കാമുകിക്കായി കാമുകൻ ഒരുക്കിയ സർപ്രൈസ് പിറന്നാൾ ആഘോഷം സംഘർഷത്തിൽ കലാശിച്ചു. കേക്ക് മുറിച്ച ശേഷം ആദ്യ കഷ്ണം കാമുകി മറ്റൊരു ആൺ സുഹൃത്തിന് നൽകിയതാണ് കാമുകനെ പ്രകോപിപ്പിച്ചത്. ആഘോഷം നശിപ്പിക്കുന്ന കാമുകൻ്റെ വീഡിയോ വൈറലായി.  

പ്രണയിക്കുന്നവർ പോസസീവ്നെസായിരിക്കും എന്നത് ഒരു പൊതുധാരണയാണ്. അത്തരമൊരു പൊസസീവ്നെസ്സിന്‍റെ പീക്ക് വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ സംഭവം വൈറലായി. കാമുകിയുടെ ബ‍ർത്തേഡേ പാർട്ടിക്കായി കാമുകൻ വലിയ ആഘോഷം തന്നെയായിരുന്നു ഒരുക്കിയത്. എന്നാൽ, കേക്ക് മുറിച്ചതിന് പിന്നാലെ കാമുകിയുടെ പ്രവർത്തി കാമുകനെ ദേഷ്യം പിടിപ്പിക്കുകയും നിമിഷങ്ങൾക്കുള്ളിൽ ആ ആഘോഷം സംഘ‍ർഷത്തിൽ കലാശിക്കുകയും ചെയ്തു.

ആദ്യ കേക്ക് ബെസ്റ്റിക്ക്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ കാമുകൻ തന്‍റെ കാമുകിക്ക് സർപ്രൈസായി ബലൂണുകൾ, ലൈറ്റുകൾ, ഒരു കേക്ക് എന്നിവ ഉപയോഗിച്ച് വിപുലമായ ഒരു ജന്മദിന ആഘോഷം തന്നെ ഒരുക്കിയതായി കാണാം. എന്നാൽ, ആഘോഷത്തിനിടെ കേക്ക് മുറിച്ചതിന് പിന്നാലെ കാമുകി, കേക്കിന്‍റെ ആദ്യ കഷ്ണം തന്‍റെ അരികിൽ നിന്നിരുന്ന മറ്റൊരു പുരുഷ സുഹൃത്തിന് സമ്മാനിച്ചു. ഇത് കാമുകനെ അസ്വസ്ഥനാക്കി. അയാൾക്ക് പെട്ടെന്ന് ദേഷ്യം വരികയും ആഘോഷത്തിനായി ഒരുക്കിയതൊക്കെ നശിപ്പിക്കുകയും ചെയ്തു. കൊടിത്തോരണങ്ങളും ബലൂണുകളും വലിച്ചെറിയുന്ന കാമുകൻറെ ദൃശ്യങ്ങൾ പിന്നാലെ സമൂഹ മാധ്യമങ്ങളിലും വൈറലായി. ആഘോഷത്തിനായി എത്തിയ മറ്റ് സുഹൃത്തുക്കൾ അമ്പരന്ന് നിൽക്കവെ കാമുകൻ അക്രമണോത്സുകനായി അലങ്കാരങ്ങൾ വലിച്ചെറിഞ്ഞു. ആഘോഷം പെട്ടെന്ന് സംഘഷത്തിലേക്ക് നീങ്ങി.

View post on Instagram

സമ്മശ്രപ്രതികരണങ്ങൾ

വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി. കാഴ്ചക്കാരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നത്. ചിലർ കാമുകൻറെ പ്രതികരണത്തെ രൂക്ഷമായി വിമ‍ർശിച്ചപ്പോൾ മറ്റ് ചിലർ കാമുകനൊപ്പം കട്ടയ്ക്ക് നിന്നു. കാമുകന്‍റെ പെരുമാറ്റം അധികാരത്തിൽ നിന്നും തന്‍റെ സ്വന്തമെന്ന ബോധത്തിൽ നിന്നുമാണെന്നും അത് പക്വതയില്ലാത്ത മോശം പെരുമാറ്റമാണെന്നും നിരവധി പേർ എഴുതി. അതേസമയം ഏറെ സന്തോഷത്തോടെ ഏറെ ആഗ്രഹത്തോടെ അത്രയും പണം ചെലവഴിച്ച് കാമുകിക്കായി ആഘോഷം ഒരുക്കിയിട്ടും അയാളെ തീർത്തും അവഗണിച്ച് മറ്റൊരാൾക്ക് കേക്കിൻറെ ആദ്യ കഷ്ണം കൊടുത്താൽ ആരാണ് പ്രകോപിതരാകാത്തതെന്ന് മറ്റ് ചിലർ ചോദിച്ചു.