ന്യൂയോർക്കിലെ തിരക്കേറിയ ഫിഫ്ത് അവന്യൂവിൽ നിന്നുള്ള ഒരു ഇന്ത്യന്‍ വിവാഹഘോഷയാത്രയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഇന്ത്യൻ ദമ്പതികളായ പങ്കി ദോഷിയുടെയും ഡോ. അവിഷ് ജെയിന്‍റെയും വിവാഹഘോഷയാത്രയാണ് ഇത്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ തെരുവുകളിലൊന്നാണ് ന്യൂയോർക്കിലെ ഐക്കോണിക് 'ഫിഫ്ത് അവന്യൂ'. എന്നാൽ, കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ വിവാഹാഘോഷമാണ് ഇവിടെ നിന്നും ശ്രദ്ധ നേടിയത്. പല സംസ്ഥാനങ്ങളിലും വിവാഹാഘോഷങ്ങളിലെ ഒഴിവാക്കാനാവാത്ത ചടങ്ങാണ് വിവാഹഘോഷയാത്ര. വളരെ ആവേശത്തോടെയാണ് പലയിടങ്ങളിലും ഈ വിവാഹഘോഷയാത്രകൾ നടക്കാറുള്ളത്. ഇപ്പോഴിതാ, സംഗീതത്തെ ഇഷ്ടപ്പെടുന്ന പങ്കി ദോഷി, ഡോ. അവിഷ് ജെയിൻ എന്നീ ദമ്പതികളുടെ വിവാഹഘോഷയാത്രയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സാധാരണ വിവാഹാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഡിജെ ഗ്രൂപ്പുകളോ ബാൻഡോ ഒന്നും ഇതിൽ ഉണ്ടായിരുന്നില്ല. പകരം വധുവും വരനും നേരിട്ട് ലൈവായി പാട്ടുപാടിയും നൃത്തം ചെയ്തുമാണ് നീങ്ങിയത്. ബോളിവുഡ് ഹിറ്റ് ഗാനങ്ങളാണ് ഇരുവരും പാടിയത്. ന്യൂയോർക്ക് നഗരത്തോടുള്ള തങ്ങളുടെ സ്നേഹപ്രകടനം കൂടിയാണ് ഈ പ്രകടനമെന്നാണ് ദമ്പതികൾ പറയുന്നത്. ലോകത്തിലെ ഏറ്റവും ചെലവേറിയ ഷോപ്പിം​ഗ് ന​ഗരങ്ങളിൽ ഒന്നാണ് ഫിഫ്ത് അവന്യൂ. അവിടെ ഇങ്ങനെയൊരു ഘോഷയാത്ര സംഘടിപ്പിക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. മാസങ്ങൾ നീണ്ട പ്ലാനിം​ഗിനൊടുവിൽ എൻവൈപിഡിയുടെയും, ന​ഗരത്തിലെ അധികൃതരുടെയും പ്രത്യേക അനുമതി വാങ്ങിയാണത്രെ തെരുവ് ഭാഗികമായി അടച്ച് ഘോഷയാത്ര നടത്തിയത്.

View post on Instagram

'വധുവും വരനും ചേർന്ന് ഫിഫ്ത് അവന്യൂ കീഴടക്കിയപ്പോൾ' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ നിരവധിപ്പേരാണ് ഇതിനോടകം കണ്ടതും കമന്റുകൾ നൽകിയതും. ദമ്പതികളെ അഭിനന്ദിച്ചുകൊണ്ടും ആശംസകൾ അറിയിച്ചുകൊണ്ടും നിരവധിപ്പേർ കമന്റുകൾ നൽകി. അതേസമയം തന്നെ പൊതുവിടങ്ങൾ കീഴടക്കിയുള്ള ഇത്തരം പരിപാടികളോട് വിമർശനം ഉന്നയിച്ചവരും കുറവായിരുന്നില്ല. അതേസമയം, ന്യൂയോർക്ക് നഗരത്തിലെ നിരവധി ആഘോഷ പരേഡുകൾക്കുള്ള വേദിയായി മാറാറുണ്ട് ഫിഫ്ത് അവന്യൂ.