വീഡിയോയിൽ ഒരു ഗോൾഗപ്പ കാര്‍ട്ടിന്‍റെ മുന്നിൽ നിൽക്കുന്ന യുവതിയെ കാണാം. പേര് പറയാന്‍ ശ്രമിച്ച് 'ടോൾഗപ്പ' എന്ന് പറഞ്ഞതിന് ശേഷം അവർ ഒരു ഗോൾഗപ്പ കയ്യിലെടുക്കുന്നു.
ഓരോ സ്ഥലത്തു ചെല്ലുമ്പോഴും അവിടുത്തെ ഭക്ഷണങ്ങള്‍ രുചിച്ച് നോക്കുക എന്നതും യാത്രയുടെ ഭാഗമാണ്. അത്തരത്തിൽ ആദ്യമായി ഇന്ത്യൻ സ്ട്രീറ്റ് ഫുഡ്ഡായ ഗോൾഗപ്പ (പാനിപൂരി) രുചിച്ചു നോക്കുന്ന ഒരു ജർമ്മൻ യുവതിയുടെ ഇൻസ്റ്റഗ്രാം വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. വിഭവത്തിന്‍റെ പേര് പറയാന്‍ ശ്രമിക്കുന്നതിനിടെ 'ഗോൾഗപ്പ' എന്നതിന് പകരം 'ടോൾഗപ്പ' എന്ന് തെറ്റായി ഉച്ചരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പേര് തെറ്റിപ്പോയെങ്കിലും, അത് കഴിച്ച ശേഷമുള്ള യുവതിയുടെ സന്തോഷവും പ്രതികരണവും നെറ്റിസൺസിന്റെ മനം കവർന്നു കഴിഞ്ഞു.
@carinaxaman എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ മനോഹരമായ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. 'അവൾ ഇതിനെ ടോൾഗപ്പ എന്നാണ് വിളിച്ചത്! ആദ്യമായി ഗോൾഗപ്പ രുചിച്ചു നോക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോയിൽ ഒരു ഗോൾഗപ്പ കാര്‍ട്ടിന്‍റെ മുന്നിൽ നിൽക്കുന്ന യുവതിയെ കാണാം. പേര് പറയാന്‍ ശ്രമിച്ച് 'ടോൾഗപ്പ' എന്ന് പറഞ്ഞതിന് ശേഷം അവർ ഒരു ഗോൾഗപ്പ കയ്യിലെടുക്കുന്നു. ഒരൊറ്റ വായിൽ തന്നെ അത് മുഴുവനായി കഴിക്കണമെന്ന് കൂടെയുള്ളയാൾ ഓർമ്മിപ്പിക്കുന്നുമുണ്ട്. അത് കഴിച്ച ശേഷം, ഏറെ സന്തോഷത്തോടെ 'ഇന്ത്യൻ ഭക്ഷണം ശരിക്കും അടിപൊളിയാണ്' എന്ന് യുവതി പറയുന്നു.
വീഡിയോ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തു. സ്നേഹം നിറഞ്ഞ കമന്റുകളോടെയും ഹാർട്ട് ഇമോജികളോടെയുമാണ് ആളുകൾ ഇതിനോട് പ്രതികരിച്ചത്. 'ടോൾഗപ്പ' എന്ന ആ നിഷ്കളങ്കമായ ഉച്ചാരണം വളരെ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. പുതിയൊരു സംസ്കാരത്തെയും ഭക്ഷണത്തെയും ഇത്രയും സന്തോഷത്തോടെയും ആവേശത്തോടെയും സ്വീകരിച്ചതിനെ നിരവധി പേർ പ്രശംസിച്ചു.
