ഫ്രാൻസിൽ താമസിക്കുന്ന ശുഭാംഗി വ്യാസ് എന്ന ഇന്ത്യൻ യുവതി ഷെയര്‍ ചെയ്തിരിക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. രാത്രി 1 മണിക്ക് ചെറിയ വസ്ത്രം ധരിച്ച് സുരക്ഷിതയായി തനിച്ച് നടന്നുപോകുന്ന അനുഭവമാണ് അവള്‍ പങ്കുവച്ചിരിക്കുന്നത്.
പാതിരാത്രി ഒന്നും പേടിക്കാതെ ഇറങ്ങി നടക്കാനാവുക, നഗരത്തിലൂടെ നടന്ന് വീടെത്തുക, ഏതൊരു സ്ത്രീയുടേയും സ്വപ്നമായിരിക്കും ഇത്. എന്നാൽ, സ്വന്തം സുരക്ഷയെ കുറിച്ച് പേടിക്കാതെ ഇങ്ങനെ നടക്കാനുള്ള അവസരം മിക്കവാറും സ്ത്രീകൾക്ക് കിട്ടില്ല. കൂടെ ആളുണ്ടെങ്കിൽ പോലും സുരക്ഷയില്ലാത്ത നഗരങ്ങളാണ് നമ്മുടേത്. എന്നാൽ, ലോകത്തിലെ ചില നഗരങ്ങളിൽ ഇതൊക്കെ സാധ്യമാണ് അങ്ങനെയൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഫ്രാൻസിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ ശുഭാംഗി വ്യാസ്. രാത്രി ഒരു മണിക്ക് വീട്ടിലേക്ക് തനിയെ നടന്നുവന്നതിനെ കുറിച്ചുള്ള അനുഭവമാണ് ശുഭാംഗി പറയുന്നത്.

ശാന്തമായ നഗരത്തിലൂടെ തനിയെ നടന്നു നീങ്ങുന്ന ശുഭാംഗിയെ വീഡിയോയിൽ കാണം. 'ഈ വീഡിയോ കണ്ടാൽ പിന്നെ എന്റെ മാതാപിതാക്കൾ എന്നോട് മിണ്ടില്ല. പക്ഷേ, നോക്കൂ ഇത് രാത്രി ഒരു മണിയാണ്. ചെറിയ വസ്ത്രം ധരിച്ച് രാത്രി തനിയെ ഞാൻ വീട്ടിലേക്ക് നടന്നു പോവുകയാണ്, ഇവിടെ ആരും എന്നെ ശല്ല്യപ്പെടുത്താനില്ല. അതുകൊണ്ടാണ് എനിക്ക് ഫ്രാൻസ് ഇഷ്ടം' എന്നാണ് അവൾ പറയുന്നത്.
'ഇന്ത്യയിൽ ഇത് എപ്പോഴാണ് സംഭവിക്കുക? ഇന്ത്യയിലെ പെൺകുട്ടികൾക്കും ഇത്രയും സുരക്ഷിതത്വം തോന്നുന്ന ഒരു നാളിന് വേണ്ടി കാത്തിരിക്കുന്നു' എന്നും വീഡിയോയിൽ കുറിച്ചിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു. പൊതുസ്ഥലങ്ങളിൽ സ്ത്രീകളുടെ സുരക്ഷയെ കുറിച്ചുള്ള കമന്റുകളാണ് കമന്റ് ബോക്സിൽ നിറയുന്നത്. ഓരോ സ്ഥലത്തും സ്ത്രീകളുടെ സുരക്ഷ വ്യത്യസ്തമായിരിക്കും. അതിപ്പോൾ ഒരേ രാജ്യത്ത് തന്നെ പല നഗരങ്ങളിലും പല അവസ്ഥയാണ് എന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്. എന്നാൽ, അതേസമയം തന്നെ ഏത് പാതിരാത്രിക്കും സ്ത്രീകൾക്ക് ഒന്നിനെയും പേടിക്കാതെ ഇറങ്ങി നടക്കാനുള്ള അവസ്ഥയാണ് എവിടെയും ഉണ്ടാകേണ്ടത് എന്ന കാര്യത്തിൽ ആർക്കും അഭിപ്രായ വ്യത്യാസമില്ല.
