ഹൈദരാബാദിൽ നിന്നുള്ള ദമ്പതികൾ തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായയെ ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാൻ വേണ്ടി ചിലവഴിച്ചത് ഒന്നും രണ്ടും ലക്ഷമല്ല. 15 ലക്ഷം രൂപ. വൈറലായി അതിവൈകാരികമായ വീഡിയോ. 

ഇന്ന് വളർത്തുമൃ​ഗങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ തന്നെയാണ് പലരും കാണുന്നത്. അതിനാൽ തന്നെ അവയെ പിരിഞ്ഞിരിക്കുക എന്നത് അവർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അങ്ങനെയുള്ളവരാണ് ഹൈദരാബാദിൽ നിന്നുള്ള ഈ ദമ്പതികളും. തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായയെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാൻ വേണ്ടി അവർ എടുത്ത പ്രയത്നമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ​തങ്ങളുടെ നായയായ സ്കൈയെ ഹൈദരാബാദിൽ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാൻ ദമ്പതികൾ ചിലവാക്കിയത് ഒന്നും രണ്ടും രൂപയല്ല, മറിച്ച് 15 ലക്ഷം രൂപയാണ്.

ഓസ്‌ട്രേലിയയിലേക്ക് വളർത്തുമൃഗങ്ങളെ എത്തിക്കുക എന്നത് നിയമപരമായി ഏറെ പ്രയാസമുള്ള കാര്യമാണ്. ഇന്ത്യയിൽ നിന്ന് നേരിട്ട് വളർത്തുമൃഗങ്ങളെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. റാബീസ് ഇല്ലാത്ത ഒരു രാജ്യത്ത് ആറ് മാസം താമസിപ്പിക്കേണ്ടതുണ്ട്. അതിനാൽ സ്കൈയെ ആദ്യം ദുബായിയിലേക്ക് കൊണ്ടുപോയി. അവിടെ മാസങ്ങളോളം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമാണ് നായയെ ഓസ്‌ട്രേലിയയിലേക്ക് എത്തിക്കാൻ സാധിച്ചത്.

View post on Instagram

ദുബായിൽ ആദ്യത്തെ ഒരുമാസം തങ്ങൾ സ്കൈക്കൊപ്പം നിന്നു. പിന്നീട്, അവനെ അവിടെ സുരക്ഷിതമായ കരങ്ങളിൽ ഏല്പിച്ച ശേഷം ഓസ്ട്രേലിയയിലേക്ക് പോയി. പിന്നീട് വീഡിയോ കോളിലും മറ്റുമാണ് അവനെ കണ്ടത്. ഒടുവിൽ ആറ് മാസങ്ങൾക്ക് ശേഷം അവൻ തങ്ങൾക്കൊപ്പം ഓസ്ട്രേലിയയിൽ എത്തിച്ചേർന്നു എന്നാണ് പോസ്റ്റിൽ പറയുന്നത്. ഇത്രയും വലിയ തുക ഒരു നായയ്ക്കായി ചിലവാക്കിയത് ചിലരെ സംബന്ധിച്ച് വിശ്വസിക്കാനാവാത്ത കാര്യമാണ്. പലരും ദമ്പതികളോട് അവന് പകരം മറ്റൊരു നായയെ ദത്തെടുത്തുകൂടേ എന്ന് ചോദിച്ചു. എന്നാൽ, പണം എപ്പോൾ വേണമെങ്കിലും നമുക്ക് സമ്പാദിക്കാം. എന്നാൽ, സ്നേഹവും ബന്ധങ്ങളും അങ്ങനെയല്ലല്ലോ എന്നാണ് ഇവർ പറയുന്നത്.