മെൽബണിൽ താമസിക്കുന്ന സിന്ധു റെഡ്ഡി എന്ന ഇന്ത്യൻ യുവതിയുടെ ഒരു ദിവസത്തെ ചെലവുകൾ വിവരിക്കുന്ന വീഡിയോ വൈറലാകുന്നു. ഒരു ദിവസം 8000 രൂപ  വരെ ചെലവാകുമെന്നാണ് യുവതി പറയുന്നത്.

ഓസ്‌ട്രേലിയയിലെ മെൽബണിൽ താമസിക്കുന്ന സിന്ധു റെഡ്ഡി എന്ന യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കോർപറേറ്റ് പ്രൊഫഷണലായ സിന്ധുവിന്റെ ഒരു ദിവസത്തെ ചെലവുകളുടെ കണക്കാണ് പങ്കുവച്ചിരിക്കുന്നത്. ഓഫീസിൽ പോകുന്ന ഒരു സാധാരണ ദിവസം തനിക്ക് എത്ര രൂപ ചെലവാകുന്നു എന്ന് സിന്ധു തന്റെ വീഡിയോയിൽ വിശദീകരിക്കുന്നത് കാണാം.

ഏകദേശം 130 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 8000 ഇന്ത്യൻ രൂപ) ആണ് ഒരു സാധാരണ പ്രവൃത്തി ദിവസം സിന്ധുവിന് ചെലവാകുന്നത്. രാവിലെ ഒരു കാപ്പിക്കും മുട്ട ടോസ്റ്റിനുമായി 7 ഡോളർ ചിലവാക്കുന്നു. ഉച്ചഭക്ഷണത്തിന് ഹൈ-പ്രോട്ടീൻ ചിക്കൻ റാപ്പിനും ഡയറ്റ് കോക്കിനുമായി 10 ഡോളർ വരും. ഇതിനുപുറമെ, ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി വീട്ടിലേക്കാവശ്യമായ ഗ്രോസറി സാധനങ്ങൾ വാങ്ങിയപ്പോൾ 50 ഡോളറോളം ബില്ല് വന്നു. രാത്രി സുഹൃത്തുക്കൾക്കൊപ്പം ഒരു മെക്സിക്കൻ ബാറിൽ പോയ സിന്ധുവിന് ഭക്ഷണത്തിനും മോക്ടെയിലുകൾക്കുമായി 50 ഡോളർ കൂടി ചെലവാക്കേണ്ടി വന്നു. അങ്ങനെ ആ ദിവസത്തെ ആകെ ചെലവ് 130 ഡോളറിൽ (8000 രൂപ) എത്തുകയായിരുന്നു.

View post on Instagram

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയത്. ചിലർ ഈ ജീവിതശൈലിയെ പ്രശംസിച്ചപ്പോൾ, മറ്റ് ചിലർ ഇത് അല്പം ആഡംബരമാണെന്നാണ് അഭിപ്രായപ്പെടുന്നത്. '11 വർഷമായി മെൽബണിൽ താമസിക്കുന്ന ഒരാളെന്ന നിലയിൽ പറയുകയാണ്, ഇതിലും കുറഞ്ഞ ചെലവിൽ ആരോഗ്യകരമായ ഭക്ഷണം കഴിച്ച് ഒരാൾക്ക് ജീവിക്കാൻ കഴിയും' എന്ന് ഒരാൾ കുറിച്ചു. 'വിദേശത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു നല്ല അറിവാണ്' എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.

താൻ ഒരു സിംഗിൾ പ്രൊഫഷണൽ ആയതുകൊണ്ടാണ് ഈ രീതിയിൽ ജീവിക്കാൻ സാധിക്കുന്നതെന്നും അതേസമയം സിന്ധു പറയുന്നുണ്ട്.