വിമാനത്തിനുള്ളിൽ മാലിന്യം വലിച്ചെറിഞ്ഞ യാത്രക്കാരെ രൂക്ഷമായി വിമർശിച്ച് എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റൻഡന്റ്. വൻഷിക കടാരിയ എന്ന ജീവനക്കാരിയാണ് വിമാനത്തിലെ ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
യാത്ര കഴിഞ്ഞതിന് പിന്നാലെ വിമാനത്തിനുള്ളിൽ മാലിന്യം തള്ളിയ യാത്രക്കാരെ രൂക്ഷമായി വിമർശിച്ച് എയർ ഇന്ത്യ ഫ്ലൈറ്റ് അറ്റൻഡന്റ്. യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട ചില അടിസ്ഥാന മര്യാദകളുണ്ട്. അത് അവഗണിക്കരുതെന്നാണ് ഇവർ പറയുന്നത്. വൻഷിക കടാരിയ എന്ന ഫ്ലൈറ്റ് അറ്റൻഡന്റാണ് ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വിമാനം ലാൻഡ് ചെയ്ത ശേഷം സീറ്റുകൾക്കിടയിലും തറയിലുമായി പ്ലാസ്റ്റിക് കവറുകളും മറ്റ് മാലിന്യങ്ങളും ചിതറിക്കിടക്കുന്ന കാഴ്ചയാണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്.
'പ്രിയപ്പെട്ട യാത്രക്കാരെ, നിങ്ങൾക്ക് ഒരു ഫ്ലൈറ്റ് ടിക്കറ്റ് എടുക്കാൻ സാമ്പത്തിക ശേഷിയുണ്ടെങ്കിൽ, കുറച്ച് അടിസ്ഥാന മര്യാദകൾ കാണിക്കാനും നിങ്ങൾക്കാകും' എന്നാണ് വീഡിയോയ്ക്ക് മുകളിൽ എഴുതിയിരുന്നത്. 'ബ്രേക്കിംഗ് ന്യൂസ്: വിമാനം ലാൻഡ് ചെയ്തു, പക്ഷേ അടിസ്ഥാന മര്യാദകൾ മാത്രം വിമാനത്തിൽ കയറിയില്ല' എന്ന ക്യാപ്ഷനോടെയാണ് വൻഷിക ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തന്റെ പോസ്റ്റ് ആരെയും നാണംകെടുത്താൻ വേണ്ടിയുള്ളതല്ലെന്നും, യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധാലുക്കളാകാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുക മാത്രമാണ് തന്റെ ഈ പോസ്റ്റിലൂടെ ചെയ്യുന്നതെന്നും വൻഷിക കമന്റ് സെക്ഷനിൽ വ്യക്തമാക്കുന്നു.
'ഒരു ക്യാബിൻ ക്രൂ എന്ന നിലയിൽ, ഈ പോസ്റ്റ് ആരെയും നാണംകെടുത്താൻ വേണ്ടിയുള്ളതല്ല. എല്ലാ യാത്രക്കാരോടും ഒരു ചെറിയ അഭ്യർത്ഥന മാത്രം, നിങ്ങളുടെ പക്കൽ കവറുകളോ, കപ്പുകളോ, ടിഷ്യൂകളോ അല്ലെങ്കിൽ മറ്റെന്തെങ്കിലും മാലിന്യങ്ങളോ ഉണ്ടെങ്കിൽ, ദയവായി അത് ഒരുമിച്ച് സൂക്ഷിക്കുകക, മാലിന്യങ്ങൾ ശേഖരിക്കുന്ന സമയത്ത് ഞങ്ങൾക്ക് കൈമാറുക. നാമെല്ലാവരും പിന്തുടരേണ്ടതും നമ്മുടെ കുട്ടികളെ പഠിപ്പിക്കേണ്ടതുമായ ലളിതമായ മര്യാദകളാണിത്. കൂടാതെ, അടുത്ത സർവീസിനിടയിൽ ഞങ്ങളുടെ ക്ലീനിംഗ് സ്റ്റാഫിന് വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിക്കുന്നത്, അവർ കഠിനാധ്വാനം ചെയ്യുന്നുമുണ്ട്. നമ്മൾ ഒരല്പം ശ്രമിച്ചാൽ അവരുടെ ജോലി എളുപ്പമാകും. അത്തരം ആളുകളെ നമുക്ക് ബഹുമാനിക്കാം, ഒപ്പം ഈ പൊതുവിടം എല്ലാവർക്കുമായി വൃത്തിയുള്ളതും മനോഹരവുമായി സൂക്ഷിക്കാം' എന്നും വൻഷിക പറയുന്നു.
ആളുകളുടെ സിവിക് സെൻസില്ലായ്മയെ കുറിച്ചാണ് ആളുകൾ വ്യാപകമായി വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.
