ബെംഗളൂരുവിൽ റോഡിലെ വലിയ കുഴി ഒരു സ്ത്രീ ഒറ്റയ്ക്ക് അടയ്ക്കുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരായ പ്രതിഷേധമെന്ന നിലയിൽ പലരും സ്ത്രീയെ പ്രശംസിച്ചപ്പോൾ, ഇത്തരം താൽക്കാലിക പരിഹാരങ്ങൾ കൂടുതൽ അപകടകരമാണെന്ന് ചിലർ മുന്നറിയിപ്പ് നൽകി.

റോഡിന് നടുവിലെ വലിയൊരു കുഴി അടയ്ക്കാൻ ഒറ്റയ്ക്ക് ശ്രമിക്കുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാകുമ്പോഴും, ഇത്തരം താൽക്കാലിക അറ്റകുറ്റപ്പണികൾ കൂടുതൽ അപകടങ്ങൾക്ക് കാരണമാകുമെന്ന മുന്നറിയിപ്പുമായി ചില‍ർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇതോടെ വീഡിയോയും കുറിപ്പും വൈറലായി.

'ഇത് ഭരണമല്ല, ഭരണ പരാജയം'

സ്കൂട്ടിയാത്രക്കാരിയായ ഒരു സ്ത്രീ തലയിൽ ഹെൽമറ്റ് വച്ചുകൊണ്ട് രണ്ട് ചാക്കുകളിലായി കൊണ്ടുവന്ന സിമന്‍റ് മിശ്രിതം തിരക്കേറിയ റോഡിലെ കൂഴിയടയ്ക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. '@sanatan_kannada' എന്ന എക്സ് (X) അക്കൗണ്ടിലൂടെ പുറത്തുവന്ന ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ടാണ് വ്യാപകമായി പ്രചരിച്ചത്. "അധികാരികൾ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ട കാര്യം ഒരു അമ്മ ചെയ്തു. ബെംഗളൂരുവിലെ അപകടകരമായ കുഴികൾ കണ്ട് മടുത്ത അവർ സ്വയം മണ്ണും സിമന്‍റും കൊണ്ടുവന്ന് കുഴി നികത്തുകയായിരുന്നു. സർക്കാരിന്‍റെ ജോലി ചെയ്യാൻ പൗരന്മാരെ നിർബന്ധിതരാക്കുന്ന ജിബിഎയും നഗരവികസന മന്ത്രിയും നാണിക്കണം. ഇത് ഭരണമല്ല, കടുത്ത പരാജയമാണ്," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.

Scroll to load tweet…

അനുകൂലിച്ചും മുന്നറിയിപ്പുമായും ജനങ്ങൾ

നഗരത്തിലെ തകർന്നടിഞ്ഞ റോഡുകളോടുള്ള സ്ത്രീയുടെ പ്രതിഷേധത്തെ നിരവധിയാളുകൾ പ്രശംസിച്ചെങ്കിലും, ഇത്തരം അറ്റകുറ്റപ്പണികൾ വരുത്തിവെക്കുന്ന അപകടങ്ങളെക്കുറിച്ച് മറ്റ് ചിലർ മുന്നറിയിപ്പ് നൽകി. ഉണങ്ങിയ സിമന്‍റോ മണ്ണോ ഉപയോഗിച്ച് കുഴി അടയ്ക്കുന്നത് അടുത്ത ദിവസം തന്നെ വീണ്ടും പൊളിഞ്ഞുപോരുമെന്നും, ഇത് ഇരുചക്ര വാഹന യാത്രികർക്ക് വലിയ അപകടത്തിന് കാരണമാകുമെന്നും ചില ഉപയോക്താക്കൾ ചൂണ്ടിക്കാട്ടി. വിമർശനങ്ങൾ ഉയർന്നതോടെ, വീഡിയോ പങ്കുവെച്ച അക്കൗണ്ട് തന്നെ വിശദീകരണവുമായി രംഗത്തെത്തി,"ഇതൊരു ശാശ്വത പരിഹാരമല്ലെന്ന് ഞങ്ങൾക്കറിയാം. എങ്കിലും ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധിക്കാത്ത സർക്കാർ, ഇതിൽ നിന്നെങ്കിലും ഉണർന്ന് പ്രവർത്തിക്കുകയും പൊതുജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുംവിധം കുഴികൾ കൃത്യമായി അടയ്ക്കുകയും ചെയ്യുമോ?" എന്നായിരുന്നു മറുചോദ്യം. നഗരത്തിൽ റോഡിലെ കുഴികളിൽ വീണ് അപകടത്തിൽപ്പെട്ട സ്വന്തം അനുഭവങ്ങൾ പങ്കുവെച്ച് നിരവധിയാളുകളും കമന്‍റ് ബോക്സിൽ എത്തി.