ലിഫ്റ്റില്‍ കയറുന്നത് മുതല്‍ വിമാനത്തില്‍ കയറുന്നതും ആഡംബര ഹോട്ടലില്‍ താമസിക്കുന്നതും വരെ ആദ്യം. വീഡിയോ പങ്കുവച്ച് വൈറലായ ലൈഫ് ഓഫ് പൂജ, കണ്ടന്‍റ് ക്രിയേറ്റര്‍ പൂജ.
'ലൈഫ് ഓഫ് പൂജ' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ആളുകൾക്ക് സുപരിചിതയാണ് കണ്ടന്റ് ക്രിയേറ്ററായ പൂജാരിണി പ്രധാൻ. നാട്ടിൻപുറത്തെ വീട്ടിൽ ഒരു സാധാരണ ജീവിതം നയിക്കുന്ന യുവതിയായി സോഷ്യൽ മീഡിയയിൽ എത്തിയ പൂജ തന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അത് മാത്രമല്ല, നാട്ടിൻപുറത്തെ സാധാരണക്കാരായ നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടയിൽ ജീവിക്കുമ്പോൾ വേണ്ടിവരുന്ന കോംപ്രമൈസുകളെ കുറിച്ചും പൂജ സോഷ്യൽ മീഡിയയിൽ വീഡിയോ ഷെയർ ചെയ്തിരുന്നു. വലിയ ആരാധകർ തന്നെ പൂജയുടെ വീഡിയോയ്ക്കുണ്ട്. എന്നാൽ, ഇത്രയും യാഥാസ്ഥിതികമായ ജീവിതം ജീവിക്കാൻ നിർബന്ധിക്കപ്പെട്ടയാളാണോ പൂജ എന്ന തരത്തിലുള്ള ചർച്ചകളും ഈ അക്കൗണ്ടിനെ സംബന്ധിച്ച് നെറ്റിസൺസ് പലപ്പോഴും സംശയിച്ചിരുന്നു.
എന്തായാലും, ഇപ്പോൾ പൂജയുടെ പുതിയൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. 26 -ാമത്തെ വയസ്സിൽ താൻ ജീവിതത്തിൽ ആദ്യമായി അനുഭവിച്ചറിഞ്ഞ ചില കാര്യങ്ങളെ കുറിച്ചാണ് പൂജ ഈ വീഡിയോയിൽ വിവരിക്കുന്നത്. എലവേറ്ററിലും എസ്കലേറ്ററിലും മുതൽ വിമാനത്തിൽ വരെ ആദ്യമായി കയറിയതിന്റെ അനുഭവമാണ് പൂജ പങ്കുവയ്ക്കുന്നത്.
ലിഫ്റ്റിൽ തനിയെ കയറിയ അനുഭവത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. അതിന് 10/10 റേറ്റിംഗാണ് പൂജ നൽകിയത്. അതിനുശേഷം ആദ്യമായി എസ്‌കലേറ്ററിൽ കയറിയ കാര്യം പറയുന്നു. അതിലേക്ക് കാൽ വെയ്ക്കുമ്പോൾ ജീവൻ പോകുന്ന പേടിയായിരുന്നു എന്നും, ഒരു നിമിഷം താഴേക്ക് വീഴാൻ പോവുകയാണെന്ന് തോന്നിയെന്നും അവർ പറയുന്നു. എങ്കിലും ആ അനുഭവത്തിന് 11/10 മാർക്കാണ് കൊടുത്തത്.
ആദ്യമായി ഒരു ആഡംബര ഹോട്ടലിൽ താമസിച്ചപ്പോൾ അവിടുത്തെ ബാത്ത്റൂം ഉപയോഗിക്കാൻ പോലും തനിക്ക് പേടിയായിരുന്നു എന്നും പൂജ പറയുന്നു. ജീവിതത്തിലെ മറ്റൊരു വലിയ കാര്യമായിരുന്നു ആദ്യ വിമാനയാത്ര. അതിന് 100/10 റേറ്റിംഗാണ് നൽകിയത്. അതുപോലെ ആദ്യമായി ബുഫെ പരീക്ഷിച്ചതിന് 5/10 മാർക്കാണ് നൽകിയിരിക്കുന്നത്. മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാതെ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിച്ചുവെന്നും അതിന് 1000/10 മാർക്ക് നൽകുന്നുവെന്നും പൂജ പറയുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയത്. ഈ പുത്തൻ അനുഭവങ്ങളിൽ പൂജയെ അഭിനന്ദിച്ചുകൊണ്ടുള്ളതാണ് മിക്ക കമന്റുകളും.


