മികച്ച പ്രകടനം കാഴ്ചവെച്ച തന്‍റെ നാല് ജീവനക്കാർക്ക് പുത്തൻ ടാറ്റ നെക്സോൺ ഇലക്ട്രിക് കാറുകൾ സമ്മാനിച്ച് അഗ്രി-ഇന്നൊവേഷൻ സ്റ്റാർട്ടപ്പ് സ്ഥാപകൻ അങ്കിത് ബർബേറ്റ. 'യോദ്ധാക്കൾ' എന്നാണ് അദ്ദേഹം തന്‍റെ ജീവനക്കാരെ വിശേഷിപ്പിച്ചത്. 

ആത്മാർത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് കമ്പനികൾ നൽകുന്ന ഏറ്റവും വലിയ അംഗീകാരം എന്താണ്? ഇൻഡോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'Innoveg.co.in' എന്ന അഗ്രി-ഇന്നൊവേഷൻ സ്റ്റാർട്ടപ്പിന്റെ സ്ഥാപകൻ അങ്കിത് ബർബേറ്റ തന്റെ നാല് ജീവനക്കാർക്ക് അതുപോലെ നൽകിയിരിക്കുന്ന ഒരു സമ്മാനമാണ് ഇപ്പോൾ വാർത്തയാവുന്നത്. തന്റെ കമ്പനിയിലെ മികച്ച പ്രകടനം കാഴ്ചവെച്ച നാല് ജീവനക്കാർക്ക് പുത്തൻ ടാറ്റ നെക്സോൺ ഇലക്ട്രിക് കാറുകളാണ് അദ്ദേഹം സമ്മാനമായി നൽകിയത്.

Add Asianetnews as a Preferred SourcegooglePreferred

സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന വീഡിയോയിൽ, നാല് കാറുകളുടെ താക്കോലുമായി നിൽക്കുന്ന അങ്കിതിനെ കാണാം. തന്റെ ജീവനക്കാരെ 'യോദ്ധാക്കൾ' എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. 'ബോസ് എന്നത് എന്റെ അടയാളമാണ്, എന്നാൽ പ്രിയപ്പെട്ടവർക്കായി ജീവിക്കുക എന്നത് എന്റെ ഭാഗ്യമാണ്' എന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവെച്ചത്.

നാല് താക്കോലുകളും കൂട്ടിക്കലർത്തിയ ശേഷം ജീവനക്കാരോട് ഓരോന്ന് തിരഞ്ഞെടുക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നത് വീഡിയോയിൽ കാണാം. ഇന്ന് എന്റെ നാല് യോദ്ധാക്കൾക്ക് ഞാൻ ടാറ്റ നെക്സോൺ നൽകുകയാണ് എന്നും അദ്ദേഹം പറയുന്നുണ്ട്. തുടർന്ന് ഓരോരുത്തരായി പാർക്കിംഗിൽ നിർത്തിയിട്ടിരുന്ന കാറുകൾ അൺലോക്ക് ചെയ്യുന്നതും കാണാം. അപ്രതീക്ഷിതമായി ലഭിച്ച ഈ വലിയ സമ്മാനത്തിന്റെ ഞെട്ടലിലും സന്തോഷത്തിലുമായിരുന്നു ആ നാല് ജീവനക്കാരും.

View post on Instagram

ഫെബ്രുവരി 2 -ന് പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ 10 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്: 'സർ, ഈ കമ്പനിയിൽ ജോലിക്ക് എപ്പോഴാണ് അപേക്ഷിക്കേണ്ടത്' എന്നാണ് ഒരാൾ ചോദിച്ചിരിക്കുന്നത്. 'അടുത്ത വീഡിയോയിൽ എങ്കിലും ഉൾപ്പെടാൻ കമ്പനിയിൽ ഒരു വാച്ച്മാന്റെ ഒഴിവുണ്ടോ' എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 'കഠിനാധ്വാനത്തിന്റെ ഫലം' എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കൃഷിരംഗത്ത് പുതിയ ആശയങ്ങളും ഗവേഷണങ്ങളും നടത്തുന്ന കമ്പനിയാണ് ഇന്നോവെഗ് (Innoveg).