ന്യൂയോർക്ക് സിറ്റിയിൽ അമ്മയുടെ കൂടെ നടന്നുപോവുകയായിരുന്ന പിഞ്ചുകുഞ്ഞിനെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ ആക്രമിച്ചു. വഴിയാത്രക്കാർ ഇടപെട്ട് കുഞ്ഞിനെ രക്ഷിച്ചെങ്കിലും, നിരുത്തരവാദപരമായി പെരുമാറിയ നായയുടെ ഉടമയ്ക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമായി.

തിരക്കേറിയ നഗര ഹൃദയത്തിൽ വച്ച് പിറ്റ്ബുൾ ഒരു പിഞ്ചുകുഞ്ഞിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നായയുടെ ഉടമയ്ക്കെതിരെ പ്രതിഷേധം ശക്തം. ന്യൂയോർക്ക് സിറ്റിയിലെ യൂണിയൻ സ്ക്വയറിനടുത്ത് തിരക്കേറിയ തെരുവിൽ വെച്ചാണ് ഒരു പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞിനെ ആക്രമിച്ചത്. സംഭവം കണ്ടു നിന്നവരിലാരോ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. ഇതോടെ പിറ്റ്ബുൾ ഉടമയ്ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു.

കുഞ്ഞിനെ കടിച്ചെടുത്ത് പിറ്റ്ബുൾ

അമ്മയുടെ കൈ പിടിച്ച് തെരുവിലൂടെ നടന്നു പോവുകയായിരുന്ന കുഞ്ഞിന്‍റെ കാലിൽ നായ കടിച്ചു തൂങ്ങുകയായിരുന്നു. പരിഭ്രാന്തയായ അമ്മ സഹായത്തിനായി നിലവിളിക്കുന്നത് വീഡിയോയിൽ കാണാം. പിന്നാലെ സമീപത്തുണ്ടായിരുന്ന കാൽനടയാത്രക്കാർ ഓടിയെത്തി കുഞ്ഞിനെ രക്ഷിക്കാനായി പല ശ്രമങ്ങളും നടത്തി. എന്നാൽ, പിടിവിടാൻ നായ കൂട്ടാക്കിയില്ല. നായയുടെ ഉടമയും ഇതിനിടെ പല തരത്തിലും അവനെ ശാന്തനാക്കാൻ ശ്രമിക്കുന്നു. ഒടുവിൽ വഴിയാത്രക്കാരനായ ഒരാൾ നായയുടെ കഴുത്തിലൂടെ കൈയിട്ട് കഴുത്ത് അമർത്തി അതിനെ ശ്വാസം മുട്ടിക്കുന്നു. 

Scroll to load tweet…

ഇതോടെ നായ ഗത്യന്തരമില്ലാതെ കുഞ്ഞിൻറെ കാലിലെ കടി വിടുന്നു.പിറ്റ്ബുൾ കുഞ്ഞിനെ വിട്ട ഉടനെ ഒന്നുമറിയാത്ത പോലെ ഉടമ പട്ടിയുമായി ശാന്തനായി നടന്നു നീങ്ങി. അടുത്ത തെരുവിലേക്ക് മാറി ഒരു ബെഞ്ചിൽ അയാൾ നായയുമായി ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഇതിനിടെ ദൃക്‌സാക്ഷികൾ വിവരം ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്‍റിനെ അറിയിച്ചു. പരിക്കേറ്റ കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്‍റെ ആരോഗ്യം നിലവിൽ തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു.

ഉടമയെ അറസ്റ്റ് ചെയ്യണം

എന്തായാലും സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ വാദപ്രതിവാദങ്ങൾക്ക് തുടക്കമിട്ടു. നായയുടെ ഉടമയെ എന്തുകൊണ്ട് കസ്റ്റഡിയിൽ എടുത്തില്ലെന്നായിരുന്നു നിരവധി പേർ ചോദിച്ചത്. അദ്ദേഹത്തിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കാഴ്ചക്കാർ ആവശ്യപ്പെട്ടു. അപകടകാരികളായ ഇത്തരം നായകളെ പൊതുസ്ഥലങ്ങളിൽ കൊണ്ടുവരുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഇത്തരം നിയമങ്ങൾ കൂടുതൽ കർശനമാക്കണമെന്നും പലരും ആവശ്യപ്പെട്ടു. അതോടൊപ്പം തന്നെ വളർത്തു മൃഗങ്ങളുടെ കാര്യത്തിൽ ഉടമസ്ഥർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു.