കൃത്യം പത്തരയായപ്പോൾ ഡെലിവറി പാർട്ണർ സാധനങ്ങളുമായി വീട്ടിലെത്തി. എന്നാൽ, വീട്ടിലെ കോളിങ് ബെൽ അടിക്കുന്നതിന് പകരം അദ്ദേഹം നിവേദിതയെ ഫോണിൽ വിളിക്കുകയായിരുന്നു.

നമ്മുടെ ചെറിയൊരു കരുതലായിരിക്കും മറ്റുള്ളവർക്ക് ചിലപ്പോൾ വലിയൊരു കാര്യമായി മാറുന്നത്. അത്തരമൊരു മനോഹരമായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ഫ്ലിപ്കാർട്ട് ഡെലിവറി ബോയ്‌ ആണ് ഈ കഥയിലെ സ്റ്റാർ. യുവാവിന്റെ ഈ പ്രവൃത്തി കണ്ട് കണ്ണ് നിറഞ്ഞിരിക്കുകയാണ് ബെംഗളൂരുവിലെ ഒരമ്മ. അസമയത്ത് ഓർഡർ ചെയ്ത സാധനവും കൊണ്ട് വീട്ടിലെത്തിയ ഡെലിവറി ബോയ്, വീട്ടിലെ കോളിങ് ബെല്ലടിക്കുന്നതിന് പകരം ഫോണിൽ വിളിക്കുകയായിരുന്നു. അതിന് പിന്നിലെ കാരണം അറിഞ്ഞാലാണ് ശരിക്കും നമ്മുടെ മനസ് ആർദ്രമാവുക.

നിവേദിത റായ് എന്ന യുവതിയാണ് തനിക്കുണ്ടായ ഹൃദയസ്പർശിയായ അനുഭവം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. രാത്രിയോടെയാണ് കുഞ്ഞിന്റെ ഡയപ്പർ തീർന്നുപോയ വിവരം നിവേദിത ശ്രദ്ധിക്കുന്നത്. രാത്രി 10 മണിയോടെ അവർ 'ഫ്ലിപ്കാർട്ട് മിനിറ്റ്സ്' വഴി ഡയപ്പർ ഓർഡർ ചെയ്തു. കൃത്യം പത്തരയായപ്പോൾ ഡെലിവറി പാർട്ണർ സാധനങ്ങളുമായി വീട്ടിലെത്തി. എന്നാൽ, വീട്ടിലെ കോളിങ് ബെൽ അടിക്കുന്നതിന് പകരം അദ്ദേഹം നിവേദിതയെ ഫോണിൽ വിളിച്ച്, 'മാഡം, ദയവായി വാതിൽ തുറക്കാമോ' എന്ന് വളരെ വിനയത്തോടെ ചോദിക്കുകയായിരുന്നു.

പുറത്തേക്ക് വന്ന നിവേദിത എന്തുകൊണ്ടാണ് ബെല്ലടിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോൾ ഡെലിവറി ബോയ് നൽകിയ മറുപടി അവരെ അത്ഭുതപ്പെടുത്തി. 'സാധനം ഡയപ്പർ ആണെന്ന് ഞാൻ കണ്ടിരുന്നു. അപ്പോൾ വീട്ടിൽ ഒരു ചെറിയ കുഞ്ഞുണ്ടാകുമെന്നും ഈ സമയത്ത് കുഞ്ഞ് ഉറങ്ങുകയായിരിക്കുമെന്നും എനിക്ക് തോന്നി. ബെല്ലടിച്ചാൽ കുഞ്ഞ് ഉണർന്നാലോ എന്ന് കരുതിയാണ് ഞാൻ ഫോൺ വിളിച്ചത്' എന്നായിരുന്നു പുഞ്ചിരിയോടെയുള്ള യുവാവിന്റെ മറുപടി.

'എല്ലാവരും തിടുക്കത്തിൽ പായുന്ന ഈ ലോകത്ത്, താൻ കണ്ടിട്ടില്ലാത്ത ഒരു കുഞ്ഞിന്റെ ഉറക്കത്തെക്കുറിച്ച് ചിന്തിക്കാൻ ഒരാൾ സമയം കണ്ടെത്തി. ചിലപ്പോഴൊക്കെ അപരിചിതരിൽ നിന്നുള്ള ഇത്തരം ചെറിയ ദയവുള്ള പ്രവർത്തികളാകും നമ്മുടെ മനസ്സിൽ എന്നും നിലനിൽക്കുക' എന്നാണ് നിവേദിത കുറിച്ചത്.

View post on Instagram

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകമാണ് വൈറലായത്. ഡെലിവറി ഏജന്റിന്റെ ഈ കരുതലിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്. ഇത്തരം വീഡിയോകൾ നമുക്ക് തരുന്ന സന്തോഷവും പ്രതീക്ഷയും ചില്ലറയല്ല അല്ലേ?