ആൻഡമാൻ ദ്വീപുകളിലെ മാലിന്യം കാണിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്. മോഹിത്ത് മേത്ത എന്ന യുവാവാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
പ്രകൃതിഭംഗിക്ക് പേരുകേട്ട ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഫോട്ടോഗ്രാഫറായ മോഹിത് മേത്തയാണ് ഈ ദൃശ്യം ഷെയർ ചെയ്തിരിക്കുന്നത്. ദൃശ്യത്തിൽ ദ്വീപുകളിലെ റോഡരികുകളിൽ കുന്നുകൂടിക്കിടക്കുന്ന മാലിന്യങ്ങളാണ് വീഡിയോകളിൽ കാണുന്നത്. 4 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താൻ ദ്വീപ് സന്ദർശിച്ചത് എന്നും തനിക്ക് കാണാൻ കഴിഞ്ഞത് ഹൃദയഭേദകമായ കാഴ്ചയാണെന്നുമാണ് മേത്ത കുറിച്ചിരിക്കുന്നത്.
റോഡരികുകളിൽ പലയിടങ്ങളിലും മാലിന്യം നിറഞ്ഞിരിക്കുന്നത് പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ വ്യക്തമാണ്. പണ്ട് ശുചിത്വത്തിന് തന്നെ മാതൃകയായിരുന്ന ഒരു സ്ഥലം ഇത്രയും മോശമായ അവസ്ഥയിലായത് വിശ്വസിക്കാനാവുന്നില്ല എന്നാണ് മേത്ത പറയുന്നത്. വീഡിയോ വൈറലായി മാറിയതോടെ അനേകങ്ങളാണ് കമന്റുകളുമായി വന്നിരിക്കുന്നത്. അനിയന്ത്രിതമായ ടൂറിസവും സഞ്ചാരികളുടെയും അധികൃതരുടെയും ഉത്തരവാദിത്തമില്ലായ്മയുമാണ് ഈ തകർച്ചയ്ക്ക് കാരണമെന്നാണ് സോഷ്യൽ മീഡിയയിൽ പ്രധാനപ്പെട്ട വിമർശനം ഉയർന്നത്.
2026 ജനുവരിയിൽ വിഷ്ണു എന്ന കണ്ടന്റ് ക്രിയേറ്റർ ഇതുപോലെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. അതിൽ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ആൻഡമാൻ തീരങ്ങളിൽ അടിയുന്നതിനെ കുറിച്ചാണ് പറഞ്ഞിരുന്നത്.
അതേസമയം, ആന്തമാൻ നിക്കോബാർ ദ്വീപുകളെ രക്ഷിക്കാൻ ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ പൂർണ്ണമായും നിരോധിക്കണമെന്നും മാലിന്യ സംസ്കരണത്തിന്റെ കാര്യത്തിൽ ശ്രദ്ധ വേണം എന്നുമാണ് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നത്. പ്രകൃതിഭംഗിക്ക് പേരുകേട്ട, അതിന്റെ പേരിൽ സഞ്ചാരികളെ ആകർഷിക്കുന്ന ഇതുപോലെയുള്ള സ്ഥലങ്ങൾ ഉത്തരവാദിത്തമില്ലായ്മയുടെ പേരിൽ ഇത്തരത്തിൽ മാലിന്യം വലിച്ചെറിഞ്ഞും മറ്റും വൃത്തിഹീനമാക്കി മാറ്റുന്നതിനെതിരെ വലിയ പ്രതിഷേധം തന്നെ ഉയരാറുണ്ട്.
