സിംഗപ്പൂരിൽ താമസിക്കുന്ന നേഹ റാവത്ത് എന്ന ഇന്ത്യൻ യുവതി ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അവിടുത്തെ ജീവിതം തന്റെ പണം ചിലവഴിക്കുന്ന രീതിയെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് നേഹ വീഡിയോയില്‍ പറയുന്നത്.
ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് താമസം മാറുന്നത് നമ്മുടെ ജീവിതരീതിയെ കൂടി മാറ്റി മറിച്ചേക്കും അല്ലേ? അതുപോലെ തന്നെ നമ്മുടെ പണം ചെലവഴിക്കുന്ന രീതിയിലും ഇത് മാറ്റമുണ്ടാക്കുമോ? ഉണ്ടാക്കുമെന്നാണ് സിംഗപ്പൂരിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ ഈ യുവതി പറയുന്നത്. നേഹ റാവത്ത് എന്ന യുവതിയാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. സിംഗപ്പൂരിലെ ജീവിതം തന്റെ പണം ചിലവഴിക്കുന്ന രീതിയെ എങ്ങനെ മാറ്റിമറിച്ചു എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.
സിംഗപ്പൂരിലെത്തിയ ശേഷം ട്രെൻഡിയായിട്ടുള്ള വസ്ത്രങ്ങൾ വാങ്ങിക്കുന്നത് നിർത്തി. കാരണം അവിടുത്തെ കാലാവസ്ഥ എപ്പോഴും ഒരുപോലെ ആയിരിക്കും. ഹ്യുമിഡിറ്റിയുള്ള കാലാവസ്ഥയ്ക്ക് അനുയോജ്യമായ അഞ്ച് ജോഡി വസ്ത്രങ്ങൾ ഉണ്ടെങ്കിൽ സിംഗപ്പൂരിൽ സുഖമായി ജീവിക്കാമെന്ന് നേഹ പറയുന്നു. അതുപോലെ, അവിടുത്തെ ടാപ്പ് വെള്ളം നേരിട്ട് കുടിക്കാവുന്നത്ര ശുദ്ധമായതിനാൽ തന്നെ പുറത്തുനിന്നുള്ള കുപ്പിവെള്ളത്തിനായി പണം കളയേണ്ടി വരുന്നില്ല. മാത്രമല്ല, പൊതുഗതാഗത സൗകര്യം മികച്ചതായതിനാൽ ടാക്സികളെ ആശ്രയിക്കുന്നത് കുറഞ്ഞു. ആഴ്ചകളായി താൻ ഒരു ക്യാബ് പോലും ബുക്ക് ചെയ്തിട്ടില്ലെന്നും നേഹ വ്യക്തമാക്കുന്നു. ഇതൊന്നും കൂടാതെ വിലകൂടിയ സിറമുകളേക്കാൾ സിംഗപ്പൂരിലെ ഹ്യുമിഡിറ്റി തന്നെ ചർമ്മത്തിന് ഗുണം ചെയ്യുന്നുണ്ടെന്നും നേഹ പറയുന്നു.
സിംഗപ്പൂരിൽ ചെറിയ ബജറ്റിൽ തന്നെ നന്നായി ജീവിക്കാമെന്നാണ് നേഹ തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നത്. നിങ്ങൾ സിംഗപ്പൂരിലേക്ക് വരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ താൻ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിക്കാമെന്നും അത് നിങ്ങളുടെ പണം പാഴായി പോകാതെ സഹായിക്കും എന്നുമാണ് നേഹ പറയുന്നത്. നിരവധി പേരാണ് നേഹയുടെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. പലരും അവൾ പറയുന്നതിനെ അനുകൂലിക്കുകയാണ് ചെയ്തത്.
