31 വയസ്സായിട്ടും വിവാഹം കഴിക്കാത്ത മകളെ വിവാഹത്തിന് സമ്മതിപ്പിക്കാൻ വിചിത്രവാദവുമായി എത്തിയിരിക്കയാണ് ഒരു അമ്മ. മകൾ വിവാഹം കഴിച്ചില്ലെങ്കിൽ അച്ഛന്‍ ഗതികിട്ടാത്ത ഒരു ആത്മാവായി അലയും എന്നാണ് അമ്മ പറയുന്നത്. 

മക്കളുടെ വിവാഹം നടത്താൻ വേണ്ടി മാതാപിതാക്കൾ ഏതറ്റം വരേയും പോകും. പലപ്പോഴും വലിയ സമ്മർദ്ദമാണ് വിവാഹക്കാര്യത്തിൽ യുവതീയുവാക്കൾക്ക് അനുഭവിക്കേണ്ടി വരാറ്. മാനസികമായി മിക്കവാറും മക്കളെ ബ്ലാക്ക്മെയിൽ ചെയ്യുന്ന മാതാപിതാക്കളുമുണ്ട്. എന്നാൽ, കൊൽക്കത്ത സ്വദേശിയായ ഒരു യുവതിയുടെ അമ്മ ഇതിനായി കണ്ടെത്തിയ വഴി അതുക്കും മേലെയാണ്. 31 വയസ്സായിട്ടും വിവാഹത്തിന് തയ്യാറാകാത്ത മകളെ സമ്മതിപ്പിക്കാൻ വളരെ വിചിത്രമായ ഒരു കാര്യമാണ് അവർ പറയുന്നത്.

ഇൻസ്റ്റാഗ്രാമിലാണ് അമ്മയും മകളും തമ്മിലുള്ള സംഭാഷണത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിൽ, മകൾ ഉടനെ തന്നെ വിവാഹിതയാകേണ്ടതുണ്ട് എന്ന് അമ്മ പറയുന്നത് കാണാം. അതിനായി അവർ പറയുന്നത്, മകൾ വിവാഹം കഴിച്ചില്ലെങ്കിൽ അച്ഛന്‍ മരണശേഷം പരലോകത്ത് കഷ്ടപ്പെടുമെന്നും ഗതികിട്ടാതെ, നിസ്സഹായനായ ഒരു ആത്മാവായി മാറുമെന്നുമാണ്. 'അൾട്രാ പ്രോ മാക്സ് മാനിപ്പുലേഷൻ' എന്ന അടിക്കുറിപ്പോടെയാണ് യുവതി ഈ വീഡിയോ പങ്കുവെച്ചത്. 

View post on Instagram

വീഡിയോ പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളുമായി നിരവധി പേർ രംഗത്തെത്തി. തങ്ങളുടെ വീടുകളിലും സമാനമായ സംഭവങ്ങൾ നടക്കാറുണ്ടെന്നായിരുന്നു പലരും പറഞ്ഞത്. 'എനിക്ക് 29 വയസ്സായി, എന്റെ അമ്മയും ഇതേ കാര്യമാണ് പറയുന്നത്. എപ്പോഴും അച്ഛന്റെ പേര് പറഞ്ഞാണ് ഭീഷണിപ്പെടുത്തുക, എന്നാൽ പാവം അച്ഛൻ ഇതൊന്നും അറിയുന്നുണ്ടാവില്ല' എന്നായിരുന്നു ഒരാൾ കമന്റ് നൽകിയത്. 'വിവാഹം കഴിച്ചാൽ 10 ലക്ഷം രൂപ അക്കൗണ്ടിൽ ഇടാമെന്ന് അച്ഛൻ വാഗ്ദാനം നൽകി, എന്നാൽ വിവാഹം കഴിഞ്ഞിട്ടും പണം കിട്ടിയില്ല' എന്നായിരുന്നു മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്.