ബിസിനസ് ക്ലാസിൽ യാത്ര ചെയ്യവേ വികാരാധീനനായി കരയുന്ന ഒരു യുവാവിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കുട്ടിക്കാലത്ത് താൻ സ്വപ്നം കണ്ടിരുന്ന ജീവിതമാണ് യുവാവ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 

തികച്ചും വൈകാരികമായ കാരണങ്ങളാൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യവേ ഒരു യുവാവ് കരഞ്ഞുപോകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. കാനഡയിലുള്ള കണ്ടന്റ് ക്രിയേറ്ററായ ആഷ് ലാംബയാണ് ഹൃദയസ്പർശിയായ ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ, ബിസിനസ് ക്ലാസ്സ് ക്യാബിനിൽ ഇരിക്കുമ്പോൾ അദ്ദേഹം പെട്ടെന്ന് വികാരാധീനനാകുന്നത് കാണാം. വീഡിയോയ്‌ക്കൊപ്പമുള്ള നീണ്ട കുറിപ്പിൽ ആ സമയത്ത് അദ്ദേഹത്തിന്റെ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

'യഥാർത്ഥത്തിൽ ഈ ഫ്ലൈറ്റിൽ ഒരു തമാശ വീഡിയോ റെക്കോർഡ് ചെയ്യാനാണ് ഞാൻ പദ്ധതിയിട്ടിരുന്നത്. ക്യാമറ ഓൺ ചെയ്ത നിമിഷം ഞാൻ തകർന്നുപോയി. ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല' എന്നും ആഷ് പറയുന്നു. കുട്ടിക്കാലത്ത് വിമാനത്താവളങ്ങൾ തന്നെ അത്രമാത്രം ആകർഷിച്ചിരുന്നു. ബിസിനസ് ക്ലാസ്സിൽ യാത്ര ചെയ്യുന്നതിനാൽ യാത്രക്കാർ നീണ്ട ക്യൂവുകൾ മറികടന്ന് പോകുന്നത് നോക്കിനിന്നതും, ആ ക്യാബിൻ എങ്ങനെയുണ്ടെന്ന് ഒന്നു കാണാൻ വേണ്ടി മാത്രം അങ്ങോട്ട് നടക്കാൻ കാരണങ്ങൾ കണ്ടെത്തിയിരുന്നതും അദ്ദേഹം ഓർത്തു. സഹപാഠികൾ ലണ്ടനിലെ വെക്കേഷനെ കുറിച്ച് സംസാരിക്കുന്നതും, സ്കൂളിൽ ബ്ലാക്ക്‌ബെറി ഫോണുകൾ കൊണ്ടുവരുന്നതും, ആഡംബര കാറുകൾ, വലിയ വീടുകൾ, ഹൈ-എൻഡ് ഹോട്ടലുകൾ, ഫാൻസി റെസ്റ്റോറന്റുകൾ, റാൽഫ് ലോറൻ വസ്ത്രങ്ങൾ, റോളക്സ് വാച്ചുകൾ എന്നിവയുൾപ്പെടെ പറയുന്നതിനെ കുറിച്ചും ആഷ് ഓർക്കുന്നു.

തന്റേത് സന്തോഷകരമായ ഒരു കുട്ടിക്കാലമായിരുന്നു. തനിക്ക് മനോഹരമായ ഒരു ജീവിതം നൽകാൻ മാതാപിതാക്കൾ കഠിനമായി അധ്വാനിച്ചുവെന്നും ആഷ് സമ്മതിക്കുന്നു. എന്നാൽ, അതിലുമധികമായി കാര്യങ്ങൾ നേടാൻ താൻ ആ​ഗ്രഹിച്ചു. 'എനിക്ക് കൂടുതൽ അനുഭവങ്ങളും കൂടുതൽ സ്വാതന്ത്ര്യവും കൂടുതൽ തിരഞ്ഞെടുപ്പുകളും വേണമായിരുന്നു. എനിക്ക് ലോകം കാണണമായിരുന്നു. എന്റെ ജീവിതത്തെ പൂർണ്ണമായി മാറ്റുന്ന എന്തെങ്കിലും കെട്ടിപ്പടുക്കാൻ ഞാൻ ആഗ്രഹിച്ചു. ആ സ്വപ്നം എനിക്കൊരു അഭിനിവേശമായി മാറി' എന്നും ആഷ് കുറിച്ചു. കുട്ടിക്കാലത്ത് കേട്ടിട്ടുമാത്രമുള്ള സ്ഥലങ്ങളിലേക്ക് താൻ ഇപ്പോൾ യാത്ര ചെയ്യുന്നുണ്ടെന്നും, പണ്ട് സ്വപ്നം കണ്ട കാറാണ് ഇപ്പോൾ ഓടിക്കുന്നതെന്നും, അന്നത്തെ തന്റെ പ്രായത്തിന് അസാധ്യമെന്ന് തോന്നിയ ഒരു വീട്ടിലാണ് ഇപ്പോൾ ജീവിക്കുന്നതെന്നും ആഷ് കൂട്ടിച്ചേർത്തു.

View post on Instagram

'ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ഞാൻ വികാരാധീനനായത്. കാരണം ആ നിമിഷത്തിൽ, ഞാൻ ഒരു വിമാനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുകയായിരുന്നില്ല. എല്ലാം ശ്രദ്ധിച്ചിരുന്ന ഒരു കൊച്ചുകുട്ടിയെയാണ് ഞാൻ തിരിഞ്ഞുനോക്കിയത്... അവൻ തന്റെ വിശ്വാസം ഒരിക്കലും അവസാനിപ്പിച്ചില്ല എന്നതിൽ ഞാൻ നന്ദിയുള്ളവനാണ്' എന്നും ആഷ് കുറിച്ചു. വളരെ ഹൃദയസ്പർശിയായ അനുഭവം എന്നാണ് പലരും പോസ്റ്റിന് കമന്റുകൾ നൽകുന്നത്.