ജപ്പാനിലെ അമാമിയിൽ മലകയറുന്നതിനിടെ വെള്ളം തീർന്നുപോയ ഇന്ത്യൻ യുവാവ് സഹായം തേടി ഒരു വീട്ടിലെത്തി. എന്നാൽ, വെള്ളം ചോദിച്ചെത്തിയ യുവാവിന് ജ്യൂസും പിന്നാലെ ഹെർബൽ വെജ് നാൻ ഉൾപ്പെടെയുള്ള ലഞ്ചും നൽകിയാണ് ജാപ്പനീസ് ദമ്പതികൾ അദ്ദേഹത്തെ യാത്രയാക്കിയത്.
ജപ്പാനിൽ മല കയറാൻ പോയ ഇന്ത്യൻ യുവാവിനെ കാത്തിരുന്നത് അതിമനോഹരമായ ഒരു അനുഭവം. ആദിത്യ പാർക്കി എന്ന യുവാവാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. ജപ്പാനിലെ അമാമിയിൽ ഒരു മലമുകളിൽ ഹൈക്കിംഗ് നടത്തുന്നതിനിടെ വെള്ളം തീർന്നുപോയതായി വീഡിയോയിൽ ആദിത്യ പറയുന്നത് കാണാം. സഹായം തേടി അയാൾ അടുത്തുള്ള ഒരു വീട്ടിലെത്തി. വെള്ളം വാങ്ങാൻ കഴിയുന്ന ഒരു കഫേ ഇവിടെ എവിടെയെങ്കിലും ഉണ്ടോ എന്ന് അവരോട് ചോദിക്കുകയും ചെയ്തു. 'ജപ്പാനിലെ അമാമിയിൽ ഒരു മല കയറാൻ വന്നതാണ് ഞാൻ. ഹൈക്കിംഗ് നടത്തുന്നതിനിടയിൽ വെള്ളം തീർന്നു, അതുകൊണ്ട് ഞാൻ ഒരു വീട്ടിൽ പോയി വെള്ളം കിട്ടുമോ ചോദിച്ചു' എന്ന് ആദിത്യ പറയുന്നു.
വെള്ളം കിട്ടുന്ന കഫേ ഉണ്ടോ എന്ന ആദിത്യയുടെ ചോദ്യത്തിന്, 'ജ്യൂസായാൽ കുഴപ്പമുണ്ടോ' എന്നാണ് ആ വീട്ടിലുണ്ടായിരുന്ന ഒരു വൃദ്ധൻ തിരിച്ച് ചോദിക്കുന്നത്. 'ജ്യൂസും കുഴപ്പമില്ല. വളരെ വളരെ നന്ദി' എന്ന് ആദിത്യ പറയുന്നത് കാണാം. അങ്ങനെ അവർ ജ്യൂസ് കുടിക്കാനായി ആദിത്യയെ ക്ഷണിക്കുകയാണ്. അതിനിടയിൽ അദ്ദേഹം ആദിത്യയോട് ജോലിസ്ഥലത്ത് ജാപ്പനീസ് ഉപയോഗിക്കാറുണ്ടോ എന്ന് ചോദിക്കുന്നത് കാണാം. ഉണ്ട് എന്ന് ആദിത്യ മറുപടി പറയുന്നു. ഒപ്പം താൻ ഐടി മേഖലയിലാണ് ജോലി ചെയ്യുന്നത് എന്നും വിശദീകരിക്കുന്നുണ്ട്.
അതേസമയം, വീട്ടുകാരന്റെ ഭാര്യയും ഇവരുടെ സംഭാഷണത്തിൽ ചേരുന്നു. 'താൻ കറി കഴിച്ചിട്ടുണ്ട്, അത് രുചികരമാണ്' എന്നാണ് അവർ പറയുന്നത്. അപ്പോൾ ആദിത്യ ബിരിയാണി കഴിച്ചിട്ടുണ്ടോ എന്ന് തിരിച്ച് ചോദിക്കുന്നു. ഉണ്ട് എന്നും അതും രുചികരമാണ് എന്നുമാണ് സ്ത്രീയുടെ മറുപടി. പിന്നാലെ, വെള്ളം കിട്ടുന്ന സ്ഥലം അന്വേഷിച്ച് ചെന്ന ആദിത്യയ്ക്ക് ലഞ്ചും നൽകിയാണ് അവർ മടക്കിയത്. ഹെർബൽ വെജ് നാൻ തനിക്കായി അവർ തയ്യാറാക്കി തന്നുവെന്നും യുവാവ് പറയുന്നു. അതിനിടയിൽ ആദിത്യ സുന്ദരനാണ് എന്ന് അവർ പറയുന്നതും കാണാം. 'ശ്രദ്ധിച്ചു പോകൂ' എന്നും പറഞ്ഞാണ് അവർ ആദിത്യയെ യാത്രയാക്കിയത്.
അതിമനോഹരമായ ആതിഥ്യമരുളലിന്റെ ഈ വീഡിയോയ്ക്ക് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. ജപ്പാൻകാരുടെ ആതിഥ്യമര്യാദയെ കുറിച്ചും കരുണയെ കുറിച്ചും നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്.
