നോയിഡയിലെ ഒരു കമ്പനിയിൽ ടീം ലീഡർ ജീവനക്കാർക്കായി അപ്രതീക്ഷിതമായി ഗോവ ട്രിപ്പ് പ്രഖ്യാപിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഓഫീസിൽ നിന്നും പ്രത്യേകിച്ച് എന്തെങ്കിലും അറിയിപ്പുണ്ട് എന്ന് പറഞ്ഞാൽ സത്യത്തിൽ ജീവനക്കാരിൽ ഒരു ടെൻഷനുണ്ടാവും. എന്താണ് പറയാൻ പോകുന്നത് എന്ന് അറിയില്ലല്ലോ? എന്നാൽ, നോയിഡയിലുള്ള ഒരു കമ്പനിയിൽ നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. എന്താണ് പറയാൻ പോകുന്നത് എന്ന് കാത്തിരിക്കുന്ന ടീമിനോട് ടീം ലീഡർ പറയുന്നത് ഗോവ ട്രിപ്പിനെ കുറിച്ചാണ്. ട്രിപ്പിനെ കുറിച്ചു പറഞ്ഞു കേൾക്കുമ്പോൾ ആവേശത്തിലാകുന്നതിന് പകരം ആകപ്പാടെ അമ്പരന്നു നിൽക്കുന്ന ജീവനക്കാരുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. നോയിഡയിലെ 'ക്യൂരിയസ് മീഡിയ' എന്ന സ്ഥാപനത്തിൽ നിന്നാണ് ഈ രസകരമായ വീഡിയോ പകർത്തിയിരിക്കുന്നത്. ഒരു അറിയിപ്പുണ്ട് എന്ന് പറഞ്ഞുകൊണ്ട് ടീം ലീഡർ എല്ലാവരെയും വിളിച്ച് കൂട്ടുകയായിരുന്നു. തുടർന്ന് 5-6 ദിവസത്തെ ഗോവ യാത്ര പ്ലാൻ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ജീവനക്കാരെ അറിയിക്കുന്നു.
ഇത് കേട്ടതോടെ ആവേശത്തോടെ എല്ലാവരും ആർത്തുവിളിക്കുമെന്ന് കരുതിയെങ്കിൽ തെറ്റി. പലരും അവിശ്വസനീയതയോടെ പരസ്പരം നോക്കുകയും ചിരിക്കുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. സംഗതി മറ്റൊന്നുമല്ല, അടുത്തിടെയാണത്രെ ടീം മറ്റൊരു ട്രിപ്പ് കഴിഞ്ഞു വന്നത്. അതിനിടയിൽ വീണ്ടും മറ്റൊരു ഗോവ ട്രിപ് പ്രഖ്യാപിച്ചതിലെ സർപ്രൈസാണ് പലരേയും അമ്പരപ്പിച്ചത്.
എന്തായാലും, വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ രസകരമായ പ്രതികരണങ്ങൾ അറിയിച്ചത്. 'ഈ കമ്പനിയിൽ വേക്കൻസി ഉണ്ടോ' എന്നാണ് പലർക്കും അറിയേണ്ടിയിരുന്നത്. 'ഗ്രാഫിക് ഡിസൈനറെ ആവശ്യമുണ്ടെങ്കിൽ പറയണം' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'ഈ ട്രിപ്പിന് വേണ്ടി മാത്രം ഞാൻ ഇന്റേൺ ആയി വരാം' എന്നായിരുന്നു മറ്റൊരു കമന്റ്. ഏതൊരാളും സ്വപ്നം കാണുന്നത് ഇങ്ങനെ ഒരു കമ്പനിയിൽ ജോലി ചെയ്യണം എന്നാണ് എന്നായിരുന്നു മറ്റ് ചിലരുടെ പ്രതികരണം.
