വേലിക്കപ്പുറത്തുനിന്നും ആ സ്ത്രീ ചാടിയിറങ്ങി കാളയെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ നിലത്തുവീണു കിടക്കുന്ന അയാളെ ആ മൃഗം കുത്തിമലര്‍ത്തിയേനെ! 

അതൊരു കാളയോട്ടമായിരുന്നു. കാളക്കൂറ്റന്‍മാര്‍ ഒരു കളത്തിലേക്ക് ഒന്നിച്ച് ഓടിവരുന്ന മല്‍സരം. അതിനിടയിലാണ് ആ അത്യാഹിതം സംഭവിച്ചത്. കണ്ടു നിന്ന ഒരാള്‍ കാളയ്ക്കു മുന്നിലേക്ക് വീണു. അതോടെ കാളക്കൂറ്റന്‍ അയാളെ ആക്രമിക്കാനുള്ള ശ്രമത്തിലായി. അയാളെയത് കുത്തിമലര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പായ സമയത്ത് എന്നാല്‍ ഒരു അത്ഭുതം സംഭവിച്ചു. ഒരു സ്ത്രീ വേലിക്കപ്പുറത്തുനിന്നും ചാടി കളത്തിലേക്കിറങ്ങി! 

കാളയുടെ ശ്രദ്ധ ആകര്‍ഷിക്കാനായിരുന്നു ആദ്യം അവരുടെ ശ്രമം. അതിനു പിന്നാലെ, അവര്‍ ആ കാളയെ ഉന്തിമാറ്റാന്‍ തുടങ്ങി. ഇതു കണ്ടതോടെ വേലിക്കപ്പുറത്തുള്ള മറ്റനേകം പേരും ചാടിയിറങ്ങി കാളയെ തള്ളിമാറ്റി അപകടത്തില്‍ പെട്ടയാളെ രക്ഷപ്പെടുത്തി. വേലിക്കപ്പുറത്തുനിന്നും ആ സ്ത്രീ ചാടിയിറങ്ങി കാളയെ തടഞ്ഞില്ലായിരുന്നുവെങ്കില്‍ നിലത്തുവീണു കിടക്കുന്ന അയാളെ ആ മൃഗം കുത്തിമലര്‍ത്തിയേനെ! 

Scroll to load tweet…

കാനഡയിലെ ആല്‍ബര്‍ട്ട പ്രവിശ്യയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. കാളയ്ക്കു മുന്നില്‍ പെട്ട യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തിയ ആ സ്ത്രീയാണ് ഇപ്പോള്‍ കാനഡയിലെ പുതിയ താരം. മാധ്യമങ്ങളിലെല്ലാം വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത വന്നത്. 

സാധാരണക്കാരിയല്ല, ആ സ്ത്രീ. ആല്‍ബര്‍ട്ടോ പ്രവിശ്യയിലെ മുന്‍ മന്ത്രിയാണ്. കാനഡയിലെ എഡ്‌മോന്റണില്‍ ജനിച്ചു വളര്‍ന്ന് ആല്‍ബര്‍ട്ട പ്രവിശ്യയുടെ മന്ത്രിയായി ഉയര്‍ന്ന ലീലാ അഹീര്‍ ഇന്ത്യന്‍ വംശജയാണ്. ഇപ്പോള്‍ കാല്‍ഗറി സ്ട്രാത്‌മോര്‍ എം എല്‍ എ കൂടിയാണ് ഇവര്‍. രണ്ടു മാസത്തിനു ശേഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായ ലീല വിജയിച്ചാല്‍, പ്രവിശ്യയുടെ പ്രധാനമന്ത്രി ആവാനും സാധ്യതയുണ്ട്. ആല്‍ബര്‍ട്ടയിലെ ഭരണകക്ഷിയായ യുനൈറ്റഡ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്നിലുള്ള ലീല പ്രധാനമന്ത്രി പദത്തിലേക്ക് ഏറ്റവും സാധ്യത കല്‍പിക്കുന്ന നേതാവ് കൂടിയാണ്. 
ഇന്ത്യക്കാരനായ മല്‍കീത് അഹീറിന്റെ ഭാര്യയായ ലീലയ്ക്ക് രണ്ട് ആണ്‍മക്കളുണ്ട്. 

കാളയോട്ടത്തിനിടയിലുള്ള സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ലീലയെ വാഴ്ത്തുകയാണ് കനേഡിയന്‍ മാധ്യമങ്ങള്‍. സാഹസികമായ രക്ഷപ്പെടുത്തലിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായി. അമ്മയില്‍നിന്നും കിട്ടിയ സ്വഭാവവിശേഷമാവണം കാളയ്ക്കു മുന്നിലേക്ക് കുതിച്ചുചെല്ലാന്‍ പ്രേരിപ്പിച്ചെതന്ന് അവര്‍ ഗ്ലോബല്‍ ന്യൂസിനോട് പറഞ്ഞു. ആ വീഡിയോ കണ്ടില്ലായിരുന്നുവെങ്കില്‍ അങ്ങനെയൊക്കെ ചെയ്‌തോ എന്ന് താന്‍ പോലും സംശയിക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.