന്നു. 'വീട്ടിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുന്നത് ഇവിടെ വളരെ സാധാരണമാണ്. എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. എല്ലാം വെറും സൗകര്യത്തിന് വേണ്ടിയോ, എത്രയും വേഗം കഴിച്ചുതീർക്കാനോ ഉള്ള ഒന്നായിട്ടല്ല ഇവിടെയുള്ളവർ ഭക്ഷണത്തെ കാണുന്നത്.'

വ്യക്തിശുചിത്വം

ഇന്ത്യക്കാർ വ്യക്തിശുചിത്വത്തിന് നൽകുന്ന പ്രാധാന്യമാണ് യുവതിയെ ആകർഷിച്ച മറ്റൊരു കാര്യം. 'ദിവസവും കൃത്യമായി കുളിക്കുന്നതും, വൃത്തിയുള്ള വസ്ത്രങ്ങൾ മാറുന്നതും, സ്വയം ഫ്രഷ് ആയിരിക്കുന്നതും ഇവിടെയുള്ളവർ ഗൗരവമായി കാണുന്നു. ശരിക്കും അതൊരു വളരെ നല്ല ശീലമാണ്'.

ആഘോഷങ്ങളും സന്തോഷവും

തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാഠം 'ജീവിതം ആസ്വദിക്കുക' എന്നതാണെന്ന് മോനിക പറയുന്നു. 'ഉത്സവങ്ങൾ, നൃത്തം, പാട്ട്, എല്ലാവരും ഒത്തുചേർന്നുള്ള ആഘോഷങ്ങൾ... ജീവിതം ആസ്വദിക്കാൻ ഇവിടുള്ളവർക്ക് പ്രത്യേക കാരണങ്ങളൊന്നും ആവശ്യമില്ല. ഒരു പ്രത്യേകതരം ലഘുത്വം അതിലുണ്ട്. ചിലപ്പോഴൊക്കെ യൂറോപ്പിൽ നമ്മൾ കാര്യങ്ങളെ അമിതമായി ഗൗരവത്തോടെ കണ്ട്, ജീവിതം എങ്ങനെ ലളിതമായി ആസ്വദിക്കണം എന്ന കാര്യം മറന്നുപോയോ എന്ന് എനിക്ക് തോന്നാറുണ്ട്' മോനിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

View post on Instagram

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അനേകം ആളുകളാണ് ഈ വീഡിയോ കാണുകയും അനുകൂലിച്ച് കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തത്. ഇന്ത്യയുടെ യഥാർത്ഥ സാംസ്കാരിക മഹിമയെ തുറന്നുകാട്ടുന്നതാണ് ഈ പോസ്റ്റെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.