ഐഐടി മദ്രാസിലെ എംബിഎ വിദ്യാർത്ഥിനിയായ പല്ലവി ഷെയര്‍ ചെയ്തിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ക്യാമ്പസില്‍ ഒരു മാനിനെ താലോലിക്കുന്ന വീഡിയോയാണ് പല്ലവി ഷെയര്‍ ചെയ്തിരിക്കുന്നത്. 

ഐഐടി മദ്രാസിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഐഐടി മദ്രാസിൽ എംബിഎ വിദ്യാർത്ഥിനിയായ പല്ലവി എന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ക്യാമ്പസിനുള്ളിലെ ഒരു മാനിനോട് പല്ലവി സൗഹൃദം പങ്കിടുന്ന ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ നിരവധിപ്പേരെയാണ് ആകർഷിച്ചത്. 'എംബിഎ പഠിക്കാൻ വന്നു, മടങ്ങിപ്പോകുന്നത് മാനുകളുമായുള്ള ചങ്ങാത്തവുമായാണ്' എന്ന അടിക്കുറിപ്പോടെയാണ് പല്ലവി ഈ മനോഹരമായ ദൃശ്യം പങ്കുവെച്ചിരിക്കുന്നത്. ക്യാമ്പസിനുള്ളിൽ യാതൊരു ഭയവുമില്ലാതെ നിൽക്കുന്ന മാനിനെ താലോലിക്കുന്ന പല്ലവിയെയാണ് വീഡിയോയിൽ കാണുന്നത്. മാനും സങ്കോചമൊന്നുമില്ലാതെയാണ് നിൽക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്. 'ഡിഗ്രിയോടൊപ്പം ഒരു വനവാസവും ഉണ്ടെന്ന് തോന്നുന്നു', 'എംബിഎ വിത്ത് വൈൽഡ്‌ലൈഫ് സ്പെഷ്യലൈസേഷൻ' എന്നിങ്ങനെയൊക്കെയാണ് ആളുകൾ വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്. ക്യാംപസ് ജീവിതത്തിൽ ഇങ്ങനെ പ്രകൃതിയോട് അടുത്തിടപഴകി കഴിയാനാവുന്നത് ഭാ​ഗ്യമാണ് എന്നാണ് മറ്റ് പലരും പ്രതികരിച്ചിരിക്കുന്നത്. മാത്രമല്ല, ഈ മാനുകൾ ചിലപ്പോൾ വെള്ളം തേടിയായിരിക്കാം എത്തിയത്. അതിന് കുറച്ച് വെള്ളം നൽകൂ എന്ന് കമന്റ് നൽകിയവരും ഉണ്ട് .

View post on Instagram

ചെന്നൈയിലെ ഗിണ്ടി നാഷണൽ പാർക്കിനോട് ചേർന്നാണ് ഐഐടി മദ്രാസ് ക്യാമ്പസ്. വന്യമൃഗങ്ങളുടെയും പക്ഷികളുടെയും പ്രിയപ്പെട്ട ഇടമാണ് ഇത്. പുള്ളിമാനുകളും കൃഷ്ണമൃഗങ്ങളെയും ഇവിടെ ഇഷ്ടം പോലെ കാണാം. നേരത്തെ ഐഐടി മദ്രാസിന്റെ ഔദ്യോഗിക എക്‌സ് (ട്വിറ്റർ) ഹാൻഡിലിലും ക്യാമ്പസിലെ സ്പോർട്സ് സ്റ്റേഡിയത്തിൽ മാനുകൾ ഓടിക്കളിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. വികസനവും പരിസ്ഥിതിയും എങ്ങനെ ഒത്തുപോകാമെന്നതിന്റെ മികച്ച ഉദാഹരണമായിട്ടാണ് പലപ്പോഴും ക്യാംപസിൽ നിന്നുള്ള ഇത്തരം ദൃശ്യങ്ങളെ പലരും എടുത്ത് കാണിക്കാറുള്ളത്.