ഗുവാഹത്തിയില്‍ പാലത്തിന് മുകളില്‍ വന്‍ പിറന്നാളാഘോഷം. ബലൂണുകളും മറ്റും വച്ച് അലങ്കരിച്ച ശേഷമായിരുന്നു ആഘോഷം. വീഡിയോ വൈറലായതോടെ ഗതാഗതം തടസ്സപ്പെടുത്തിയെന്ന ആരോപണം ശക്തം.
പൊതുജനങ്ങൾ ഗതാഗതത്തിനായി ഉപയോഗിക്കുന്ന പാലത്തിൽ വൻ ജന്മദിനാഘോഷം. വീഡിയോ പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം. ഗുവാഹത്തിയിലെ കുമാർ ഭാസ്കർ വർമ്മ പാലത്തിലായിരുന്നു ജന്മദിനാഘോഷം. ജനങ്ങളുടെ സുരക്ഷ, സിവിക് സെൻസില്ലായ്മ തുടങ്ങിയവയെ കുറിച്ചൊക്കെ വലിയ ചർച്ചകൾ ഉയരാൻ വീഡിയോ കാരണമായിത്തീർന്നു.
ജൂൺ 22 -ന് പുലർച്ചെയാണ് ആഘോഷം നടന്നത്. റോഡിന്റെ ഒരു ഭാഗം ബലൂണുകളും മറ്റും വച്ച് അലങ്കരിച്ചിരുന്നു. കൂടാതെ നിരവധി വാഹനങ്ങൾ പാലത്തിന് മുകളിൽ നേരിട്ട് പാർക്ക് ചെയ്തിട്ടുമുണ്ടായിരുന്നു. വീഡിയോ വൈറലായി മാറിയതോടെ വലിയ വിമർശനങ്ങളാണ് ഉയർന്നത്. പൊതുജനങ്ങളെ കുറിച്ച് യാതൊരു ചിന്തയുമില്ലാത്ത ആളുകളാണ് ഇത്തരത്തിലുള്ള പരിപാടികൾ നടത്തുന്നത് എന്നായിരുന്നു പ്രധാന വിമർശനം. പാലത്തിനരികിൽ നിർത്തിയിട്ടിരിക്കുന്ന വിലയേറിയ കാറുകൾ ചൂണ്ടിക്കാട്ടിയും ആളുകൾ വിമർശനം ഉന്നയിച്ചു. ഇത് പണമുള്ളതിന്റെ അഹങ്കാരമാണ് എന്നും അതാണ് മറ്റുള്ളവരെ പരിഗണിക്കാത്തത് എന്നും ആളുകൾ അഭിപ്രായപ്പെട്ടു.
സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങൾക്ക് പിന്നാലെ ഭരാലുമുഖ് പൊലീസ് അന്വേഷണം ആരംഭിച്ചു. നോർത്ത് ഗുവാഹത്തി സ്വദേശിയായ ഗൗതം ബറുവ തന്റെ ഭാര്യ കരാബി ബറുവയുടെ 42 -ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിയാണിതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പുലർച്ചെ പന്ത്രണ്ടേകാലോടെയാണ് ഇവരും സുഹൃത്തുക്കളും അടങ്ങുന്ന സംഘം പാലത്തിന് മുകളിൽ ഒത്തുകൂടിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതിന് പൊലീസ് കേസെടുത്തിട്ടുണ്ട്. പാർട്ടിയിൽ പങ്കെടുത്തതായി പറയപ്പെടുന്ന ദമ്പതികളെയും മറ്റ് പന്ത്രണ്ട് പേരെയും ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. മാത്രമല്ല, പരിപാടിക്കായി ഉപയോഗിച്ച ലാൻഡ് റോവർ ഡിഫെൻഡർ, മെഴ്‌സിഡസ് ബെൻസ്, മഹീന്ദ്ര സ്കോർപിയോ, ഹോണ്ട സിറ്റി എന്നീ നാല് വാഹനങ്ങൾ അധികൃതർ കസ്റ്റഡിയിലെടുത്തു.
