യുകെയിൽ താമസിക്കുന്ന വിധി ലിൽഹ എന്ന ഇന്ത്യൻ യുവതി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിൽ വളരെ എളുപ്പത്തിൽ നടക്കുന്ന പല കാര്യങ്ങളും യുകെയിൽ ആഡംബരമാണെന്ന് യുവതി.

ഇന്ത്യയിലെ ദൈനംദിന ജീവിതത്തിൽ വളരെ സാധാരണമായി തോന്നുന്ന പല സൗകര്യങ്ങളും വിദേശത്ത് ചെന്നാൽ വലിയൊരു ആഡംബരമായി മാറുമെന്ന് തുറന്നുപറഞ്ഞ് യുകെയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ വലിയ തോതിൽ ചർച്ചയാകുകയാണ്. വിധി ലിൽഹ എന്ന യുവതിയാണ് ഇന്ത്യയിലെയും യുകെയിലെയും ജീവിതരീതികൾ, ഡെലിവറി സർവീസുകൾ, വീട്ടുജോലിക്കാർ, അറ്റകുറ്റപ്പണികൾ, ഭക്ഷണം, ഗതാഗതം, ആരോഗ്യരംഗം എന്നിവയെ താരതമ്യം ചെയ്തുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.

Add Asianetnews as a Preferred SourcegooglePreferred

'ഇന്ത്യയിൽ വളരെ സാധാരണമായി തോന്നുന്ന കാര്യങ്ങൾ യുകെയിൽ പെട്ടെന്ന് ആഡംബര സർവീസുകളായി മാറുന്നു' എന്നായിരുന്നു വീഡിയോയിൽ അവർ എഴുതിയ വരികൾ. തന്റെ വാദങ്ങളെ സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങളും വിധി വീഡിയോയുടെ അടിക്കുറിപ്പിൽ പങ്കുവെച്ചിട്ടുണ്ട്: ഇന്ത്യയിൽ ഭക്ഷണം, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ, ഓൺലൈൻ സാധനങ്ങൾ തിരിച്ചുനൽകൽ (റിട്ടേൺസ്) എന്നിവയെല്ലാം വീട്ടുപടിക്കൽ എത്തും. എന്നാൽ യുകെയിൽ പല കാര്യങ്ങൾക്കും നമ്മൾ നേരിട്ട് പോയി വാങ്ങുകയോ ഡ്രോപ്പ് ചെയ്യുകയോ വേണം.

ഇന്ത്യയിലെ ഭൂരിഭാഗം വീടുകളിലും വീട്ടുജോലിക്കാരോ, പാചകക്കാരോ, ക്ലീനർമാരോ ഉണ്ടാകാറുണ്ട്. എന്നാൽ യുകെയിൽ ഇത്തരം സഹായങ്ങൾ ലഭിക്കുക എന്നത് വലിയ ചെലവുള്ള കാര്യമാണ്, അല്ലെങ്കിൽ അതൊരു ആഡംബരമാണ്. ഇന്ത്യയിൽ എന്തും വളരെ കുറഞ്ഞ ചെലവിൽ വീടിനടുത്തുള്ള കടകളിൽ കൊടുത്തു നന്നാക്കിയെടുക്കാൻ സാധിക്കും. എന്നാൽ യുകെയിൽ സാധനങ്ങൾ നന്നാക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ പുതിയവ വാങ്ങാനാണ് താല്പര്യപ്പെടുന്നത്. ഇന്ത്യയിൽ അവസാന നിമിഷത്തെ ആവശ്യങ്ങളോ പെട്ടെന്നുണ്ടാകുന്ന കാര്യങ്ങളോ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ യുകെയിലെ ജീവിതം പൂർണ്ണമായും കൃത്യമായ ആസൂത്രണങ്ങളെയും അപ്പോയിന്റ്‌മെന്റുകളെയും ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.

ഇന്ത്യയിലെ ബിസിനസുകൾ ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് ചെറിയ മാറ്റങ്ങൾ വരുത്താൻ തയ്യാറാകാറുണ്ട്. എന്നാൽ യുകെയിൽ വ്യക്തിപരമായ ആവശ്യങ്ങളേക്കാൾ കമ്പനിയുടെ കൃത്യമായ പോളിസികൾക്കാണ് മുൻഗണന. കുറഞ്ഞ ചെലവിൽ മികച്ച ഭക്ഷണ ഡെലിവറി, അർദ്ധരാത്രിയിലെ ഭക്ഷണ സൗകര്യങ്ങൾ, വൈവിധ്യമാർന്ന വിഭവങ്ങൾ എന്നിവ ഇന്ത്യയിലുണ്ട്. എന്നാൽ യുകെയിൽ ഭക്ഷണത്തിന് ചെലവ് കൂടുതലാണ്, രാത്രിയിൽ കടകൾ നേരത്തെ അടയ്ക്കുകയും ചെയ്യും, ഓപ്ഷനുകളും കുറവാണ്.

View post on Instagram

ഈ വീഡിയോ പുറത്തുവന്നതോടെ നിരവധി ആളുകളാണ് വിധിയുടെ നിരീക്ഷണങ്ങളോട് യോജിച്ച് കമന്റുകളുമായി രംഗത്തെത്തിയത്. 'ഇന്ത്യയിലെ സൗകര്യങ്ങൾ നമ്മളെ അത്രയധികം വഷളാക്കിവെച്ചിരിക്കുകയാണ്, വിദേശത്തേക്ക് മാറുമ്പോൾ മാത്രമാണ് നമ്മൾ അത് തിരിച്ചറിയുന്നത്' എന്ന് ഒരാൾ കുറിച്ചപ്പോൾ, 'കൊറിയർ മിസ്സാകുന്നതിനെക്കുറിച്ചുള്ള പോയിന്റ് നൂറു ശതമാനം ശരിയാണ്. ഇന്ത്യയിലാണെങ്കിൽ ഡെലിവറി ബോയ്സ് ആവശ്യമാണെങ്കിൽ പത്തു തവണയെങ്കിലും നമ്മളെ ഫോണിൽ വിളിക്കും' എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. 'യൂറോപ്പിൽ ജീവിക്കുന്നത് വരെ ഇന്ത്യക്കാർ വീട്ടുജോലിക്കാരുടെ വില മനസ്സിലാക്കില്ല' എന്നും, 'ഇന്ത്യയിലെ റിപ്പയറിങ് സംസ്കാരം വളരെ മികച്ചതാണ്. നമ്മുടെ നാട്ടിൽ ഏത് സാധനവും വീടിനടുത്ത് തന്നെ നന്നാക്കിയെടുക്കാൻ പറ്റും' എന്നും മറ്റു ചിലർ കുറിച്ചു.