കൊൽക്കത്തയിൽ സൊമാറ്റോ ഡെലിവറി ഏജന്‍റ് നടത്തിയ പുതിയ തട്ടിപ്പിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഓർഡർ ചെയ്ത ഭക്ഷണം വീടിന് മുന്നിൽ വെച്ച് ഫോട്ടോയെടുത്ത ശേഷം, 'ഡെലിവേർഡ്' എന്ന് മാർക്ക് ചെയ്ത് ഏജന്‍റ് ഭക്ഷണപ്പൊതിയുമായി കടന്നുകളയുകയായിരുന്നു. ഈ സംഭവം ഓൺലൈൻ ഫുഡ് ഡെലിവറിയിലെ സുരക്ഷാ വീഴ്ചകളിലേക്ക് വിരൽ ചൂണ്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ പേരിൽ കൊൽക്കത്തയിൽ നടന്ന പുതിയൊരു തട്ടിപ്പിന്‍റെ വിവരങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിന് അത് നൽകാതെ, 'ഡെലിവേർഡ്' എന്ന് ആപ്പിൽ രേഖപ്പെടുത്തിയ ശേഷം ഡെലിവറി ഏജന്‍റ് ആഹാരപ്പൊതിയുമായി കടന്നുകളയുകയായിരുന്നു. വീടിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് താൻ പറ്റിക്കപ്പെട്ട വിവരം ഉപഭോക്താവ് തിരിച്ചറിഞ്ഞത്.

'വച്ചു, പിന്നെ എടുത്ത് കൊണ്ട് പോയി'

കൊൽക്കത്ത സ്വദേശിയായ സുമിത് ചക്രവർത്തി എന്ന ഉപഭോക്താവാണ് തനിക്കുണ്ടായ ദുരനുഭവം സിസിടിവി ദൃശ്യങ്ങൾ സഹിതം പുറത്തുവിട്ടത്. ജൂൺ 20 -ന് രാത്രി 10:40 ഓടെയാണ് സംഭവം നടന്നത്. ആപ്പ് വഴി ഓർഡർ ചെയ്ത ഭക്ഷണം ഡെലിവറി ചെയ്യാനായി ഏജന്‍റ് സുമിത് ചക്രവർത്തിയുടെ വീട്ടുപടിക്കൽ എത്തി. തുടർന്ന് ഭക്ഷണം ഗേറ്റിനരികിൽ വെക്കുകയും, അത് ഉപഭോക്താവിന് കൈമാറിയെന്ന് കാണിക്കാൻ മൊബൈലിൽ ഫോട്ടോ എടുക്കുകയും ചെയ്തു. പല ഡെലിവറി ആപ്പുകളിലും ഭക്ഷണം കൃത്യമായി എത്തിച്ചു എന്ന് കമ്പനിയെ ബോധ്യപ്പെടുത്താൻ ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഈ ഫോട്ടോ എടുത്തതിന് തൊട്ടുപിന്നാലെ ആപ്പിൽ 'ഓർഡർ ഡെലിവേർഡ്' എന്ന് മാർക്ക് ചെയ്ത ശേഷം, ഈ ഏജന്‍റ് അവിടെ വെച്ചിരുന്ന ഭക്ഷണപ്പൊതി തിരിച്ചെടുത്ത് സ്കൂട്ടറിൽ വച്ച് അവിടെ നിന്നും പോവുകയായിരുന്നു. ഡെലിവറി ഏജന്‍റ് സൊമാറ്റോ ആപ്പിൽ നൽകിയ 'ഡെലിവറി പ്രൂഫിനെ' പൂർണ്ണമായും തള്ളിക്കളയുന്നതാണ് സുമിത് ചക്രവർത്തി പുറത്തുവിട്ട ഹോം സെക്യൂരിറ്റി ക്യാമറയിലെ ദൃശ്യങ്ങൾ.

Scroll to load tweet…

എല്ലാം കണ്ട് സിസിടിവി

സിസിടിവി ദൃശ്യങ്ങൾ സഹിതം ഉപഭോക്താവ് ഈ തട്ടിപ്പ് പുറത്തുവിട്ടതോടെ വൻ പ്രതികരണമാണ് ഇന്റർനെറ്റിൽ ഉയരുന്നത്. ഇത് ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്തെ ഒരു 'പുതിയ തട്ടിപ്പ് രീതി' ആണെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ഉപഭോക്താവുമായി നേരിട്ട് സമ്പർക്കമില്ലാതെ വാതിലിലോ ഗേറ്റിലോ ഭക്ഷണം വെച്ചുപോകുന്ന രീതിയുടെ മറവിലാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. സംഭവത്തിൽ തനിക്ക് പണം തിരികെ ലഭിക്കണമെന്നും ഡെലിവറി ഏജന്‍റിനെതിരെ കൃത്യമായ അന്വേഷണം വേണമെന്നും ഉപഭോക്താവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ തടയാൻ ഓർഡർ കൈമാറുന്ന സമയത്ത് ഒടിപി വെരിഫിക്കേഷൻ പോലുള്ള സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കർശനമാക്കണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ആവശ്യം.