കനത്ത മഴയെ തുടർന്ന് പുനെയിലെ റോഡിൽ വെള്ളത്തിലേക്ക് വീണ ഡെലിവറി ബോയിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അപകടം കണ്ടുനിന്ന നാട്ടുകാരാണ് യുവാവിന്‍റെ സഹായത്തിനെത്തിയത്. 

ഇന്ന് ഒരു സാധനം വാങ്ങണമെന്ന് കരുതിയാൽ അതിന് പുറത്തുപോകണം എന്നില്ല. വെറും മിനിറ്റുകൾക്കുള്ളിൽ സാധനം നമ്മുടെ വീട്ടുപടിക്കലെത്തിയിരിക്കും. ഇത്തരം ഡെലിവറി സംവിധാനങ്ങൾ നമ്മുടെ ജീവിതം എളുപ്പമാക്കിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, പലപ്പോഴും കനത്ത മഴയിലും പ്രതികൂലസാഹചര്യങ്ങളിലും ഡെലിവറി ജീവനക്കാർക്ക് ജോലി ചെയ്യേണ്ടി വരാറുണ്ട്. അത്തരത്തിൽ കനത്ത മഴയിൽ മുട്ടൊപ്പം വെള്ളമുള്ള റോഡിൽ അപകടത്തിൽപ്പെട്ട ഒരു ഡെലിവറി ബോയിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പുനെയിലെ വെള്ളക്കെട്ടുള്ള റോഡിലൂടെ ബൈക്കുമായി പോവുകയായിരുന്നു യുവാവ്. എന്നാൽ, ശക്തമായ മഴയിൽ ബൈക്ക് പെട്ടെന്ന് ഓഫായിപ്പോവുകയായിരുന്നു. വണ്ടി സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റി ഇയാൾ വെള്ളത്തിലേക്ക് മറിഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തിൽ ബൈക്കിന് പിന്നിലെ ഡെലിവറി ബോക്സ് തുറന്ന് പാഴ്സലുകൾ റോഡിലെ വെള്ളത്തിൽ വീഴുകയും ചെയ്തു. എന്നാൽ, അപകടം കണ്ടുനിന്ന മൂന്നുപേർ ഉടൻതന്നെ ഓടിയെത്തുകയും യുവാവിനെ എഴുന്നേൽപ്പിക്കുകയും വെള്ളത്തിൽ ഒഴുകിപ്പോയ സാധനങ്ങൾ പെറുക്കിയെടുക്കാൻ അയാളെ സഹായിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

View post on Instagram

നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഡെലിവറി ജീവനക്കാർ നേരിടുന്ന പ്രയാസങ്ങൾ മനസിലാക്കിത്തരുന്നതാണ് വീഡിയോ എന്നാണ് പലരും പറഞ്ഞത്. ഒപ്പം നമ്മളിൽ പലരും സുരക്ഷിതമായി വീട്ടിലിരിക്കുമ്പോഴാണ് പലരും പ്രതികൂല കാലാവസ്ഥയിലടക്കം സാധനങ്ങളെത്തിക്കുന്നത്, അവരോട് കരുണ കാണിക്കണം എന്നും ആളുകൾ അഭിപ്രായപ്പെട്ടു. അതേസമയം തന്നെ പുനെയിലെ റോഡുകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും ശോചനീയാവസ്ഥയെ വിമർശിച്ചും നിരവധിപ്പേർ കമന്റുകൾ നൽകി. പുനെയിലെ മറ്റ് പലയിടങ്ങളിലും കാറുകളും ഓട്ടോറിക്ഷകളും വെള്ളത്തിൽ മുങ്ങിയ നിലയിലാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.