ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മുസ്ക്കാൻ എന്ന ഇന്ത്യൻ യുവതി ഷെയര്‍ ചെയ്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നാല് മണിക്കൂർ ഫുഡ് ഡെലിവറി ജോലി ചെയ്ത് ഏകദേശം 7,850 രൂപ സമ്പാദിച്ചതായിട്ടാണ് യുവതി പറയുന്നത്. 

വിദേശരാജ്യങ്ങളിൽ കഴിയുന്ന നിരവധി യുവതീയുവാക്കൾ പാർട് ടൈം ജോലികളിലൂടെ വരുമാനം കണ്ടെത്താറുണ്ട്. അങ്ങനെ നല്ല വരുമാനം നേടുന്ന ഒരു യുവതി തന്റെ അനുഭവം പങ്കുവയ്ക്കുന്ന പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ മുസ്ക്കാനാണ് തന്റെ ജോലിയെ കുറിച്ചും വരുമാനത്തെ കുറിച്ചും പങ്കുവച്ചത്. വെറും നാല് മണിക്കൂർ ഫുഡ് ഡെലിവറി ജോലി ചെയ്തപ്പോൾ തനിക്ക് ലഭിച്ച വരുമാനം എത്രയാണെന്നാണ് അവൾ വെളിപ്പെടുത്തുന്നത്. ഡോർഡാഷ് ഡെലിവറി പാർട്ണറായിട്ടാണ് അവൾ ജോലി ചെയ്യുന്നത്.

മൊത്തം നാല് മണിക്കൂറും 10 മിനിറ്റും ജോലി ചെയ്തു. അതിന് കിട്ടിയ തുക 140 ഓസ്ട്രേലിയൻ ഡോളറാണ്. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 7,850 രൂപ. തന്റെ ഒരു ദിവസത്തെ ഷിഫ്റ്റിനെ കുറിച്ച് വിവരിച്ചുകൊണ്ടാണ് മുസ്ക്കാൻ വീഡിയോ പങ്കുവെച്ചത്. ജോലി തുടങ്ങിയ ഉടൻ തന്നെ കെ.എഫ്.സിയിൽ നിന്ന് 13 ഡോളറിന്റെ ഡെലിവറി ലഭിച്ചുവെന്ന് അവൾ പറയുന്നു. ആദ്യത്തെ 2 - 2.5 മണിക്കൂറിനുള്ളിൽ തന്നെ 74 ഡോളർ സമ്പാദിച്ചു. ഇടയ്ക്ക് വിശന്നപ്പോൾ പിസ്സ കഴിക്കാനും സമയം കണ്ടെത്തി. ഏകദേശം 4 മണിക്കൂർ 10 മിനിറ്റ് ജോലി ചെയ്തപ്പോഴേക്കും 140 ഡോളർ (ഏകദേശം 7,850 രൂപ) ലഭിച്ചു. വൈകുന്നേരം 6 മണിയോടെ ജോലി നിർത്തി തടാകത്തിനടുത്തേക്ക് വിശ്രമിക്കാൻ പോയി എന്നും മുസ്ക്കാൻ വീഡിയോയിൽ പറയുന്നു.

View post on Instagram

നിരവധിപ്പേരാണ് മുസ്ക്കാൻ പങ്കുവച്ച വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇന്ത്യയിലെ ശമ്പള നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്‌ട്രേലിയയിലെ വരുമാനം വളരെ മികച്ചതാണെന്ന് പലരും അഭിപ്രായപ്പെട്ടു. അതേസമയം, വാഹനത്തിന്റെ ഇന്ധനം, ഇൻഷുറൻസ് ഇവയൊക്കെ നോക്കുമ്പോൾ ഈ പൈസ കുറവായിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചവരും ഉണ്ട്. എന്നാൽ, വിദേശത്ത് വിദ്യാർത്ഥികൾ അടക്കമുള്ളവർ പാർട് ടൈം ജോലിക്കായി അന്വേഷിക്കാറുണ്ട്. അങ്ങനെയുള്ളവർക്ക് ഒരു പ്രതീക്ഷ തന്നെയാണ് മുസ്ക്കാൻ പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ.