മദ്യലഹരിയിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ പത്തൊൻപതുകാരന്റെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. യാത്രക്കാരുടെ മുന്നറിയിപ്പിനെ തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ച് ട്രെയിൻ നിർത്തിയത് വലിയൊരു ദുരന്തം ഒഴിവാക്കി.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ കഴിഞ്ഞ ദിവസം അരങ്ങേറിയത് നാടകീയ രംഗങ്ങൾ. മദ്യലഹരിയിലായിരുന്ന ഒരു പത്തൊൻപതുകാരൻ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയത് യാത്രക്കാരെയും അധികൃതരെയും ഒരുപോലെ പരിഭ്രാന്തിയിലാഴ്ത്തി.

Add Asianetnews as a Preferred SourcegooglePreferred

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:30 -ഓടെയാണ് സംഭവം. ഹാർബർ ലൈനിലെ പ്ലാറ്റ്‌ഫോമിലേക്ക് ഒരു ലോക്കൽ ട്രെയിൻ പ്രവേശിക്കുമ്പോഴാണ് ട്രാക്കിൽ ഒരാൾ കിടക്കുന്നത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപ്പെട്ടത്. ട്രാക്കുകളിൽ നിന്ന് ആക്രി ശേഖരിക്കുന്ന അവിനാഷ് പ്രകാശ് കർദിലെ എന്ന യുവാവായിരുന്നു അത്. ട്രെയിൻ തന്റെ മുകളിലൂടെ കയറിപ്പോകുമെന്ന പ്രതീക്ഷയിൽ ഇയാൾ മനഃപൂർവ്വം ട്രാക്കിൽ കിടക്കുകയായിരുന്നുവെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്.

ട്രാക്കിൽ ഒരാൾ കിടക്കുന്നത് കണ്ട് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ബഹളം വെക്കുകയും കൈവീശി കാണിച്ച് ലോക്കോ പൈലറ്റിന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. ലോക്കോ പൈലറ്റ് ഉടൻ തന്നെ എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയും നിർത്താതെ ഹോൺ മുഴക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ യുവാവ് ഉറക്കം തുടരുകയായിരുന്നു. ഒടുവിൽ യുവാവിന്റെ തൊട്ടടുത്ത് വെച്ച് ട്രെയിൻ നിർത്താൻ സാധിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

Scroll to load tweet…

ഉടൻ തന്നെ സ്ഥലത്തെത്തിയ റെയിൽവേ സുരക്ഷാ സേനയും ഗവൺമെന്റ് റെയിൽവേ പോലീസും ചേർന്ന് യുവാവിനെ ട്രാക്കിൽ നിന്ന് ബലമായി മാറ്റി. ഇതിനുശേഷമാണ് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചത്. അതിക്രമിച്ചു കടന്നതിനും റെയിൽവേ നിയമങ്ങൾ ലംഘിച്ചതിനും ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ നിലവിൽ സോഷ്യൽ മീഡിയയിൽ വൈറലാണ്.