കാനഡയിലെ സറെയിൽ വാടകക്കാരനുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ വംശജയായ വീട്ടുടമ രാജ് തിവാനയെ പോലീസ് അറസ്റ്റ് ചെയ്തു. ബീഫ് പാചകം ചെയ്യുന്നതിനെച്ചൊല്ലി തുടങ്ങിയ തർക്കം, വീട്ടുടമ അനുമതിയില്ലാതെ വീട്ടിൽ പ്രവേശിക്കുകയും കല്ലെറിയുകയും ചെയ്യുന്നതിലേക്ക് നയിച്ചതായി വാടകക്കാരൻ ആരോപിക്കുന്നു.
വാടകക്കാരുമായുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് കാനഡയിലെ സറെയിൽ ഇന്ത്യൻ വംശജയായ വീട്ടുടമ രാജ് തിവാനയെ പോലീസ് അറസ്റ്റ് ചെയ്തു. വാടകക്കാരൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോകളാണ് സംഭവത്തെ പുറംലോകത്തിന്‍റെ ശ്രദ്ധയിൽ എത്തിച്ചത്. വീട്ടുടമ അനുമതിയില്ലാതെ വാടകവീട്ടിൽ പ്രവേശിക്കുകയും ഭീഷണിപ്പെടുത്തുകയും കല്ലെറിയുകയും ചെയ്തെന്ന് വാടകക്കാരന്‍ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഇതിനകം സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ബീഫ് പാചകം ചെയ്തത് തർക്ക കാരണമെന്ന്
സംഭവങ്ങളുടെ തുടക്കം വീട്ടുമുറ്റത്ത് ബാർബിക്യൂ ഉപയോഗിച്ച് ബീഫ് പാകം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ നിന്നാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നു. വാടകക്കാരൻ ഗ്രില്ലിൽ ബീഫ് പാകം ചെയ്യുന്നതിനിടെ രാജ് തിവാന അവിടെയെത്തി ഒരു മരക്കഷ്ണം ഉപയോഗിച്ച് ഭക്ഷണം തട്ടിക്കളയാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വീട്ടുടമ പൊലീസിനെ വിളിക്കുമെന്ന് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം വാടകക്കാർ തന്‍റെ വീട് നശിപ്പിക്കുകയാണെന്ന് സ്ത്രീ ആരോപിക്കുന്നതും വീഡിയോയിൽ കേൾക്കാം. പിന്നീട് പുറത്തുവന്ന മറ്റൊരു വീഡിയോയിലാണ് തർക്കം കൂടുതൽ ഗുരുതരമായതായി ആരോപണം ഉയർന്നത്. രാജ് തിവാന വാടകക്കാരന്‍റെ താമസസ്ഥലത്തേക്ക് അനുമതിയില്ലാതെ പ്രവേശിച്ചതായും, തുടർന്ന് കല്ലുകൾ എറിഞ്ഞതായും വാടകക്കാരൻ ആരോപിച്ചു. വീട്ടിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെടുന്ന വാടകക്കാരനുമായി അവർ വാക്കേറ്റത്തിലേർപ്പെടുന്നതും പിന്നീട് ശാരീരിക ഏറ്റുമുട്ടലുണ്ടാകുന്നതും വീഡിയോയിൽ കാണാം.
അന്വേഷണം നടക്കുന്നെന്ന് പോലീസ്
വാടകക്കാരന്റെ ആരോപണങ്ങളിൽ ബാർബിക്യൂ തർക്കത്തിന് പുറമെ ലോക്ക് മാറ്റിയതും വാടകവീട്ടിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തിയതും വാതിൽ നീക്കം ചെയ്തതുമുൾപ്പെടെയുള്ള സംഭവങ്ങളും ഉൾപ്പെടുന്നു. എന്നാൽ ഈ ആരോപണങ്ങളുടെ മുഴുവൻ പശ്ചാത്തലവും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. വീഡിയോകൾ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് ഇടപെട്ട് രാജ് തിവാനയെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. അതേസമയം സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കനേഡിയൻ പോലീസ് അറിയിച്ചു.


