ചെറിയ ഇളവുകളോ സൗജന്യ ഭക്ഷണങ്ങളോ മാത്രമല്ല തനിക്ക് ലഭിച്ചത്. അപരിചിതരായ ഇന്ത്യക്കാർ തങ്ങളെ വീടുകളിലേക്ക് ഭക്ഷണത്തിന് ക്ഷണിക്കുകയും, ബന്ധുക്കളുടെ വിവാഹങ്ങളിൽ പങ്കെടുപ്പിക്കുകയും, താമസിക്കാൻ ഇടം നൽകുകയും ചെയ്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി.
ഇന്ത്യയിലെ വിദേശികളുടെ അനുഭവം വളരെ വ്യത്യസ്തമാണ്. ചിലർ ഇന്ത്യയെ രൂക്ഷമായി വിമർശിക്കാറുണ്ട്. എന്നാൽ, മറ്റ് ചിലർ ഇന്ത്യയെയും നമ്മുടെ ആതിഥ്യമര്യാദയേയും ഇഷ്ടപ്പെടുന്നവരും പുകഴ്ത്തുന്നവരുമാണ്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ എത്തുമ്പോൾ വിദേശികൾക്ക് ചൂഷണവും തട്ടിപ്പുകളും നേരിടേണ്ടി വരുന്നു എന്ന് പറയാറുണ്ടെങ്കിലും അതിലേറെ സ്‌നേഹവും കരുതലുമാണ് ഇവിടെ ലഭിക്കുന്നതെന്ന് ജെയ്ൻ എന്ന വിദേശ വനിത പറയുന്നു. @janekikhoj എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ജെയ്ൻ തന്റെ അനുഭവം പങ്കുവെച്ചത്.
ഇന്ത്യയിൽ വരുമ്പോൾ ആളുകൾ വിചാരിക്കുന്നത് നിരന്തരം പറ്റിക്കപ്പെടുകയും ഇവിടെ കൂടുതൽ പണം ഈടാക്കുകയും ചെയ്യുമെന്നാണ്. അതിൽ ചെറിയൊരു സത്യമുണ്ടെങ്കിലും, അതിനേക്കാൾ എത്രയോ അധികം തവണ നമ്മളോട് കുറഞ്ഞ തുക വാങ്ങുന്ന അനുഭവമാണ് ഉണ്ടാകാറുള്ളതെന്നും ജെയ്ൻ പറയുന്നു. തന്റെ സ്ഥിരം ചായക്കടക്കാരൻ താൻ രാജ്യത്ത് അതിഥിയായതുകൊണ്ട് മാത്രമാണ് കുറഞ്ഞ വിലയ്ക്ക് ചായ തരുന്നതെന്ന് താൻ വൈകിയാണ് അറിഞ്ഞതെന്ന് ജെയ്ൻ പറയുന്നു. പല ഹോട്ടലുകളിലും ചെന്നാൽ അധികമായി മധുരപഹാരങ്ങൾ തരാറുണ്ട്. ഇന്ത്യയിലേക്ക് സ്വാഗതം എന്ന് പറഞ്ഞാണ് പലരും ഇത് നൽകുന്നത്.
ചെറിയ ഇളവുകളോ സൗജന്യ ഭക്ഷണങ്ങളോ മാത്രമല്ല തനിക്ക് ലഭിച്ചത്. അപരിചിതരായ ഇന്ത്യക്കാർ തങ്ങളെ വീടുകളിലേക്ക് ഭക്ഷണത്തിന് ക്ഷണിക്കുകയും, ബന്ധുക്കളുടെ വിവാഹങ്ങളിൽ പങ്കെടുപ്പിക്കുകയും, താമസിക്കാൻ ഇടം നൽകുകയും ചെയ്തിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. തന്റെ ആദ്യത്തെ ഇന്ത്യൻ യാത്രയിൽ അധികവും താൻ ഇന്ത്യൻ കുടുംബങ്ങൾക്കൊപ്പമാണ് കഴിഞ്ഞതെന്ന് ജെയ്ൻ ഓർക്കുന്നു. താൻ അടുത്തതായി പോകുന്ന നഗരങ്ങളിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറിച്ച് പറഞ്ഞുതരാനും ഇവിടുത്തെ ആളുകൾ തയ്യാറായി.
'ഇത്രയധികം ആതിഥ്യമര്യാദയും സ്‌നേഹവുമുള്ള ആളുകളുള്ള മറ്റ് രാജ്യങ്ങൾ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല' എന്നും ജെയ്ൻ പറഞ്ഞു. ഓട്ടോറിക്ഷകളിൽ ചിലപ്പോൾ കൂടുതൽ പണം നൽകേണ്ടി വന്നേക്കാം. എന്നാൽ, അതിനേക്കാൾ എത്രയോ തവണ നമുക്ക് കുറഞ്ഞ നിരക്കിൽ സാധനങ്ങൾ ലഭിക്കുകയും, ഇന്ത്യക്കാരുടെ സ്‌നേഹവും കരുതലും അനുഭവിക്കാൻ കഴിയുകയും ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. നിരവധിപ്പേർ ജെയ്‍ൻ പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ട് വീഡിയോയ്ക്ക് കമന്റുകൾ നൽകി.
