ഓടുന്ന കാറിൽ അർദ്ധനഗ്നരായി അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്ന ഒരു കൂട്ടം വിനോദസഞ്ചാരികൾ. ഹിമാചല്‍ പ്രദേശിലെ കാസോളില്‍ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.
ഹിമാചൽ പ്രദേശിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കാസോളിൽ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഓടുന്ന വാഹനത്തിൽ ഒരു കൂട്ടം വിനോദസഞ്ചാരികൾ അങ്ങേയറ്റം അപകടകരമായ രീതിയിൽ പെരുമാറുന്നതാണ് 21 സെക്കൻഡ് ദൈർഘ്യമുള്ള ഈ ക്ലിപ്പിലുള്ളത്. ഒരു കാറിനുള്ളിലും പുറത്തുമായി അർദ്ധനഗ്നരായ യുവാക്കൾ സഞ്ചരിക്കുന്നത് വീഡിയോയിൽ കാണാം. ഇതിൽ ചിലർ കാറിന്റെ വാതിലിലൂടെയും സൺറൂഫിലൂടെയും പുറത്തേക്ക് തൂങ്ങിക്കിടക്കുകയാണ്. സംഘത്തിലെ ചിലർ ഷർട്ട് ധരിച്ചിട്ടില്ല, രണ്ടുപേർ ഓടുന്ന കാറിന്റെ മുകളിൽ കയറി നിൽക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വാഹനം മുന്നോട്ട് പോകുമ്പോൾ ഒരു യുവാവ് സൈഡ് ഡോറിന് മുകളിൽ ഭാഗികമായി പുറത്തേക്ക് ഇരിക്കുന്നതും കാണാം. തങ്ങൾ ചെയ്യുന്ന പ്രവൃത്തിയുടെ വലിയ അപകടസാധ്യതയെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാതെ, ഇവർ വീഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം. 'അവിടെയുള്ള മറ്റ് വിനോദസഞ്ചാരികളെ നോക്കൂ, പ്രദേശവാസികളായ സ്ത്രീകൾ അതിലൂടെ നടന്നുപോകുന്നുണ്ട്. ഈ പെരുമാറ്റത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല. ഇങ്ങനെയുള്ള കുറച്ചുപേർ കാരണം ഒരു സംസ്ഥാനത്തിന്റെ മുഴുവൻ പ്രതിച്ഛായയാണ് തകരുന്നത്' എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കാസോൾ പോലുള്ള ഹിൽസ്റ്റേഷനുകളിലെ ഇടുങ്ങിയതും വളഞ്ഞുപുളഞ്ഞതുമായ റോഡുകളിൽ ഇത്തരം പ്രകടനങ്ങൾ നടത്തുന്നത് അങ്ങേയറ്റം അപകടകരവും ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള വിമർശനമാണ് ഉയരുന്നത്. ഓൺലൈനിൽ ശ്രദ്ധ നേടുന്നതിനായി വിനോദസഞ്ചാരികൾ കാട്ടിക്കൂട്ടുന്ന ഇത്തരം മാരകമായ സ്റ്റണ്ടുകളിൽ നിരവധി ഉപയോക്താക്കൾ ആശങ്ക രേഖപ്പെടുത്തി. ഇത് ചെയ്യുന്നവർക്ക് മാത്രമല്ല, ആ റോഡിലൂടെ പോകുന്ന മറ്റ് യാത്രക്കാരുടെ ജീവനുകൂടി ഭീഷണി ഉയർത്തുന്നതാണെന്ന് നിരവധി പേർ അഭിപ്രായപ്പെട്ടു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അധികൃതർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
