തുടർന്ന് ക്യാമറ സൂം ചെയ്ത് നോക്കിയപ്പോഴാണ് അത് ആയിരക്കണക്കിന് കൊതുകുകളുടെ കൂട്ടമാണെന്ന് അവർ തിരിച്ചറിഞ്ഞത്. 'ഗയ്സ്, ഇത്രയും കൊതുകുകളോ? എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊന്ന് കാണുന്നത്' എന്ന് വീഡിയോയിൽ അവർ പറയുന്നത് കാണാം.
ഹൈദരാബാദിൽ മരങ്ങൾക്ക് മുകളിലായി ആളുകളെ അമ്പരപ്പിച്ചുകൊണ്ട് കൊതുകുകളുടെ കൂട്ടം. പുകയോ തീയോ ഉയർന്നതുപോലെയാണ് ഒറ്റനോട്ടത്തിൽ ഇവ തോന്നുക. ഇതിന്റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. ഇൻസ്റ്റഗ്രാമിൽ മോണിക്ക എന്ന യുവതിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
വൈകുന്നേരത്തെ ആകാശത്തിന് താഴെ മരക്കൂട്ടങ്ങൾക്ക് മുകളിലൂടെ കറുത്ത പുകച്ചുരുളുകൾ പോലെ എന്തോ ഒന്ന് ഉയർന്നുപൊങ്ങുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ആദ്യ നിമിഷം പിന്നിൽ എവിടെയെങ്കിലും തീപിടിത്തമുണ്ടായിരിക്കും എന്നാണ് മോണിക്ക കരുതിയത്. എന്നാൽ, നാല് മിനിറ്റോളം നിരീക്ഷിച്ച ശേഷമാണ് അതൊരു തീപിടിത്തമല്ലെന്നും മറ്റെന്തോ ആണെന്നും അവർക്ക് മനസ്സിലായത്.
തുടർന്ന് ക്യാമറ സൂം ചെയ്ത് നോക്കിയപ്പോഴാണ് അത് ആയിരക്കണക്കിന് കൊതുകുകളുടെ കൂട്ടമാണെന്ന് അവർ തിരിച്ചറിഞ്ഞത്. 'ഗയ്സ്, ഇത്രയും കൊതുകുകളോ? എന്റെ ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊന്ന് കാണുന്നത്' എന്ന് വീഡിയോയിൽ അവർ പറയുന്നത് കാണാം. മരത്തിന് മുകളിലൂടെ പാമ്പിനെ പോലെ വളഞ്ഞുപുളഞ്ഞാണ് ഈ കൊതുകുകളുടെ കൂട്ടം സഞ്ചരിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു. 'ഹൈദരാബാദിൽ കൊതുകുകളുടെ ഭീകരവാഴ്ച ആരംഭിച്ചിരിക്കുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കൊതുകുകളുടെ സ്വാഭാവിക ഇരപിടിയന്മാരായ തുമ്പികളുടെ എണ്ണം കുറഞ്ഞതാണ് ഇത്തരത്തിലുള്ള പ്രതിഭാസത്തിന് കാരണമെന്ന് ഒരു യൂസർ കമന്റ് നൽകിയിരിക്കുന്നത്. 'ഓ മൈ ഗോഡ്, ഇത് ഭയപ്പെടുത്തുന്നതാണ്' എന്ന് മറ്റൊരാൾ കുറിച്ചു. ഹൈടെക് സിറ്റിയല്ല, ഇത് 'മൊസ്‌കിറ്റോ സിറ്റി'യാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും, ഈ ദൃശ്യം ആളുകളെ അമ്പരപ്പിക്കുക മാത്രമല്ല. അല്പമൊന്ന് ആശങ്കപ്പെടുത്തുകയും കൂടി ചെയ്തിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല.
