ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പങ്കജ് ഹുരിയ എന്നയാൾ പങ്കുവെച്ച വീഡിയോയിൽ, 6.5 കിലോമീറ്റർ അകലെയുള്ള ഓഫീസിലെത്താൻ ഒരു മണിക്കൂറിലധികം സമയമെടുത്തെന്നാണ് പറയുന്നത്.
ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് വലിയ പരാതികൾ ഉയരാറുണ്ട്. അതുപോലെ തന്നെ ഇതുമായി ബന്ധപ്പെട്ട ഒരുപാട് പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെടാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. നഗരവാസിയായ പങ്കജ് ഹുരിയ എന്നയാളാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഓഫീസിലേക്കുള്ള തന്റെ യാത്രാദുരിതം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് പങ്കജ് വിവരിച്ചത്.
രാവിലെ 9:15 -നാണ് പങ്കജ് വീട്ടിൽ നിന്നിറങ്ങിയത്. വെറും 6.5 കിലോമീറ്റർ അകലെയാണ് ഓഫീസ്. എന്നാൽ, അരമണിക്കൂറിലധികം റോഡിൽ ചിലവഴിച്ചിട്ടും ഓഫീസിൽ എത്താനായില്ല എന്നാണ് പങ്കജ് വീഡിയോയിൽ പറയുന്നത്. തന്റെ കാറിലെ ഗൂഗിൾ മാപ്പ് ദൃശ്യങ്ങളും യുവാവ് വീഡിയോയിൽ അദ്ദേഹം കാണിക്കുന്നുണ്ട്. ഇനിയും 4.4 കിലോമീറ്റർ ബാക്കിയുണ്ടെന്നും അവിടെ എത്താൻ 10:16 ആകുമെന്നുമാണ് മാപ്പ് കാണിക്കുന്നത്. അതായത്, വെറും 6.5 കിലോമീറ്റർ സഞ്ചരിക്കാൻ ഒരു മണിക്കൂറിലധികം സമയം വേണ്ടിവരുന്നു എന്ന് അർത്ഥം.
'ഇതാണ് ബെംഗളൂരുവിലെ യാഥാർത്ഥ്യം' എന്നാണ് യുവാവ് വീഡിയോയിൽ കുറിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ ശ്രദ്ധ നേടി. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ കമന്റ് നൽകിയിട്ടുണ്ട്. 'ഡെൽഹിയിലും സമാനമായ അവസ്ഥയാണെന്നും ഇത്രയും ദൂരത്തിന് 45 മിനിറ്റിലധികം എടുക്കാറുണ്ടെന്നും' ആണ് ചിലർ കമന്റ് ചെയ്തത്. കാറിന് പകരം ബൈക്കോ സ്കൂട്ടറോ ഉപയോഗിച്ചാൽ വേഗത്തിൽ എത്താമെന്നായിരുന്നു മറ്റു ചിലർ പങ്കജിനെ ഉപദേശിച്ചത്.
അതേസമയം, ഇതൊന്നും ഗതാഗതക്കുരുക്കിന്റെ മാത്രം പ്രശ്നമല്ല, പങ്കജിന്റെ കൂടി പ്രശ്നമാണ് എന്ന് പറഞ്ഞവരും ഉണ്ട്. 'നേരത്തെ എഴുന്നേറ്റ് യാത്ര തിരിച്ചാൽ 15-20 മിനിറ്റിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താം, നഗരത്തെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കരുത്' എന്നുമായിരുന്നു ചിലരുടെ പ്രതികരണം.
